ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്നു വന്ന 12 ലക്ഷം യാത്രക്കാരെ ഇതിനകം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. രാജ്യത്തെ മുപ്പതിലേറെ വിമാനത്താവളങ്ങളിലായിട്ടായിരുന്നു പരിശോധന. രാജ്യമൊട്ടാകെ മിക്കയിടങ്ങളിലും സ്കൂളുകളും കോളേജുകളും തിയെറ്ററുകളും ഷോപ്പിങ്മാളുകളും അടച്ചു. യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.
സ്കൂളുകളും കോളേജുകളും അടച്ചുരാജസ്ഥാനിലും ഹിമാചല്‍ പ്രദേശിലും സ്കൂളുകളും ജിംനേഷ്യങ്ങളും സിനിമാ തിയെറ്ററുകളും അങ്കണവാടികളും മാര്‍ച്ച് 31 വരെ അടച്ചു. ബംഗാളില്‍ കോളേജുകളും അടച്ചു. മാര്‍ച്ച് 18ന് നടക്കേണ്ടിയിരുന്ന, ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷം മാറ്റി.
ആന്ധ്രയില്‍ 102 പേരെ ‘കാണാനില്ല’
വിജയവാഡ: കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നു വന്ന 102 പേര്‍ക്കായി ആന്ധ്ര ആരോഗ്യ വകുപ്പിന്റെ വ്യാപക തെരച്ചില്‍. ദിവസങ്ങളായി തെരച്ചില്‍ ആരംഭിച്ചിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല.
ആന്ധ്രാപ്രദേശിലെ 666 പേര് സമീപകാലത്ത് കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരാണ്. ഇവരില്‍ 102 പേരെയാണ് ഇനിയും കെണ്ടത്താന്‍ കഴിയാത്തത്. കണ്ടെത്തിയവരില്‍ 564 പേരെ നിരീക്ഷണത്തിലാക്കി. ഇവരില്‍ 233 പേര് 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗമില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയച്ചു. ബാക്കി 331 പേര് നിരീക്ഷണത്തിലാണ്.
വഴക്ക് മൂത്തു; മാസ്ക്ക് വില്‍പ്പന നിര്‍ത്തി
ന്യൂദല്‍ഹി: ദല്‍ഹിയില്‍ എന്‍ 95 മാസ്ക്കുകളുടെ വില്‍പ്പന നിര്‍ത്തിവച്ചു. ഇത്തരം മുന്തിയ ഇനം മാസ്ക്കുകള്‍ക്ക് കൂടിയ വിലയാണ്. ഇവയ്ക്ക് വില കൂട്ടി ചോദിക്കുമ്പോള്‍ ജനങ്ങള്‍ രോഷാകുലരായി പ്രതികരിക്കുന്നു. വില കൂട്ടി വിറ്റുവെന്ന് പറഞ്ഞാണ് വഴക്ക്. ഈ സാഹചര്യത്തിലാണ് ഇത്തരം മാസ്ക്കുകളുടെ വില്‍പ്പന നിര്‍ത്തിയത്, മെഡിക്കല്‍ ഷോപ്പുകാര്‍ പറയുന്നു.
യൂണിവേഴ്സിറ്റികള്‍ അടച്ചു
അലിഗഢ് മുസ്ലിം സര്‍വകലാശാല മാര്‍ച്ച് 22 വരെ അടച്ചു. അതേസമയം, പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. ദല്‍ഹി ഐഐടി മാര്‍ച്ച് 16 മുതല്‍ അടയ്ക്കും. വിദ്യാര്‍ഥികളോട് ഹോസ്റ്റലില്‍ നിന്ന് മാറാനും നിര്‍ദ്ദേശിച്ചു. ജെഎന്‍യുവും മാര്‍ച്ച് 31 വരെ അടച്ചു. ബെംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയും അടച്ചു.
ഇന്‍ഫോസിസ് ഓഫീസ് അടച്ചു
ബെംഗളൂരുവിലെ ഇന്‍ഫോസിസിന്റെ ഒരു ഓഫീസ് അടച്ചു. ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണിത്. വിശാലമായ ക്യാമ്പസിലെ നിരവധി ഓഫീസുകളില്‍ ഒന്നാണിത്. ഇവിടുത്തെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദ്ദേശം.
മഹാരാഷ്ട്രയില്‍ 19
മഹാരാഷ്ട്രയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 19 ആയി.
സുപ്രീംകോടതി ബെഞ്ചുകള്‍ ആറാക്കി
ന്യൂദല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ 15 ബെഞ്ചുകള്‍ക്കു പകരം ആറു ബെഞ്ചുകള്‍ മാത്രമേ കേസുകള്‍ പരിഗണിക്കൂ. അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ എടുക്കൂ. അഭിഭാഷകര്‍ ഒഴികെ മറ്റാരെയും കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: