കേരളത്തില്‍ എന്ത് പ്രശ്നമുണ്ടായാലും അതില്‍ രാഷ്ട്രീയം കടന്നു വന്നേ തീരൂവെന്ന അവസ്ഥ പുതിയകാര്യമല്ല. വെള്ളപ്പൊക്കവും പ്രകൃതി ക്ഷോഭവുമൊക്കെ സംഹാര താണ്ഡവമാടുമ്പോഴും ജീവിതത്തോട് മല്ലടിച്ചിരുന്നവരെ രക്ഷിക്കുന്നതിന് പകരം രാഷ്ട്രീയ ഭിന്നതകള്‍ ചര്‍ച്ചചെയ്തവരെ നാം കണ്ടിട്ടുണ്ട്. എന്തിനെയും എതിര്‍ക്കുക, എന്തിനെയും അധിക്ഷേപിക്കുക എന്നത് ഒരു ‘മലയാളി സ്പെഷ്യാലിറ്റി’ ആയി മാറിയിരിക്കുന്നു. പൗരത്വ നിയമ ഭേദഗതി ഉണ്ടായപ്പോള്‍, അത് ആരെയും ബാധിക്കുന്നതല്ലെങ്കിലും, ചിലരെല്ലാം സൃഷ്ടിച്ച പ്രകോപനം അറിയാമല്ലോ. അവസാനം കപില്‍ സിബലിനെപ്പോലുള്ള ഒരു വക്കീല്‍ സത്യം പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞതും നാം കേട്ടു. ഇപ്പോഴിതാ, കോവിഡ് 19 നമ്മെ കെട്ടിവരിയുമ്പോഴും കുറെപ്പേര്‍ക്ക് ചിന്ത രാഷ്ട്രീയം തന്നെ. വൈറസ് ബാധയടക്കമുള്ള പ്രശ്നങ്ങളില്‍ ഒരു ഭരണകൂടവും നൂറു ശതമാനം കൃത്യമായിട്ടാവില്ല നടപടികള്‍ സ്വീകരിച്ചത്. പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍, വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അത് ചര്‍ച്ചചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് ശ്രമിക്കുന്നത് ഗുണകരമല്ല. സര്‍വരും ഒറ്റമനസോടെ ഒന്നിച്ചുനിന്ന് മഹാമാരിയെ നേരിടേണ്ടതുണ്ട്. ബാക്കി പിന്നീട് വിശകലനം ചെയ്യാം.
ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ കോവിഡ് പ്രശ്നത്തില്‍ നിത്യേന വാര്‍ത്താസമ്മേളനം നടത്തുന്നു, മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കാന് ശ്രമിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചതാണ്. അദ്ദേഹം നിയമസഭയിലും ഇക്കാര്യം ആവര്‍ത്തിച്ചു. ഒരുകാര്യം സൂചിപ്പിക്കട്ടെ, ഈ സര്‍ക്കാരിനെ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കുന്ന രാഷ്ട്രീയ മനസ്സുള്ള ഒരാളല്ല ഞാന്‍. പക്ഷെ ഇത്തരമൊരു പ്രതിസന്ധിക്ക് മുന്നില്‍ നാം നില്ക്കുമ്പോള് ആരോഗ്യ മന്ത്രിയോ മുഖ്യമന്ത്രിയോ നേരിട്ട് വിശദീകരിക്കാന്‍ തയാറാവുന്നതിനെ എന്തിനാണെതിര്‍ക്കുന്നത്. അവര്‍ അവരുടെ ചുമതലയാണ് ചെയ്യുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട കടമ അവര്‍ ചെയ്യുന്നു എന്നതാണ് എന്റെ നിലപാട്. പിണറായി വിജയനെയും ശൈലജ ടീച്ചറെയും വിമര്‍ശിക്കാന്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ടല്ലോ.
രാഷ്ട്രീയ വൈരം പ്രതിസന്ധി ഘട്ടത്തില്‍ വേണ്ട
ഇറ്റലിയില്‍ നിന്ന് വന്നവര്‍ ആരെയും അറിയിക്കാതിരുന്നതാണ് ഒരു പ്രധാന പ്രശ്നം. അത് സംബന്ധിച്ച വിശദീകരണങ്ങള്‍ കേട്ടുകഴിഞ്ഞു. വിമാനത്താവളത്തില്‍ ആരോടും പറയാതെ മുങ്ങുകയായിരുന്നു എന്നതാണ് വിശദീകരണം. ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്ന വിവരം മറച്ചുവെച്ചു. അതുണ്ടാക്കിയ ഭീതി ചെറുതല്ല. മറ്റൊന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടു വിദേശികള്‍ക്ക് രക്ഷപ്പെടാനായതാണ്. അത് ഗുരുതരമായ വീഴ്ചയാണല്ലോ. ഒരു പ്രദേശം മുഴുവന്‍ ഞെട്ടി വിറങ്ങലിക്കുന്നത് ഇതിനിടയില്‍ കേരളം കണ്ടു. അതൊക്കെ പരിശോധിക്കേണ്ടതു തന്നെ. പക്ഷെ ഇപ്പോള്‍ മുതിരുന്നത് ശരിയാണോ എന്നതാണ് ചോദ്യം. ഇപ്പോള്‍ ചിന്തിക്കേണ്ടത് എങ്ങനെ ഇതില്‍നിന്ന് കരകയറാം എന്നാണ്. നമ്മള് എല്ലാ പൊതുപരിപാടികളും വേണ്ടെന്ന് വെച്ചതോര്ക്കുക. നിയമസഭാ സമ്മേളനും വെട്ടിച്ചുരുക്കി. വിവാഹങ്ങള്‍, ക്ഷേത്രോത്സവങ്ങള്‍, വെള്ളിയാഴ്ചകളിലെ മുസ്ലിം ദേവാലയത്തിലെ പ്രാര്‍ഥനകള്‍, പള്ളികളിലെ പ്രാര്‍ഥനകള്‍ എല്ലാം നിയന്ത്രണ വിധേയമാക്കി. ബെംഗളൂരുവില്‍ തുടങ്ങേണ്ടിയിരുന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ സമ്മേളനം മാറ്റിവെച്ചു. ജനങ്ങള്‍ വീടിനുള്ളിലേക്ക് സ്വയം വലിയാന്‍ ശ്രമിക്കുമ്പോള്‍ എന്തിനാണ് രാഷ്ട്രീയ-വിവാദ കോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്?
ഇത് കോണ്‍ഗ്രസുകാരുടെ മാത്രം ശൈലിയാണെന്ന് പറഞ്ഞുകൂടാ. സിപിഎമ്മും മുന്‍പ് ചെയ്തിട്ടുണ്ട്. പലപ്പോഴും അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ സിപിഎമ്മും കൂടെപ്പോയി നിന്നിട്ടുണ്ട്. കേന്ദ്ര-ബിജെപി വിരുദ്ധ സമരങ്ങളുടെ കഥ അതാണ്. വെറും ഊഹാപോഹങ്ങളുടെ പേരില്‍ പോലും രാഷ്ട്രീയക്കളി അവര്‍ എത്രയോ കളിച്ചു. രാഹുല്‍ ഗാന്ധി എന്തൊക്കെ ചെയ്തിരിക്കുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ സൈനികരുടെ മനസ്സ് തളര്‍ത്താന്‍ കള്ള ആരോപണം ഉന്നയിച്ചതോര്ക്കുക. അതിന്റെ പേരില്‍ സൈനിക മേധാവിയെയും അന്ന് കോണ്‍ഗ്രസ് വേട്ടയാടി. ഒരു യുദ്ധം നടക്കുന്ന വേളയിലാണ് ഇത്തരം പ്രവര്‍ത്തികള്‍. അവസാനം സിഎജി അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ എന്താണ് കണ്ടത്? സര്‍വ്വതും സംശുദ്ധമായിരുന്നു, സുതാര്യമായിരുന്നു എന്നതല്ലേ.
ഡോക് ലാം പ്രശ്നം തലയുയര്‍ത്തി നില്ക്കുമ്പോള്, ചൈന ഇന്ത്യക്കെതിരെ സൈനിക വിന്യാസം നടത്തിയപ്പോള്‍, ചൈനീസ് എംബസിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത് രാഹുല്‍ ഗാന്ധിയല്ലെ? എന്തിനാണ് അതിനദ്ദേഹം തയാറായത്? ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറാവുമ്പോള്‍ പ്രതിപക്ഷ നേതാവ് എന്തിനാണ് ശത്രുപക്ഷത്ത് പോയത്? പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതികരിച്ചത് അടുത്തകാലത്തുണ്ടായ കാര്യമാണ്. ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നടത്താന്‍ ഇന്ത്യന്‍ സേന തയാറായപ്പോള്‍ ഇതേ കൂട്ടര് എന്തൊക്കെ വൃത്തികേടാണ് ചെയ്തതെന്നതും ഇന്ത്യയുടെ മുന്നിലുണ്ട്. ഇവിടെ പിണറായി വിജയനും ശൈലജ ടീച്ചറും ഓര്‍ക്കേണ്ടത് ഇത്തരം സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശവിരുദ്ധതക്ക് ചൂട്ട് പിടിച്ചവരാണ് സിപിഎമ്മുകാരും എന്നതാണ്. സീതാറാം യെച്ചൂരിയും മറ്റും കോണ്‍ഗ്രസിന്റെ വാലായി നടന്ന് ഇതൊക്കെ ചെയ്യുന്നതും നാം കണ്ടിട്ടുണ്ട്. ഇത്തരം ഹീന രാഷ്ട്രീയത്തിന് കോണ്‍ഗ്രസിന് താങ്ങും തണലുമായിട്ടുള്ളത് സിപിഎമ്മാണ്. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് അതെ സമ്പ്രദായം ഉപയോഗിച്ച് പിണറായിയെ വേട്ടയാടാന്‍ ശ്രമിക്കുന്നു.
കോവിഡ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഉന്നയിച്ച ആക്ഷേപം വൈറസ് പരിശോധിക്കാന്‍ സൗകര്യങ്ങളില്ലെന്നതാണ്. യുപിഎ കാലഘട്ടത്തില്‍ ആകെ രാജ്യത്തുണ്ടായിരുന്നത് പൂനയിലെ നാഷണല്‍ ഇന്സ്ടിട്യൂറ്റ് ഓഫ് വൈറോളജി (എന്‍ഐവി) മാത്രമാണ്. ഇന്നിപ്പോള്‍ 52 എണ്ണം അതിനായി സജ്ജമായിരിക്കുന്നു. അടുത്തദിവസങ്ങളില്‍ കുറെയെണ്ണം കൂടി അതിനായി ഒരുക്കപ്പെടും. ഇതിനുപുറമെ സാമ്പിള്‍ സ്വീകരിക്കാന്‍ ഏതാണ്ട് 56 സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. സോണിയ ഗാന്ധിയുടെ ഇറ്റലിയിലേക്ക് പോലും ഡോക്ടര്‍മാര്‍ പോയി. ഇന്ത്യക്കാരെ തിരികെകൊണ്ടുവരാന്‍ വിമാനവുമയച്ചു. കേരള നിയമസഭ ഇറ്റലി പ്രശ്നത്തില്‍ പാസാക്കിയ പ്രമേയവും ശ്രദ്ധേയമാണ്. പിണറായി വിജയന് മാര്‍ച്ച് 11ന് കേന്ദ്രത്തിലേക്ക് അയച്ച കത്തില്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീമിനെ അയക്കുമെന്നും വിദേശകാര്യ മന്ത്രി പാര്‍ലമെന്റില്‍ മറുപടി പറഞ്ഞു. വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനും അക്കാര്യം വ്യക്തമാക്കി. 13ന് മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തുകയും ചെയ്തു. അതിനിടയില്‍ കേരളാ നിയമസഭ എന്തിനാണ് ഒരു പ്രമേയം പാസ്സാക്കിയത്? ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമായി ആരെങ്കിലും കരുതിയാല്‍ കുറ്റപ്പെടുത്താനാവുമോ? ഇത്തരം പ്രശ്നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്ന് പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ചിന്തിക്കേണ്ടതല്ലേ?
കേരളത്തിന് പ്രശ്നങ്ങള്‍ കൂടുന്നേയുള്ളൂ
കേരളം ഇന്നിപ്പോള്‍ ചികിത്സാ രംഗത്തും കോവിഡ് നിയന്ത്രിക്കുന്നതിലും മുന്നിലാണ്. തങ്ങള്‍ ലോകത്തിന് മാതൃകയാണ് എന്നൊക്കെ പറയുന്നു. കുറേക്കാര്യങ്ങള്‍ കേരളം ചെയ്തിട്ടുണ്ട് എന്നത് മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ കുറച്ച് ആളുകള്‍ മാത്രമാണ് അസുഖബാധിതരായിട്ടുള്ളത്. 5500ല്‍ താഴെ പേര് നിരീക്ഷണത്തിലും. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര് വിദേശത്ത് നിന്നെത്തും. ഇതാണ് യഥാര്‍ഥത്തില്‍ കേരളത്തെ അലട്ടുന്നത്. കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൊക്കെ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന കാണിക്കുന്നു. ബെംഗളൂരുവില്‍ ഐടി കമ്പനികള്‍ അടച്ചിടുന്ന സൂചനകളും കാണുന്നുണ്ട്. ഇതോടെ മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. വിമാനത്താവളം വഴി എത്തുന്നവരെ കണ്ടെത്താ
നും പരിശോധിക്കാനും സാധിക്കും. റോഡ് വഴിയും തീവണ്ടി വഴിയുമൊക്കെ എത്തുന്നവരുടെ കാര്യത്തില്‍ ഇതൊന്നും എളുപ്പമാവില്ല. അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വ്യവസ്ഥ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. പക്ഷെ അതുകൊണ്ടാവുമോ എന്നത് കണ്ടറിയണം. അതിര്‍ത്തിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചാല്‍ തന്നെ ഇവരെയൊക്കെ സംസ്ഥാനത്തേക്ക് കണ്ണടച്ച് കടത്തിവിടാനാവുമോ? അവരോട് ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കണമെന്ന് പറയാനാവുമോ? അവരെ നിരീക്ഷണത്തില്‍ നിര്‍ത്താന്‍ സാധിക്കുമോ? അങ്ങനെ വന്നാല്‍ ആയിരങ്ങളെ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നിരീക്ഷണത്തിലാക്കേണ്ടി വരും. ഇത്തരം പ്രശ്നങ്ങള്‍ മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ കൂടുതല്‍ കേരളത്തിനാവും ഉണ്ടാവുകയെന്നത് ഭരണകൂടം മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: