ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ കൂടുതല്‍ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കൊറോണ വ്യാപനത്തെ ദുരന്തമായി (നോട്ടിഫൈഡ് ഡിസാസ്റ്റര്‍) പ്രഖ്യാപിച്ചു. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാകും. ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണ ഫണ്ടിന്റെ വലിയൊരു പങ്ക് സംസ്ഥാനങ്ങള്‍ക്ക് അടിയന്തര കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
കൊറോണ രോഗികളുടെ മുഴുവന്‍ ചികിത്സയ്ക്കും ആവശ്യമായി വരുന്ന തുക ഓരോ സംസ്ഥാനവും നിശ്ചയിക്കുന്ന പ്രകാരം ഫണ്ടില്‍ നിന്ന് വിനിയോഗിക്കാം. കൊറോണ സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഭക്ഷണം, വസ്ത്രം, മരുന്ന്, ചികിത്സാ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഫണ്ടിന്റെ ഇരുപത്തിയഞ്ച് ശതമാനം വരെ വിനിയോഗിക്കാം.
രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും സ്രവങ്ങള്‍ ശേഖരിക്കാനും പരിശോധിക്കാനും ലാബുകളോ ഉപകരണങ്ങളോ അടിയന്തരമായി സജ്ജീകരിക്കാനും ഫണ്ടിന്റെ പത്ത് ശതമാനം വരെ വിനിയോഗിക്കാമെന്നും കത്തിനൊപ്പം പുറത്തുവിട്ട പട്ടികയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ദേശീയ ആരോഗ്യ മിഷന്റെ സഹായവും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
ഇതുവരെ രണ്ടു പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെവരെ 84 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പതിനേഴ് പേര് വിദേശികളാണ്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച പത്തു പേര്‍ക്ക് പൂര്‍ണമായി ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: