ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം എന്ന ഈ പരമ്പര ഭാരതീയമായ ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രപശ്ചാത്തലം,ഉത്ഭവവികാസപരിണാമങ്ങള്‍, അവയുടെ ഓരോന്നിന്റെയും ഏകദേശരൂപം, ഓരോന്നിന്റെയും പ്രത്യേകം പ്രത്യേകം ആയുള്ള ആശയാടിത്തറകള്‍, അവയ്‌ക്കനുസൃതങ്ങളായ വ്യത്യസ്തചര്യാക്രമങ്ങള്‍, അവയെ എല്ലാം ഒരുമിപ്പിക്കുന്ന പൊതുചട്ടക്കൂടും വീക്ഷണപരമായ പൊതുഅടിത്തറയും എന്നിങ്ങനെയുള്ള വിവിധവശങ്ങളുടെ ഒരു ലഘുപരിചയം എന്ന നിലക്കു തയ്യാറാക്കിയതാണ്. വ്യക്തികുടുംബസമൂഹമെന്ന മനുഷ്യന്റെ ത്രിതലജീവിതത്തിന്റെ, തലമുറകളിലൂടെയുള്ള സുഗമമായ ഒഴുക്കിന് ഭരണവ്യവസ്ഥ, നീതിന്യായവ്യവസ്ഥ തുടങ്ങിയവയെപ്പോലെ ആചാരാനുഷ്ഠാനങ്ങളും അവശ്യഘടകങ്ങളാണ് എന്നാണ് ആധുനികമനശ്ശാസ്ത്രത്തിന്റെ വിവിധതലങ്ങളിലുള്ള ഗവേഷണപഠനങ്ങളുടെ നിഗമനം. ആ നിലക്ക് ഇത്തരമൊരു പഠനത്തിനു പ്രാധാന്യമുണ്ട്. ഓരോ സമൂഹവും ഉരുത്തിരിഞ്ഞത് വ്യത്യസ്തസാഹചര്യങ്ങളിലാണ് . സാഹചര്യങ്ങളിലെ ഈ വ്യത്യസ്തത ഭൂമിശാസ്ത്രം, കാലാവസ്ഥ, രാജനീതി,സാമ്പത്തികം, ജീവിതവീക്ഷണം എന്നിങ്ങനെ പലതാണ്. അതിനാല്‍ ഓരോ സമൂഹത്തി്‌നും അതാതിന്റേതായ തനിമയും കൈവന്നു. ആചാരാനുഷ്ഠാനങ്ങളുള്‍പ്പടെയുള്ള ജീവിതതലങ്ങളില്‍ ഈ തനിമയെ ഉള്‍ക്കൊണ്ടു ജീവിക്കുമ്പോഴേ അതാതു സമൂഹത്തിലെ ജനങ്ങള്‍ക്ക് സാഫല്യം അനുഭവപ്പെടുകയുള്ളു എന്നത് ഒരു മനശ്ശാസ്ത്രസത്യമാണ്. യാത്രക്കും വിവരകൈമാറ്റത്തിനും മറ്റും ഇന്നുള്ള ഉപാധികള്‍ ദൂരവും സമയവും വളരെ വളരെ കുറച്ചിരിക്കുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ലോകഗ്രാമം (global village) എന്ന ആശയം ചിലര്‍ മുന്നോട്ടു വെക്കുകയും ചെയ്യുന്നു. പക്ഷേ അതാതുസമൂഹങ്ങള്‍ക്ക് ഇന്നും അവരവരുടെ സാമ്പത്തികവും സാംസ്‌കാരികവും മറ്റുമായ സ്വാതന്ത്ര്യവും തനിമയും നിലനിര്‍ത്തിക്കൊണ്ടുള്ള പരസ്പരസഹകരണം എന്ന ആശയത്തോടാണ് കൂടുതല്‍ ആഭിമുഖ്യം എന്നു കാണാം. അതിനാലുംആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള അറിവ് അതാതു സമൂഹത്തിന് ആവശ്യമാണെന്നു വരുന്നു.മറ്റൊരു തരത്തിലും ഈ വിഷയത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനം പ്രസക്തമാണ്. ഹിന്ദുക്കള്‍ തലമുറകളായി ഭാരതത്തിലെമ്പാടും വ്യക്തി, കുടുംബ, സമൂഹതലങ്ങളില്‍ മുറതെറ്റാതെ നടത്തിവരുന്ന ഓരോരോ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്നില്‍ ഒരു വിശ്വാസമോ, സംഭവമോ, ആശയമോ, അനുഭവമോ അടിസ്ഥാനമായി ഉണ്ടാകും. കാലക്രമത്തില്‍ ഈ അടിസ്ഥാനതത്വം പലപ്പോഴും വിസ്മൃതമാകും. യഥാര്‍ത്ഥഅടിസ്ഥാനത്തിനു പകരം ചിലപ്പോള്‍ മറ്റൊന്നു കയറിക്കൂടി എന്നും വരാം. കാലഘട്ടത്തിനനുസരിച്ചു ബാഹ്യരൂപങ്ങള്‍ക്കു പരിഷ്‌കാരം ആവശ്യമായി വരുമ്പോഴാണ് ഈ മറവിയും പകരം വെക്കലും എല്ലാം അഭിപ്രായഭേദങ്ങളും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നത്. പഴകിപ്പതിഞ്ഞത് എന്നതുകൊണ്ടും അനിവാര്യമല്ലാത്തതിനേയും ഇടക്കു കയറിക്കൂടിയതിനേയും അടിസ്ഥാനപരമായി തെറ്റായതിനേയും വിരുദ്ധങ്ങളായവയേയും ആചരിക്കാനും അനുഷ്ഠിക്കാനും നാം മുതിരുന്നതായും കാണാം. ശബരിമലയിലും മറ്റും ഈ അടുത്ത കാലത്തുണ്ടായ ആശയക്കുഴപ്പങ്ങള്‍ ഇതിനു ദൃഷ്ടാന്തങ്ങളാണ്. ഇവിടെയാണ് ഓരോ ആചാരാനുഷ്ഠാനവും അതാതിനു പ്രത്യേകമായും ഹിന്ദു ഉപബോധ (psyche) ത്തിനു പൊതുവായും ഉള്ള വിശ്വാസസംഭവ ആശയ അനുഭവപരമായ അടിത്തറയുമായി ഏതു തരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്, അതായത് ആ ബന്ധത്തിന്റെ യുക്തി എന്താണ്, എന്നത് പ്രസക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: