Categories: World

മരണം 50; അമേരിക്കയില്‍ അടിയന്തരാവസ്ഥ; വിസ കൂടിക്കാഴ്ചകള്‍ റദ്ദാക്കി

രോഗത്തിന്റെ പശ്ചാത്തലത്തില്‍ ബോസ്റ്റണ്‍ മാരത്തണ്‍ സപ്തംബര്‍ 14ലേക്ക് മാറ്റി. ലോകപ്രശസ്തമായ മാരത്തണ്‍ അടുത്ത മാസം 20നാണ് നടക്കേണ്ടിയിരുന്നത്.

Published by

ന്യൂയോര്‍ക്ക്: കൊറോണ പടരുന്ന സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു പുറമേ കൊറോണ വ്യാപനം തടയാനും  ചികിത്സയ്‌ക്കുമായി 50 ബില്ല്യന്‍ ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചു. രോഗം ബാധിച്ച് 50 പേര്‍ മരണമടഞ്ഞ അമേരിക്കയില്‍ രണ്ടായിരത്തിലേറെ പേര്‍ നിരീക്ഷണത്തില്‍.

രോഗത്തിന്റെ പശ്ചാത്തലത്തില്‍ ബോസ്റ്റണ്‍ മാരത്തണ്‍ സപ്തംബര്‍ 14ലേക്ക് മാറ്റി. ലോകപ്രശസ്തമായ മാരത്തണ്‍ അടുത്ത മാസം 20നാണ് നടക്കേണ്ടിയിരുന്നത്.

ഇന്ത്യയിലെ യുഎസ് എംബസിയും കോണ്‍സുലേറ്റുകളും മാര്‍ച്ച് 16 മുതല്‍ നടത്താനിരുന്ന വിസയ്‌ക്കുള്ള കൂടിക്കാഴ്ചകള്‍ റദ്ദാക്കി. യുഎസ് വിസ നല്‍കാനുള്ള അഭിമുഖങ്ങളാണ് റദ്ദാക്കിയത്. ഇവ എന്ന് നടത്തുമെന്ന് പിന്നീട് അറിയിക്കും.

ഇന്തോനേഷ്യയില്‍ സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. കൊറോണ ബാധിച്ച് നാലു പേര്‍ മരിച്ച ഇവിടെ 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രേറ്റര്‍ ചൈനയ്‌ക്ക് പുറത്തുള്ള ചെറുകിട വ്യാപാര സ്റ്റോറുകള്‍ 27 വരെ ആപ്പിള്‍ അടച്ചിടും.

മോദിയുടെ സഹായം തേടി  ഇസ്രായേല്‍

ഇസ്രായേലിലേക്ക് മാസ്‌ക്കുകളും മരുന്നുകളും കയറ്റി അയയ്‌ക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി. ഇന്ത്യയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇവ കയറ്റുമതി ചെയ്യുന്നത് കേന്ദ്രം വിലക്കിയിരുന്നു. എങ്കിലും ഇവ തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഇസ്രായേലിലേക്ക് ഇവ കയറ്റി അയയ്‌ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് മോദി അനുമതി നല്‍കണമെന്നുമാണ് നെതന്യാഹുവിന്റെ അഭ്യര്‍ഥന.

വിമാനങ്ങള്‍ റദ്ദാക്കി സൗദി

റിയാദ്: രണ്ടാഴ്ചത്തേക്ക് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കി. ഇന്ന് വിലക്ക് പ്രാബല്യത്തില്‍ വരും. വിദേശത്തുള്ള, സൗദിയിലേക്ക് മടങ്ങിവരാന്‍ കഴിയാത്തവര്‍ക്ക് ഈ സമയം പ്രത്യേക അവധിയായും പ്രഖ്യാപിച്ചു.

അനുസ്മരണം റദ്ദാക്കി  ന്യൂസിലന്‍ഡ്  

51 പേരുടെ ജീവനെടുത്ത ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന്റെ വാര്‍ഷിക അനുസ്മരണം ന്യൂസിലന്‍ഡ് റദ്ദാക്കി. ആയിരങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് ഇന്നാണ് നടക്കേണ്ടിയിരുന്നത്.

കൊറിയയില്‍ 107 പേര്‍ക്ക്  രോഗബാധ

72 പേര്‍ മരിച്ച ദക്ഷിണ കൊറിയയില്‍ 107 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ, ഇവിടെ രോഗബാധിതരുടെ എണ്ണം 8086 ആയി.

കാനഡയില്‍ പാര്‍ലമെന്റ് അടച്ചു; പ്രധാനമന്ത്രി ക്വാറന്റൈനില്‍

ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ക്വാറന്റൈനില്‍. രോഗം പടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് അടച്ചു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് കാനഡ നിര്‍ദ്ദേശിച്ചു.

മരണം 5438; സ്‌പെയ്‌നിലും ഇറ്റലിയിലും സ്ഥിതി വഷളാകുന്നു

മാഡ്രിഡ്: കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 5438 ആയി. ചൈനയില്‍ 3189 പേരാണ് മരിച്ചത്. രണ്ടാമതുള്ള ഇറ്റലിയില്‍ 1266 പേരും. എന്നാല്‍, സ്ഥിതി വഷളാകുന്നത് സ്‌പെയ്‌നിലും ഇറ്റലിയിലും ഇറാനിലുമാണ്. കഴിഞ്ഞ ദിവസം വരെ 86 മരണം രേഖപ്പെടുത്തിയ സ്‌പെയിനില്‍  ഇന്നലെയോടെ മരിച്ചവരുടെ എണ്ണം 133 ആയി. ഇറാനില്‍ 611 പേരും ദക്ഷിണ കൊറിയയില്‍ 72 പേരും ഫ്രാന്‍സില്‍ 70 പേരും മരിച്ചു. ലോകത്തൊട്ടാകെ 1,45,816 പേര്‍ക്കാണ് രോഗബാധ.

ഇറ്റലിയില്‍ ഇന്നലെ ഒരൊറ്റ ദിവസം മാ്രതം 250 പേരാണ് മരിച്ചത്. ഇറാനില്‍ വെള്ളിയാഴ്ച വരെ 429 പേരാണ് മരിച്ചത്. ഇന്നലെ ഇത് 611 ആയി, ഒരു ദിവസം കൊണ്ട് മരിച്ചത് 182 പേര്‍.

പരിശോധനയ്‌ക്ക്  തയാറെന്ന് ട്രംപ്

വാഷിങ്ടണ്‍: കഴിവതും വേഗം കൊറോണ പരിശോധനയ്‌ക്ക് വിധേയമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  കഴിഞ്ഞ ആഴ്ച ട്രംപിനും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമൊപ്പം യോഗത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ പ്രതിനിധിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ തീരുമാനം. എന്നാല്‍, രോഗം സ്ഥിരീകരിച്ചയാളുമായി വളരെ കുറച്ച് സമയം മാത്രമാണ് ചെലവഴിച്ചതെന്നും തനിക്ക് കൊറോണ ബാധയുണ്ടാകാനുള്ള സാധ്യതയില്ലെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.  

ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബെല്‍സനാറോയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹവും ശനിയാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  

സാര്‍ക്ക്: മോദിക്കു പിന്നാലെ  പാക്കിസ്ഥാനും

ഇസ്ലാമാബാദ്: കൊറോണ കൈകാര്യം ചെയ്യാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പാക്കിസ്ഥാനും. ഈ ആവശ്യം പ്രധാനമ്രന്തി നരേന്ദ്ര മോദിയും ഉന്നയിച്ചിരുന്നു. സാര്‍ക്ക് രാജ്യങ്ങള്‍ സംയോജിച്ച് വൈറസ് ബാധ നേരിടാന്‍ ശ്രമിക്കണമെന്നും ഇതിന് നടപടി വേണമെന്നുമാണ് പാക് ആവശ്യവും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിഷയം ചര്‍ച്ച ചെയ്ത് നടപടി വേണമെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെയും ആവശ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by