ന്യൂദല്‍ഹി: ലോകമൊട്ടാകെ 5000ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ബാധയെ നേരിടാന്‍ സാര്‍ക്ക് രാഷ്ട്രതലവന്മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊറോണ വൈറസ് ബാധയെ എതിരിടാനുള്ള ആഗോളനയം രൂപീകരിക്കാനാണ് സാര്‍ക് ലോകനേതാക്കള്‍ യോഗം ചേര്‍ന്നത്. കൊറോണയെ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ ചേര്‍ന്ന് അടിയന്തരധനസഹായ ഫണ്ട് രൂപീകരിക്കണമെന്നും, അതിനായി ഇന്ത്യ 10 മില്യണ്‍ യുഎസ് ഡോളര്‍ നല്കാന് തയ്യാറാണെന്നും മോദി അഭിപ്രായപ്പെട്ടു.
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ കുറവാണെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മോദി വ്യക്തമാക്കി. ‘ജാഗ്രത വേണം, ഭയം വേണ്ട’ ഇതാണ് കൊറോണയെ നേരിടാനുള്ള ഇന്ത്യയുടെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മാസം പകുതി മുതല്‍ രാജ്യത്തേക്ക് കടക്കുന്ന ജനങ്ങളെ നിരീക്ഷിച്ചു വരികയാണ്. വിമാനത്താവളങ്ങളില്‍ ഇതുവരെയായി 12,29,369 പേരെ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. യാത്രാ വേളകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പടിപടിയായുള്ള സമീപനം കൊണ്ട് മാത്രമെ കൊറോണയെ തുടര്‍ന്നുണ്ടായ ഭീതി ഒഴിവാക്കാനാകുകയുള്ളുവെന്നും മോദി ചൂണ്ടിക്കാട്ടി.
വിവിധ കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് 1,400 ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായും അയല്‍രാജ്യങ്ങളിലെ ചില പൗരന്മാരെ രക്ഷിച്ചതായും മോദി പരാമര്‍ശിച്ചു.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ, മാള്ഡീവിയന് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹ, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി, ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടെ ഷേറിങ്, ബംഗ്ലാദേശ് പ്രദാനമന്ത്രി ഷേഖ് ഹസീന, അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഖാനി, പാകിസ്ഥാന് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി സഫര്‍ മിര്‍സ എന്നിവരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: