നാഗര്‍കോവില്‍: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ 16 ജില്ലകളിലെ സിനിമ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും അടയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ തിയറ്ററുകളും മാളുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമി നിര്‍ദേശം നല്കി. സംസ്ഥാനത്തെ പ്രീ-കെജി, എല്‍കെജി, യുകെജി സ്കൂളുകള്‍ 31വരെ അടച്ചിടാനും തീരുമാനിച്ചു.
തേനി, കന്യാകുമാരി, തിരുപ്പൂര്‍, കോയമ്പത്തൂര്‍, നീലഗിരി, കൃഷ്ണഗിരി, തിരുനെല്‍വേലി, തെങ്കാശി, തിരുവള്ളൂര്‍, വെള്ളൂര്‍, തിരുപ്പറ്റൂര്, റാണിപേട്ട, ഈറോഡ്, ദിണ്ടിഗല്‍, ധര്‍മപുരി, വിരുദനഗര്‍ ജില്ലകളിലെ തിയറ്ററുകളും മാളുകളുമാണ് അടച്ചിടുന്നത്. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇതുവരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: