ഏതു മഹാമാരി വന്നാലും ആദ്യമെത്തുന്ന താക്കീത് കൈകള്‍ കൈവൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. നിലവിലെ മഹാമാരിയ്ക്കുള്ള പ്രതിരോധപാഠങ്ങളിലും കൈകളുടെ ശുചിത്വമാണ് പ്രധാനം. പക്ഷേ ഭക്ഷണം കൈകൊണ്ട് കഴിക്കരുതെന്നു പറഞ്ഞാല്‍ അതു പാലിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്കു കഴിയും? സ്വാദറിഞ്ഞുണ്ണാന് കൈ തന്നെ വേണം. അന്ധമായി പലതും പിന്തുടര്ന്നാലും പാശ്ചാത്യരുടെ സ്പൂണ്‍ സംസ്ക്കാരം ഇപ്പോഴും അത്രയ്ക്കങ്ങ് സ്വീകാര്യമല്ല ഭാരതീയര്‍ക്ക്.
കൈകൊണ്ട് വാരിക്കഴിക്കുന്നത് പ്രാകൃതമല്ല, അതും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനുമുണ്ടൊരു ശാസ്ത്രം. ശാരീരികമായി ചെയ്യുന്ന കര്‍മങ്ങളില്‍ കൈ പരമപ്രധാന അവയവമാണ്. പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുകയാണ് നമ്മുടെ അഞ്ചു വിരലുകള്‍.
പെരുവിരല്‍ അഗ്നിയെ, ചൂണ്ടുവിരല്‍ വായുവിനെ, നടുവിരല്‍ ആകാശത്തെ, മോതിരവിരല്‍ ഭൂമിയെ, ചെറുവിരല്‍ ജലത്തെയും സൂചിപ്പിക്കുന്നു. കൈകൊണ്ട് ഭക്ഷിക്കുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങളുടെ ധര്‍മവും പക്വമായി നിറവേറ്റാനാകുന്നു. കഴിക്കാന്‍ പോകുന്നതെന്തെന്ന് വിരല്‍ കൊണ്ട് തൊട്ടറിയാം. അതിലെ പോഷകഗുണങ്ങളെന്തെന്ന് ദഹനേന്ദ്രിയങ്ങള്‍ക്ക് അപ്പോള്‍ തന്നെ സന്ദേശങ്ങള്‍ ലഭിക്കും. അതിനു പര്യാപ്തമായ ദഹനരസങ്ങള്‍ വൈകാതെ ഉത്പാദിപ്പിക്കപ്പെടും.
കൈകൊണ്ടു കഴിക്കുന്നതിലെ ശാസ്ത്രീയത എന്തെന്നു നോക്കാം. അത് ദഹനത്തെ ഉദ്ദീപിപ്പിക്കും. കൈപ്പത്തിയിലും വിരലുകളിലുമുള്ള ‘നോ ര്‍മല്‍ ഫ്ളോറ’ യെന്ന ബാക്ടീരിയയാണ് ഇതിന് സഹായിക്കുന്നത്. ഇവ ശരീരത്തെ അപായപ്പെടുത്തുന്നില്ല. പകരം അണുബാധയേല്‍ക്കാതെ സംരക്ഷിക്കുന്നു.
സ്പൂണ്‍ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്നതുമായി താരതമ്യം ചെയ്താല്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കാന്‍ കൈകള്ക്കാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കൈകൊണ്ട് കഴിക്കുന്നത് വൃത്തിയുടെ കാര്യത്തില്‍ ആരോഗ്യകരമല്ലെന്നാണ് പൊതുവേയുള്ള ധാരണ. അതും തെറ്റാണ്. കൈകള്‍ വൃത്തിയായി കഴുകിയാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. വീടിനു പുറത്ത് റസ്റ്റൊറന്റുകളിലും മറ്റും കഴിക്കാനെത്തുമ്പോള്‍ കോരിക്കഴിക്കാന്‍ തരുന്ന സ്പൂണുകള്‍ വൃത്തിയുള്ളവയെന്ന് എങ്ങനെ ഉറപ്പിക്കും? ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ഒരാള്‍ ഉപയോഗിച്ചതാണെങ്കില്, വൃത്തിയായി കഴുകിയില്ലെങ്കില്‍ നമ്മളും അസുഖബാധിതരായേക്കും.
വിദേശശരാജ്യങ്ങളിലെ ഇന്ത്യന്‍ റസ്റ്റൊറന്റുകള്‍ മിക്കതും അന്നാട്ടുകാരെ കൈകൊണ്ട് കഴിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. കഴിച്ചു മടങ്ങുന്നവരുടെ പ്രതികരണമാണ് രസകരം. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും ഭാഗഭാക്കാവുന്ന ഈ ‘ഭക്ഷണകല’ അവര്‍ക്ക് നന്നേ രസിക്കുന്നു. കൈകൊണ്ട് ആസ്വദിച്ചു കഴിക്കാന്‍ ഇനിയും വരാമെന്ന് അറിയിച്ചാണ് പലരുടേയും മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: