മുരളി തുമ്മാരുകുടി
(ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍)
കൊറോണയെ നേരിടാന്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ അവധിക്കാല ക്ലാസുകളും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വെല്ലുവിളിയായ ഈ സാഹചര്യത്തെ നേരിടാനുള്ള കുറച്ചു നിര്‍ദ്ദേശങ്ങള്‍…
1. ഇപ്പോള്‍ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും കൊറോണയെപ്പറ്റിയാണ്. ഇത് അവരില്‍ തീര്‍ച്ചയായും ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കും എന്നതിനാല്‍ ഈ വിഷയം കുട്ടികളോട് വിശദമായി സംസാരിക്കണം. എന്താണ് രോഗം, അതുണ്ടാകാനുള്ള സാധ്യത (വളരെ കുറവ്), നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെയാണ് കൊറോണ ബാധയെ നേരിടുന്നത് എന്നതെല്ലാം വീട്ടില്‍ ചര്‍ച്ച ചെയ്യണം. എന്നാല്‍ ഇതേപ്പറ്റി വളരെ കൂടുതലായ ഉല്‍ക്കണ്ഠ കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രൊഫെഷണല്‍ സഹായം തേടാം.
2. പരീക്ഷ നടക്കാത്തതും, ട്യൂഷനും എന്‍ട്രന്‍സ് ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ക്ക് പോകാന്‍ പറ്റാത്തതും കുട്ടികളിലും ചില മാതാപിതാക്കളിലും വലിയ വിഷമം ഉണ്ടാക്കിയേക്കാം. മാതാപിതാക്കള്‍ അവരുടെ ടെന്‍ഷന്‍ കുട്ടികളെ അറിയിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ സാഹചര്യം എല്ലാവര്ക്കും ബാധകമായതിനാല്ത്തന്നെ എന്ട്രന്സിനെ ഓര്‍ത്ത് അധികം വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു മനസ്സിലാക്കണം. ഇതിനെ ഒരു സമയനഷ്ടമായി കണക്കാക്കേണ്ടതില്ല. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും ഏറെ ചെയ്യാനുണ്ട്. പലപ്പോഴും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പറയുന്നതിനേക്കാള്‍ വിശ്വാസം അധ്യാപകര്‍ പറയുന്നതാണ്. അതുകൊണ്ട് തന്നെ അവധിയില്‍ ഇരിക്കുന്ന കുട്ടികളെ അധ്യാപകര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ടെലിഫോണില്‍ വിളിച്ചു സംസാരിക്കുന്നത് നല്ല കാര്യമാണ്.
3 എന്‍ട്രന്‍സ് പരീക്ഷയുള്ളവര്‍ക്ക് വീട്ടിലിരുന്നും പഠിക്കാമല്ലോ. ഓണ്‍ലൈന്‍ ആയി മോക് പരീക്ഷകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവയും പ്രയോജനപ്പെടുത്തണം. ടൈം ടേബിള്‍ ഉണ്ടാക്കി കൃത്യമായ സമയം ഇതിന് നീക്കിവെയ്ക്കുന്നത് പഠനം നഷ്ടപ്പെടാതിരിക്കാനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും.
4. ഭാവിയുടെ ലോകം ഓണ്‍ലൈനായിട്ടുള്ള പഠനത്തിന്റെയും ജോലിയുടേതുമാണ്. അത് പ്രാക്ടീസ് ചെയ്തു തുടങ്ങാനുള്ള ഒരവസരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ അനവധി കോഴ്സുകള്‍ – എല്ലാ പ്രായക്കാര്‍ക്കും സൗജന്യമായി ലഭ്യമാണ്. കുറച്ചു ലിങ്കുകള്‍ ഞാന്‍ കമന്റില്‍ ഇടാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ ഫ്രീ ഓണ്‍ലൈന്‍ കോഴ്സ് എന്ന് ഗൂഗിള്‍ ചെയ്താല്‍ ഇഷ്ടം പോലെ അവസരങ്ങളുണ്ട്.
5. അവധിക്കാലത്ത് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് നാട്ടിലും വിദേശത്തുമുള്ള കൂട്ടുകാരും കസിന്‍സുമായി എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്യൂ. ഇത് മൊബൈല്‍ ഉപയോഗിച്ച് ഒരു ഡോക്യൂമെന്ററിയോ ഷോര്‍ട്ട് ഫിലിമോ ഉണ്ടാക്കുന്നതോ, ഒരു സ്റ്റാര്‍ട്ട് അപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള പ്രോജക്റ്റ് ഡിസ്കഷനോ, ഒരു മ്യൂസിക് ആല്‍ബമോ ആകാം. എന്താണെങ്കിലും remote, online, collaborative എന്നീ മൂന്നു വാക്കുകളാണ് പ്രധാനം. ഇതാണ് ഭാവിയുടെ രീതി. ഇക്കാര്യത്തിലും അധ്യാപകര്‍ക്ക് പല സഹായവും ചെയ്യാനാകും
6. ഇത് അധ്യാപകരോടാണ്; സ്കൈപ്പോ വാട്ട്സാപ്പോ ഉപയോഗിച്ച് അധ്യാപകര്‍ക്കും ട്യൂഷന് തുടരാവുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമായതുകൊണ്ടുതന്നെ മറ്റുള്ള ഓണ്‍ലൈന്‍ ടീച്ചിങ് പ്ലാറ്റ്ഫോമുകളും ഈയവസരത്തില്‍ പരിചയപ്പെടാനും പ്രയോജനപ്പെടുത്താനും ശ്രമിക്കാം. ഗൂഗിള്‍ ക്ലാസ്സ്റൂം പോലുള്ള ഫ്രീ വെബ് സര്‍വീസുകളും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. അധ്യാപകര്‍ക്കും അവരുടെ സ്കില്ലുകള്‍ ആധുനികമാക്കാന്‍ ഇതൊരവസരമാകട്ടെ.
7. ഭാഷ പഠിക്കാനോ നന്നാക്കാനോ ഇതിലും നല്ല സമയമില്ല. ചുരുങ്ങിയത് ഇംഗ്ളീഷ് ഭാഷയെങ്കിലും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇതിനും ഓണ്‍ലൈന്‍ വിഭവങ്ങള്‍ ലഭ്യമാണ്. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും അതിനായി ഉപയോഗിക്കുക.
8. പുസ്തക വായന എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് അത് തിരിച്ചു പിടിക്കാന്‍ പറ്റിയ സമയമാണ്. ഇംഗ്ളീഷിലും മലയാളത്തിലും ഒരോ പുസ്തകമെങ്കിലും ആഴ്ചയില്‍ വായിക്കാന്‍ ശ്രമിക്കാം. ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഫ്രീ ആയി ഓണ്‍ലൈനില്‍ ലഭ്യമാണ്. ഓരോ വീട്ടിലും വായിക്കാതെയിട്ടിരിക്കുന്ന പുസ്തകങ്ങള്‍ ഒരു ഡസനെങ്കിലും കാണും. നാട്ടിലെ ലൈബ്രറികളുമായി ബന്ധപ്പെടാനുള്ള അവസരമാണ്, ലൈബ്രറിക്കാര്ക്ക് കുട്ടികളെ അവരിലേക്ക് അടുപ്പിക്കാന്‍ പറ്റിയ സമയവും. ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാമല്ലോ.
8. പുതിയതായി എന്തെങ്കിലും സ്കില്‍ പഠിക്കാനുള്ള അവസരമാണ്. ഏറ്റവും എളുപ്പം വീട്ടില്‍ നിന്നും തുടങ്ങാവുന്ന പാചകം തന്നെ ആകട്ടെ ആദ്യം. വീട് വൃത്തിയാക്കാനും തുണി കഴുകാനും വീട്ടുപകരണങ്ങള്‍ (മിക്സി തൊട്ട് വാഷിംഗ് മെഷീന് വരെ) ശരിയായി ഉപയോഗിക്കാനും പഠിക്കാം. ഗാര്‍ഡനിങ്ങ് തൊട്ട് മരപ്പണി വരെ എന്തും പഠിക്കാനുള്ള അവസരമാണ്. ഓണ്‍ലൈന്‍ ആയി കാര്യങ്ങള്‍ പഠിച്ചു തുടങ്ങുക, ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ അംഗമാകുക എന്നിങ്ങനെ പലതും ഈ വിഷയത്തില്‍ ചെയ്യാനുണ്ട്. ഒരു വീട്ടിലെ മിക്ക കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള അറിവ് ഈ അവധിക്കാലത്ത് ഉണ്ടാക്കിയെടുത്താല്‍ ഇത് പ്രയോജനപ്രദമായ ഒരു അവധിക്കാലം ആകും. കുട്ടികള്ക്കൊപ്പ്പം മാതാപിതാക്കളും കൂടി ശ്രമിച്ചാല്‍ നടക്കുന്ന കാര്യമേ ഉള്ളൂ.
9. നമ്മുടെ ലോകത്തിന്റെ ഭാവി കൂടുതല്‍ അറിയാനുള്ള ഒരവസരമാണ്. ആഗോളവല്‍ക്കരണം എങ്ങനെയാണ് ലോകത്തെ മാറ്റിയിരിക്കുന്നത്, നിര്‍മ്മിത ബുദ്ധി എങ്ങനെയാണ് ലോകത്തെ മാറ്റാന്‍ പോകുന്നത്, കാലാവസ്ഥ വ്യതിയാനം എന്ത് രീതിയിലാണ് ലോകത്തെയും നമ്മളേയും ബാധിക്കാന്‍ പോകുന്നത്, ഇതൊക്കെ അറിയാന്‍ പറ്റിയ സമയമാണ്. ഓണ്‍ലൈനില്‍ Ted Talk ല്‍ നിന്നും തുടങ്ങി പുസ്തകങ്ങള്‍ വായിച്ച് കൂടുതല്‍ താല്പര്യമുണ്ടെങ്കില് ഓണ്‍ലൈന്‍ കോഴ്സുകളും ചെയ്യാം.
10. എന്തായിരിക്കണം നിങ്ങളുടെ ഭാവി എന്ന് ചിന്തിക്കാന്‍ പറ്റിയ സമയമാണ്. മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം കിട്ടുന്നതിനാല്‍ അവരുമായി സംസാരിക്കുക. വിവിധ കരിയറുകളെപ്പറ്റിയും സാധ്യതകളെ കുറിച്ചും അറിവ് നേടുക. അവധിക്കാലം കഴിയുന്പോഴേക്കും ഈ വിഷയങ്ങളില്‍ നിങ്ങളുടെ ചിന്തകള്‍ കൂടുതല്‍ തെളിച്ചമുള്ളതാക്കുക.
11. മറ്റുള്ളവരെ എങ്ങനെയാണ് സഹായിക്കാനാകുക എന്ന് ചിന്തിക്കാനുള്ള കാലം കൂടിയാണ് ഇത്. കൊറോണ ഈ വിധത്തില്‍ തുടര്‍ന്നാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി രംഗത്ത് ഇറങ്ങേണ്ടി വരും. മാത്രമല്ല, നമ്മുടെ സമൂഹത്തില്‍ വയസ്സായവര്‍, ഭിന്നശേഷി ഉള്ളവര്‍, മറുനാട്ടുകാര്‍ എന്നിങ്ങനെ നമ്മുടെ സഹായം വേണ്ടവര്‍ ധാരാളമുണ്ട്. വ്യക്തിപരമായും സംഘടിതമായും എന്താണ് അവര്‍ക്കു വേണ്ടി ചെയ്യാന്‍ സാധിക്കുന്നതെന്ന് ചിന്തിക്കുക.
12. കൊറോണ സന്പദ്വ്യവസ്ഥയില് പല കുഴപ്പങ്ങളും ഉണ്ടാക്കാന്‍ പോവുകയാണ്. നമ്മുടെ സന്പദ്വ്യവസ്ഥയുടെ അടിസ്ഥാനമായ വിദേശപണത്തിന്റെ വരവ്, ടൂറിസം, നിര്‍മ്മാണം, ട്രാവല്‍, ഹോട്ടല്‍, കാറ്ററിങ് തുടങ്ങിയ മേഖലകളിലോക്കെ വലിയ ഇടിവ് ഉണ്ടാകും. നമ്മുടെ നാടിന്റെ തൊഴില്‍ രംഗത്തെ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ പലരും തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകും. കോളേജ് വിദ്യാര്‍ഥികള്‍ പഠനത്തിന്റെ കൂടെ പാര്‍ട്ട് ടൈം ജോലി ചെയ്യേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇത് പ്രാബല്യത്തിലാക്കാന്‍ പറ്റിയ അവസരമാണ്. ജൂണിനപ്പുറം കൊറോണയില്‍ നിന്നും ലോക സന്പദ്വ്യവസ്ഥ തിരിച്ചു കയറുന്ന സമയത്ത് നമ്മുടെ വിദ്യാര്‍ത്ഥികളും യുവാക്കളും ആയിരിക്കണം കേരളത്തില്‍ അതിനെ നയിക്കേണ്ടത്.
14. അവധിക്കാലം എപ്പോഴും അപകടങ്ങളുടെ കാലം കൂടിയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഈ അവധിക്കാലം സുരക്ഷിതമായി വേണം ആഘോഷിക്കാന്‍. വെള്ളത്തിലുള്ള അപകടങ്ങളും ബൈക്ക് അപകടങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രമിക്കണം.
15. മാര്‍ച്ച് മുതലാണ് കുട്ടികളുടെ അവധിക്ക് മാതാപിതാക്കള്‍ പ്ലാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അപ്രതീക്ഷിതമായ അവധിക്കാലം വന്നപ്പോള്‍ വീട്ടില്‍ തനിയെ വിട്ടു പോരാന്‍ പറ്റാത്ത കുട്ടികളെ (ആംഗന്‍ വാടി തൊട്ട് ഹൈസ്കൂള്‍ വരെ) എന്ത് ചെയ്യും എന്നത് പലയിടത്തും പ്രശ്നമാകും. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കേണ്ടി വരും. ശ്രദ്ധിക്കുക, നിങ്ങളുടെ കുട്ടികളെ ആരുടെ അടുത്താണോ ആക്കുന്നത് അവിടെ അവര്‍ സുരക്ഷിതരാണെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ഉറപ്പു വരുത്തുക (എത്ര അടുത്ത ബന്ധുവിന്റെ/സുഹൃത്തിന്റെ അടുത്താണെങ്കില്‍ പോലും).
16. അവധിക്കാലം ആഘോഷത്തിന്റെ കൂടി കാലമാണ്. കുറച്ചു കൂടുതല്‍ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക. കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടില് അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികള്‍ ഇനിയും കേരളത്തില്‍ ഉണ്ടെങ്കില്‍ ആ ചാന്‍സ് കളയരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: