പത്തനംതിട്ട: മീനമാസപൂജകള്ക്ക് ശബരിമല ശ്രീധര്‍മ്മശാസ്താ നട തുറന്നെങ്കിലും ഭക്തരുടെ തിരക്ക് കാര്യമായി അനുഭവപ്പെട്ടില്ല. കൊറോണ വൈറസ് ബാധാ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഭക്തര്‍ ശബരിമല ക്ഷേത്രത്തിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ച് തീര്‍ത്ഥാടകര്‍ മാത്രമാണ് ദര്‍ശനത്തിനെത്തിയത്.
മലയാളി തീര്‍ത്ഥാടകര്‍ വളരെ കുറച്ചു മാത്രമാണെത്തുന്നത്. കര്‍ണാടകം, തെലങ്കാന തുടങ്ങിയ ഇതര സംസ്ഥാനത്ത് നിന്ന് പതിവ് പോലെ അയ്യപ്പ ഭക്തരെത്തി. പമ്പയിലെത്തിയ തീര്‍ത്ഥാടകരെ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് മലകയറാന്‍ അനുവദിച്ചത്. പമ്പയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിരിക്കുന്നതിന് സമീപമാണ് പരിശോധന. മൂന്നു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 2513 പേരെ പരിശോധിച്ചതില്‍ കര്‍ണാടക സ്വദേശിയായ ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചു. ഇയാളെ വിദഗ്ധ പരിശോധനയ്ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു.
ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാനുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടില്ല. അന്നദാനവും കുടിവെള്ള വിതരണവും വിലക്കിയിരുന്നു. അതിനാല്‍ സന്നിധാനത്ത് എത്തിയ നാമമാത്രമായ ഭക്തര്‍ ദര്‍ശനശേഷം പെട്ടെന്ന് മലയിറങ്ങി. അപ്പം, അരവണ കൗണ്ടറുകളും പ്രവര്‍ത്തിച്ചില്ല.
അയ്യപ്പസന്നിധിയില്‍ തന്ത്രി കണ്ഠര്മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം നടന്നു. മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ബ്രഹ്മരക്ഷസ് പൂജയും നടന്നു. വിശേഷാല്‍ പൂജകളൊന്നും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: