‘പാടപ്പെടുന്നത് ഗീതം’ എന്നാണ് ഗീതത്തെക്കുറിച്ച് ചതുര്‍ദണ്ഡി പ്രകാശികയില്‍ വെങ്കിടമഖി പറഞ്ഞിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സാളഗസൂഡം എന്ന ഗാനങ്ങള്‍ക്കാണ് ഗീതം എന്ന് പറഞ്ഞിരുന്നത്. ‘സൂഡം’ എന്നതിന് ഗീതം എന്നും സാളഗ എന്നതിന് ഛായാലഗം എന്നും അര്‍ത്ഥം. സാളഗസൂഡത്തിന് ഏഴുഭേദങ്ങളുണ്ട്. ഇതു തന്നെയാണ് ഏഴ് ഗീതഭേദങ്ങളും. ഈ ഏഴു സാളഗസൂഡത്തിനും വെങ്കിടമഖി ലക്ഷണം പറയുന്നുണ്ട്. ആധുനീകഗീതങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ സംഗീതത്തിന്റെ ജീവനാഡിയാണ് ഗീതം. ഗീതങ്ങളില്‍ക്കൂടിയാണ് രാഗസ്വരൂപം മനസ്സിലാക്കാന്‍ കഴിയുന്നത്. ഗീതത്തിന്റെസ്വരംവളരെലളിതമായിരിക്കും. പ്രയാസമുള്ള സംഗതികളോ, വക്രപ്രയോഗങ്ങളോ ഒന്നും ഗീതത്തില്‍ കാണുകയില്ല. ഗീതങ്ങള്‍ ലക്ഷ്യഗീതം, ലക്ഷണഗീതം എന്നിങ്ങനെ രണ്ടുതരമുണ്ട്. ലക്ഷ്യഗീതത്തെ സാധാരണ ഗീതം, സാമാന്യഗീതം, സഞ്ചാരിഗീതം, സ്തുതിഗീതം എന്നിങ്ങനെ പറയുന്നു. ലക്ഷ്യഗീതം എന്നത് ഈശ്വരസ്തുതിപരവും, രാഗഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ലക്ഷണഗീതത്തില്‍ ആഗീതത്തിന്റെ രാഗം, ഗ്രഹം, സ്വരം, ന്യാസസ്വരം, അംശസ്വരം, ആരോഹണം, അവരോഹണം, സഞ്ചാരം തുടങ്ങി ഒരു ഗീതത്തിന്റെ എല്ലാ ലക്ഷണങ്ങളും അതില്‍ പ്രതിപാദിക്കുന്നു. പുരന്ദരദാസര്‍, ഗോവിന്ദ ദീക്ഷിതര്‍, വെങ്കിടമഖി മുതലായ പ്രമുഖ രചയിതാക്കള്‍ കര്‍ണ്ണാടക സംഗീതത്തില്‍ ഗീതങ്ങള്‍ രചിച്ചിട്ടുണ്ട്. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ ഘനരാഗ ഗീതങ്ങളും രചിച്ചിട്ടുണ്ട്.
നൃത്തത്തിന് വേണ്ടി രചിച്ചിട്ടുള്ള സംഗീത രൂപങ്ങളാണ് സ്വരജതികളും, ജതിസ്വരങ്ങളും. സ്വരജതികള്‍ക്ക് പ്രാചീന ഗ്രന്ഥങ്ങളില്‍ ലക്ഷണം കാണുന്നില്ല. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം എന്നീ അംഗങ്ങള്‍ കാണുന്നു. ഈശ്വരാരാധനാ പരമായതോ, ശൃംഗാരപ്രദമായതോ ആയ വിഷയങ്ങളായിരിക്കും ഇതിന്റെ സാഹിത്യം. ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍, ചിന്നി കൃഷ്ണദാസര് മുതലായവര്‍ സ്വരാജതികള് രചിച്ചിട്ടുണ്ട്. ഭൈരവി, യദുകുലകാംബോജി, തോടി എന്നീ രാഗങ്ങളില്‍ ശ്യാമശാസ്ത്രികള്‍ രചിച്ച സ്വരജതികള്‍ വളെര പ്രശസ്തമാണ്.
ജതിസ്വരത്തില്‍ ധാതു സ്വരജതിയിലേതുപോലെയാണെങ്കിലും സാഹിത്യം ഉണ്ടാവില്ല. ഇതിനു സ്വരപല്ലവിയെന്നും പറയുന്നു. വര്‍ണ്ണങ്ങള്‍, ചൗക്കവര്‍ണ്ണം, പദവര്‍ണ്ണം, താനവര്‍ണ്ണം, ദരുവര്‍ണ്ണം എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെടുന്നു. വര്‍ണ്ണങ്ങളില്‍ രാഗഭാവം തുളുമ്പുന്ന പ്രത്യേകം പ്രയോഗങ്ങളും വിശേഷസഞ്ചാരങ്ങളും ഉണ്ട്. (നാളെ: കീര്‍ത്തനങ്ങളിലെ ഭക്തി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: