എത്രവേണ്ടെന്ന് വച്ചാലും പാട്ടുകള്‍ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടേയിരിക്കും. ഒരു പാട്ടെങ്കിലും മൂളാത്ത ദിവസമുണ്ടോ ആര്‍ക്കെങ്കിലും? പാട്ടുകള്‍ അങ്ങനെയാണ്. ഒരീണം പോലും മൂളില്ലെന്ന് ശപഥം ചെയ്താലും അനുവാദം ചോദിക്കാതെ അത് ഓടിക്കയറി വരും. ചിലപ്പോള്‍ ഒരു മൂളലായി; മറ്റുചിലപ്പോള്‍ ചുണ്ടനക്കി, ചെറിയ ശബ്ദത്തില്‍….”ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍-ഞാന്ഒരാവണിത്തെന്നലായ് മാറീ…” ഇങ്ങനെ പാടിപ്പോകും. എപ്പോഴും കൂടെനടക്കുന്ന ഒന്നാണ് പാട്ടെന്ന് പറഞ്ഞാലും അതൊട്ടും അതിശയോക്തിയല്ല. പാട്ടിനൊരു പ്രത്യേകതയുണ്ട്. അത് ആസ്വാദകനെ അനവദ്യ സുന്ദരമായ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ആസ്വാദകന് കണ്ണടച്ച് ധ്യാനത്തിലാകും. നമ്മളെ കൂടെക്കൂട്ടാന്‍ പാട്ടിനു കഴിവുള്ളതിനാലാണ് ‘പാട്ടിലാക്കി…’ എന്ന പ്രയോഗം തന്നെയുണ്ടായത്. ആസ്വാദകനെ അപ്പാടെ പാട്ടിലാക്കാനുള്ള കഴിവ്!
മലയാളികളെയാകെ ‘പാട്ടിലാക്കിയ’ ആയിരക്കണക്കിന് പാട്ടുകളെഴുതിയ ശ്രീകുമാരന്‍ തമ്പിക്ക് നാളെ എണ്പതു വയസ്സു തികയുന്നു. തിരുവനന്തപുരത്തെ പേയാട്ടുള്ള കരിമ്പാലേത്ത് വീട്ടില്‍ എണ്‍പതിന്റെ യൗവ്വനത്തിലാണ് ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം. ഹരിപ്പാട്ടെ, കരിമ്പാലത്ത് വീട്ടില്‍ നിന്ന് പേയാട്ടെ കരിമ്പാലത്ത് വീട്ടിലേക്ക് പറിച്ചുനട്ടെങ്കിലും എന്നും ഹരിപ്പാട്ടുകാരനായി ജീവിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മണ്ണാറശ്ശാല നാഗരാജ ക്ഷേത്രവും ഓണാട്ടുകരയുമൊന്നുമില്ലാതെ അദ്ദേഹത്തിന് ജീവിതമില്ല.
തുടക്കക്കാരന്റെ ചങ്കുറപ്പ്
എപ്പോഴും കലഹിക്കുന്ന മനസ്സായിരുന്നു ശ്രീകുമാരന്തമ്പിക്കെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. തെറ്റു കണ്ടാല്‍ അത് ആരുടെ മുഖത്തുനോക്കിയും വിളിച്ചുപറയാന്‍ അദ്ദേഹത്ത് മടിയൊട്ടുമില്ല. ഇന്നും ആ സ്വഭാവത്തിന് മാറ്റം വരുത്തിയിട്ടില്ല. തുടക്കക്കാരനായിട്ടുപോലും കഥതിരുത്താന്‍ പറഞ്ഞ സംവിധായകനോട് അതിന് വേറെ ആളെനോക്കണം എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്ന ചങ്കുറപ്പാണ് ശ്രീകുമാരന്‍ തമ്പിയുടേത്. പാട്ടുതിരുത്തണമെന്നും വരിമാറ്റണമെന്നുമൊക്കെ പറഞ്ഞവരോടും അതുതന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാല്‍ ധാരാളം ശത്രുക്കളെയും സമ്പാദിച്ചു. അവസരങ്ങളും പുരസ്കാരങ്ങളുമൊക്കെ നഷ്ടപ്പെടുത്തി. അഹങ്കാരി എന്ന വിളിപ്പേരും കിട്ടി. ഇന്നും ആ നിലപാടുകള്‍ക്ക് മാറ്റമൊന്നുമില്ല. അനാവശ്യ ഹര്‍ത്താലിനും സമൂഹത്തിലെ തെറ്റുകള്ക്കുമൊക്കെ എതിരായി പ്രതികരിക്കുന്ന മനസ്സാണ് അദ്ദേഹം കാത്തു സൂക്ഷിക്കുന്നത്. സിനിമയിലെത്തിയില്ലെങ്കില്‍ ആരാകുമായിരുന്നു എന്ന് എണ്‍പതാം വയസ്സില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ ഉത്തരം ഉടന്‍.
”ആദ്യം സിനിമയായിരുന്നില്ല പ്രധാനം. കവിതയായിരുന്നു. ചെറുപ്പത്തിലേ കവിതയെഴുതുന്ന ശീലമുണ്ടായിരുന്നു. വീട്ടിലെ അന്തരീക്ഷം അതിന് യോജിച്ചതായിരുന്നു. സ്കൂള്‍ കാലത്തു തന്നെ കവിതയെഴുതിത്തുടങ്ങി. 1957ല്‍ സമസ്തകേരള സാഹിത്യ പരിഷത്തിന്റെ കോട്ടയം സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിതാമത്സരത്തിലും കെ.ബാലകൃഷ്ണന്റെ കൗമുദി വാരിക നടത്തിയ കവിതാ, ചെറുകഥാ മത്സരത്തിലും സമ്മാനം നേടി. സാഹിത്യ രംഗത്ത് എനിക്കും ഇരിപ്പിടമുണ്ടെന്ന് ഉറപ്പിച്ചതപ്പോഴാണ്. 1960ല്‍ ആദ്യ കവിതാസമാഹാരമായ ‘ഒരു കവിയും കുറേ മാലാഖമാരും’ പ്രസിദ്ധീകരിച്ചു. ആദ്യകാലത്ത് ഹരിപ്പാട് ശ്രീകുമാരന്‍ തമ്പിയെന്ന പേരിലാണ് എഴുതിയിരുന്നത്.”
മദ്രാസിലെ തമ്പീസ് കണ്‍സ്ട്രക്ഷന്‍സ്
സിനിമാക്കാരനായിരുന്നില്ലെങ്കില്‍ അദ്ദേഹം കവിയായ എഞ്ചിനീയറാകുമായിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ഉചിതം. മദ്രാസ് ഐഐടി, തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം സിവില്‍ എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
”മധ്യപ്രദേശില്‍ എഞ്ചിനീയറായാണ് ജോലിയുടെ തുടക്കം. കേരളത്തിലും പിന്നെ മദ്രാസിലും ടൗണ്‍പ്ലാനിങ് വിഭാഗത്തില്‍ ജോലി നോക്കി. 1966ലാണ് ഗാനരചയിതാവായി സിനിമയിലെത്തുന്നത്. പി.സുബ്രഹ്മണ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്ത കാട്ടുമല്ലിക എന്ന ചിത്രത്തില്‍ ഗാനങ്ങളെഴുതി. അതേ വര്‍ഷം തന്നെ പ്രിയതമ എന്ന ചിത്രത്തിനായും പാട്ടുകളെഴുതി. കലാരംഗത്തും സര്‍ക്കാര്‍ സര്‍വ്വീസിലും ഒരേ സമയം പ്രവര്‍ത്തിക്കാന്‍ സമയം അനുവദിക്കാത്തതിനാലാണ് ജോലി രാജിവച്ചത്.”
സിനിമയിലെത്തിയ ശേഷവും പക്ഷേ, അദ്ദേഹം എഞ്ചിനീയറിങ് ജോലി തുടര്‍ന്നു. നിരവധി സിനിമക്കാര്‍ക്ക് വീടുവച്ചുകൊടുത്തു. പി.ഭാസ്കരനും മധുവും കൊട്ടാരക്കരയുമൊക്കെ അദ്ദേഹം വച്ച വീടുകളിലാണ് മദ്രാസില്‍ കഴിഞ്ഞത്.
”1969 ല്‍ 29-ാം വയസ്സിലാണ് ഞാന്‍ തമ്പീസ് കണ്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ മദിരാശിയില്‍ കെട്ടിടനിര്‍മ്മാണ കമ്പനിക്ക് രൂപം കൊടുക്കുന്നത്. സിനിമയില്‍ പാട്ടെഴുതി കിട്ടുന്ന പണം കൊണ്ട് ജീവിക്കാനാകില്ലെന്ന് വന്നപ്പോഴായിരുന്നു അത്. പി.ഭാസ്കരന്, മധു, കെ.പി.കൊട്ടാരക്കര, ജി.ദേവരാജന്‍, ചിത്രകാരന് എസ്.എ.നായര്‍ തുടങ്ങി കലാരംഗത്തുള്ള നിരവധി പേര്‍ക്ക് വീടുവച്ചുകൊടുത്തു. ചിത്രമേള എന്ന സിനിമയില്‍ എട്ട് പാട്ടുകളെഴുതി എട്ടും ഹിറ്റായിരുന്ന കാലത്താണ് തമ്പീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങുന്നത്. അക്കാലത്ത് ഈ രംഗത്ത് ഏറെയൊന്നും കമ്പനികളില്ല. രാജ്യത്തെ വലിയ ജോലികളൊക്കെ കമ്പനിക്ക് കിട്ടിത്തുടങ്ങി. വിശാഖപട്ടണത്തും മറ്റുമുള്ള ജോലികള്‍ക്കായി എനിക്ക് അവിടെ പോയി നിന്നേ പറ്റൂ. അപ്പോള്‍ സ്വാഭാവികമായും സിനിമയില്‍ നിന്നും എഴുത്തില്‍ നിന്നും അകലേണ്ടി വരും. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കേണ്ടിവന്നു. നിര്‍മ്മാണ മേഖലയില്‍ നിന്ന് അതുവരെ കിട്ടിയ കാശൊക്കെ ഉപയോഗിച്ചാണ് സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നത്.”
കാക്കത്തമ്പുരാട്ടി സിനിമയാവുന്നു
എഞ്ചിനീയറിങ് പരീക്ഷ നടക്കുമ്പോള്‍ തന്നെ സിനിമയില്‍ തിരക്കഥ എഴുതാനെത്തിയ ആളായിരുന്നു അദ്ദേഹം. സാഹിത്യത്തില്‍ അപ്പോഴേക്കും ഹരിപ്പാട് ശ്രീകുമാരന്‍ തമ്പി പ്രശസ്തനായിരുന്നു. ഇരുപത്തിനാലു വയസ്സായിരുന്നു അന്ന്. ‘കാക്കത്തമ്പുരാട്ടി’ എന്ന ശ്രീകുമാരന്‍ തമ്പിയുടെ നോവല്‍ വായനക്കാര്‍ സ്വീകരിച്ചുകഴിഞ്ഞിരുന്നു. ആ നോവല്‍ തിരക്കഥയാക്കാനാണ് പി.സുബ്രഹ്മണ്യം വിളിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ മുറിപങ്കിട്ടത് പ്രേംനസീറായിരുന്നു. അന്നുതുടങ്ങിയ നസീറുമായുള്ള ബന്ധം നസീറിന്റെ ജീവിതാവസാനം വരെ സജീവമായി നിലനിന്നു. നോവലിന്റെ കഥ മാറ്റി തിരക്കഥയൊരുക്കാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടപ്പോള്‍ അതിനു കഴിയില്ലെന്ന് പറഞ്ഞ് തമ്പി മടങ്ങി. കാക്കത്തമ്പുരാട്ടി പിന്നീട് പി.ഭാസ്കരന് സിനിമയാക്കുകയും വന്‍ വിജയം നേടുകയും ചെയ്തത് ചരിത്രം.
ബഹുമുഖ പ്രതിഭ എന്ന വാക്കിന് സര്‍വഥാ അര്‍ഹനാണ് ശ്രീകുമാരന്‍ തമ്പി. സാഹിത്യത്തിലും ചലച്ചിത്രത്തിലും പ്രതിഭയുടെ മിന്നല്‍പ്പിണര്‍ അദ്ദേഹം സൃഷ്ടിച്ചു. ‘എഞ്ചിനീയറുടെ വീണ’ മുതല്‍ ‘ശ്രീകുമാരന്‍തമ്പിയുടെ കൗമാരകവിതകള്‍’ വരെയുള്ള പത്ത് കവിതാസമാഹാരങ്ങളിലൂടെ മികച്ച കവിയായും കാക്കത്തമ്പുരാട്ടി, കുട്ടനാട് തുടങ്ങിയ മികച്ച നോവലുകളിലൂടെ നോവലിസ്റ്റായും അദ്ദേഹത്തെ മലയാളി അറിഞ്ഞു. സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു. എണ്‍പതോളം തിരക്കഥകളെഴുതി. മുപ്പത് സിനിമകള്‍ നിര്‍മ്മിച്ചു. ഇരുപത്തിയഞ്ച് സിനിമകള്‍ സംവിധാനം ചെയ്തു. ഇരുന്നൂറ്റിയറുപത് സിനിമകളിലായി രണ്ടായിരത്തിയഞ്ഞൂറോളം പാട്ടുകളെഴുതി. ലളിതഗാനങ്ങള്‍, ആല്‍ബം ഗാനങ്ങള്‍ തുടങ്ങി ആയിരത്തോളം വേറെയും.
പാട്ടിന്റെ വഴിയില്‍ പരിഭവമില്ലാതെ
വയലാറും പി.ഭാസ്കരനും ഒഎന്‍വിയും പാട്ടെഴുത്തില്‍ വെട്ടിത്തിളങ്ങി നിന്നിരുന്ന കാലത്താണ് ശ്രീകുമാരന്‍ തമ്പിയും ആ മേഖലയിലേക്ക് കടന്നുവരുന്നത്. എന്നാല്‍ രചനയിലെ കാവ്യാത്മകതകൊണ്ടും വരികളിലെ മാധുര്യത്താലും സ്വന്തം ഇരിപ്പിടം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായി. നാല്പതു വര്‍ഷമാണ് ശ്രീകുമാരന്‍ തമ്പിയെന്ന പ്രതിഭാധനനായ കലാകാരന് സിനിമയില്‍ വെന്നിക്കൊടിപാറിച്ചു നിന്നത്. അദ്ദേഹം എഴുതിയ പല പാട്ടുകളും വയലാറോ പി.ഭാസ്കരനോ എഴുതിയതാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അദ്ദേഹമതൊന്നും തിരുത്താന്‍ പോയില്ല. ”ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍-ഞാന്‍, ഒരാവണിത്തെന്നലായ് മാറീ…” എന്ന പ്രശസ്തമായ ഗാനത്തിന് അത്തരത്തിലൊരു ദുര്വിധിയുണ്ടായിരുന്നു. 1974ല്‍ ചന്ദ്രകാന്തം എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് ശ്രീകുമാരന്‍ തമ്പി ആ പാട്ടെഴുതുന്നത്.
”എം.എസ്. വിശ്വനാഥനായിരുന്നു ആ പാട്ടിന് സംഗീതം നല്‍കിയത്. വയലാര്‍ എഴുതിയതാണതെന്ന് പലരും തെറ്റിദ്ധരിച്ചു. അതെന്റെ യോഗമാണ്. അത്തരത്തില്‍ നിരവധി ഗാനങ്ങള്‍ ഇന്നും മറ്റുള്ളവരുടെ പേരില്‍ കിടപ്പുണ്ട്. എനിക്കതില്‍ പരാതിയില്ല. ഞാനെഴുതിയ പാട്ടുകള്‍ ജനങ്ങളേറ്റെടുത്തിട്ടുണ്ട്. ഇന്നും പാടിനടക്കുന്നുണ്ട്. എണ്ണം തികയ്ക്കാനായി ഒരിക്കലും ഞാന്‍ പാട്ടെഴുതിയിട്ടില്ല. ആളുകള്‍ ഇഷ്ടപ്പെടുന്ന നിരവധി പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ആസ്വാദകര്‍ എന്നിലൊരു വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. അതുകളയാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഞാനെഴുതിയ കവിത മാറ്റിയെഴുതെണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാമൂര്‍ത്തി സ്വാമികളും ദേവരാജന്‍ മാസ്റ്ററുമടക്കം തിരിച്ചു തന്നിട്ടുണ്ട്. അവരുമായി ഞാന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം സര്‍ഗ്ഗാത്മകമായിരുന്നു. പിണക്കങ്ങള്‍ക്കു പോലുമൊരു മധുരമുണ്ടായിരുന്നു. എന്നുവച്ച് ഞാന്‍ പാട്ടെഴുത്ത് നിര്‍ത്തിയെന്നല്ല. മനസ്സിനുതകുന്ന സംവിധായകര്‍ വന്നാല്‍ നോക്കാന്‍ മടിയില്ല. ഇന്ന് സിനിമകള്‍ക്ക് പാട്ട് അത്ര പ്രാധാന്യമുള്ളതല്ല. എന്തെങ്കിലുമെഴുതിവച്ച് അതിന് ഈണമിട്ട് പാട്ടാക്കുന്ന കാലമാണ്. അപ്പോഴാണ് പഴയകാലത്തെ മധുരതരമായ പാട്ടുകള്‍ ജനങ്ങളിലേക്ക് വീണ്ടുമെത്തുന്നത്. ശ്രീകുമാരന്‍ തമ്പിയെ വീണ്ടുമോര്ക്കുന്നതങ്ങനെയാണ്.”
സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്
ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 25 സിനിമകളില്‍ ഭൂരിപക്ഷവും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എല്ലാം ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്നവ. മനുഷ്യനിലേക്ക് തിരിച്ചുവച്ച ക്യാമറകള്‍ ഒപ്പിയെടുത്ത ജീവിത ചിത്രങ്ങളായിരുന്നു അവയെല്ലാം.
”യുക്തിയില്ലാത്ത സിനിമകളാണിന്നിറങ്ങുന്നത്. മുമ്പൊക്കെ ഇറങ്ങിയിരുന്നത് അങ്ങനെയല്ല. ജീവിതവുമായി ബന്ധമുള്ള സിനിമകളായിരുന്നു അവ. ഇപ്പോള്‍ സിനിമയായാലും സീരിയലുകളായാലും യാതൊരു യുക്തിയുമില്ല. ഇതൊന്നും ഒരിക്കലും നമ്മുടെ ജീവിതത്തില്‍ നടക്കില്ലെന്ന് നമുക്കറിയാം. എന്നിട്ടും കാണാന്‍ വിധിക്കപ്പെടുന്നു. അന്ന് സിനിമ ചെലവേറിയ വ്യവസായമായിരുന്നില്ല. ഇന്ന് കോടികളുടെ വമ്പന്‍ ബിസിനസ്സാണ്. സാങ്കേതിക വിദ്യ വളരുമ്പോള്‍ ചെലവുകുറഞ്ഞ സിനിമകളാണുണ്ടാകേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്.”
സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങിയെങ്കിലും ശ്രീകുമാരന്‍ തമ്പിയെ പാട്ടെഴുത്തുകാരനും കവിയുമായി കാണാനാണ് മലയാളിക്ക് എന്നും താല്പര്യം. അദ്ദേഹം സമ്മാനിച്ച നിരവധിയായ പാട്ടുകള്‍ മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു. അതില്‍ മറക്കാനാകാത്ത എത്രയോ ഗാനങ്ങള്‍…
പാട്ടെഴുത്തില്‍ ഭാസ്കരനും വയലാറും സൃഷ്ടിച്ച സൗരഭ്യത്തിനൊപ്പം ചേര്‍ന്നെങ്കിലും വേറിട്ട വഴിയിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ സഞ്ചാരം. പ്രണയവും ദര്‍ശനവും തത്വവുമൊക്കെ നിറച്ച് പാട്ടുകളെഴുതുന്നതിനൊപ്പം ഹാസ്യവും ശൃംഗാരവുമെല്ലാം അദ്ദേഹത്തിന്റെ വരികളെ സജീവമാക്കി.
”അകലെയകലെ നീലാകാശം…, അശോക പൂര്‍ണ്ണിമ വിടരും…., ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…., ആയിരം അജന്താ ചിത്രങ്ങള്‍……., ഇലഞ്ഞിപ്പൂമണമൊഴുകിവരും…., ഉത്രാടപ്പൂനിലാവേ…., ഉത്തരാസ്വയംവരം…., കസ്തൂരി മണക്കുന്നല്ലോ…, ഏഴിലം പാലപൂത്തു…., കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍.., നിന് മണിയറയിലെ…, തൈപ്പൂയക്കാവടിയാട്ടം…., പാടാത്തവീണയും പാടും…, മനസ്സിലുണരൂ ഉഷസന്ധ്യയായ്…, നീലനിശീഥിനി.., മേഘം പൂത്തുതുടങ്ങി…, സ്വന്തമെന്നപദത്തിനെന്തര്‍ഥം…, ഹൃദയവാഹിനീ ഒഴുകുന്നു…, ഹൃദയസരസ്സിലെ പ്രണയപുഷ്പമേ…, ചെമ്പകത്തൈകള്‍ പൂത്ത മാനത്തു പൊന്നമ്പിളീ…, പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു…..” അങ്ങനെയങ്ങനെ എണ്ണിപ്പറയാന്‍ കഴിയാത്ത എത്രയോ പാട്ടുകള്‍ ശ്രീകുമാരന്‍ തമ്പി നമുക്കു സമ്മാനിച്ചു. മലയാളിയുടെ ഹൃദയത്തില്‍ തൊടുന്ന അനശ്വര ഗാനങ്ങളായി അവയോരോന്നും.
പ്രണയാതുരമായ ഗാനങ്ങള്‍ക്ക് ജന്മം നല്കിയ തൂലിക നിരവധി ഹാസ്യഗാനങ്ങളും രചിച്ചു. മധുവും ശ്രീവിദ്യയും ജയനും അഭിനയിച്ച് 1978ല്‍ പുറത്തിറങ്ങിയ ‘വേനലില്‍ ഒരു മഴ’യിലെ ഗാനം തന്നെ ഉദാഹരണം. ”അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്…” എന്ന ഗാനം മലയാളിയുടെ മനസ്സിലേക്കു കൊണ്ടുവരുന്നത് രുചിയുടെ വൈവിധ്യങ്ങളാണ്. ഹരിപ്പാട്ടുകാരനായ ശ്രീകുമാരന്‍ തമ്പി ഓണാട്ടുകരയുടെ രുചിഭേദങ്ങളാണ് പറഞ്ഞുതരുന്നത്.
”വെണ്ടയ്ക്കാ സാമ്പാറില്‍
കപ്പയ്ക്കാ വെള്ളരിക്കാ
മണത്താല്‍ കൊതി പെരുകാന്‍
മേമ്പൊടിക്ക് പെരുങ്കായം
……………………………………..
മത്തങ്ങാപ്പച്ചടിയും കുമ്പളങ്ങാ കിച്ചടിയും
ഓര്‍മ്മയില്‍ രുചി വളര്‍ത്തും
മാമ്പഴപ്പുളിശ്ശേരി……”
മനസ്സു നിറയെ കവിതയും സിനിമയും
ലളിതഗാനങ്ങളില്‍ അദ്ദേഹമെഴുതിയതെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും ലളിതഗാനമത്സരവേദികളില്‍ ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിനു സ്ഥാനമുണ്ട്.
”പണ്ടു പാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്
കൊണ്ടുപോകരുതേയെന്‍ മുരളി
കൊണ്ടുപോകരുതേ….”
നൃത്തശാല എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പി രചിച്ച അതീവഹൃദ്യമായ ഒരു ഗാനത്തിന് ശൃംഗാരഭാവമാണ്. ”പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു, സ്വര്‍ണ പീതാംബരമുലഞ്ഞു വീണു…” എന്നെഴുതാന്‍ കഴിയുന്നത് അദ്ദേഹത്തിനു മാത്രമാണ്.
”ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു
അടുത്ത നോട്ടത്തില്‍ ഞൊറിവയര്‍ കണ്ടു
ആരോരും പുണരാത്ത പൂമൊട്ടും കണ്ടു
പിന്നത്തെ നോട്ടത്തില്‍ കണ്ണുകണ്ണില്‍ കൊണ്ടു….”
80-ാം വയസ്സിലും കലാസാഹിത്യ രംഗത്തു സജീവമായി നില്ക്കാന് തന്നെയാണ് അദ്ദേഹത്തിനു താല്പര്യം. പക്ഷേ, അതിനുവേണ്ടി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താന്‍ തയ്യാറല്ല. ഇന്നത്തെ ചലച്ചിത്രാന്തരീക്ഷത്തില്‍ എല്ലാം അടിയറവച്ച് വഴങ്ങിക്കൊടുക്കാനാകാത്തതിനാലാണ് അദ്ദേഹം പിന്‍വാങ്ങിയത്. മനസ്സിലെ ക്ഷുഭിത യൗവ്വനത്തെ അടിയറവയ്ക്കാന്‍ താല്പര്യമില്ലാത്ത മനസ്സാണ് അദ്ദേഹത്തിന്റേത്. മനസ്സുനിറയെ കവിതയും കഥയും സിനിമയുമായി ശ്രീകുമാരന്‍ തമ്പി ഇപ്പോഴും സജീവമാണ്. പാടാന്‍ മടിക്കുന്ന ഏതുവീണക്കമ്പിയെയും പാടിക്കാന്‍ പോന്ന സൗകുമാര്യം തുളുമ്പുന്നതാണ് അദ്ദേഹത്തിന്റെ വരികള്‍….
”…പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍
ശൃംഗാരമധുവൂറും നിന്ദാഹ പാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ…..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: