കണ്ണൂര്‍: കൊറോണ വൈറസ് മുന്കരുതലിന്റെയും പ്രതിരോധത്തിന്റെ ഭാഗമായി ബോധവല്‍ക്കരണവും നിയന്ത്രണവും വന്നതോടെ പൊതുസ്ഥലങ്ങളില്‍ തിരക്ക് കുറയുന്നു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി അനാവശ്യയാത്രകളും പൊതുജന സമ്പര്‍ക്കങ്ങളും ഒഴിവാക്കുന്നുവെന്നതിനാലാണ് പൊതുസ്ഥലങ്ങളില്‍ തിരക്ക് കുറയുന്നത്. ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ബസ്സ് ജീവനക്കാരും പറയുന്നു.
ട്രെയിനുകളിലും യാത്രക്കാര്‍ നേര്‍പകുതിയായി കുറഞ്ഞു. ഹോട്ടലുകളിലും വസ്ത്രവിപണികളിലും ആളുകളുടെ സാന്നിധ്യം കുറഞ്ഞിരിക്കുകയാണ്. വിവാഹം പോലുള്ള ചടങ്ങുകളുള്ളവരാണ് ടെക്സ്റ്റൈല്‍ ഷോപ്പുകളിലെത്തുന്നവരില് ഏറിയ പങ്കും. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ രക്ഷിതാക്കളുടെ കര്‍ശന നിയന്ത്രണമാണ്. ആരാധനാലയങ്ങളില്‍ ഉത്സവങ്ങള്‍ പ്രധാനപ്പെട്ട ചടങ്ങുകളിലൊതുക്കിയതിനാല് അമ്പലപറമ്പുകളിലും പൊതുജന സാന്നിധ്യമില്ല.
കൊറോണയ്ക്ക് പുറമേ കോഴിക്കോട് ജില്ലയില്‍ പക്ഷിപനിയുടെ സാന്നിധ്യമുണ്ടായത് ഇറച്ചി വ്യാപാര മേഖലയെയും ഹോട്ടലുകളെയും സാരമായി ബാധിച്ചു. കളക്ട്രേറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും അത്യാവശ്യക്കാര്‍ മാത്രമേ എത്തുന്നുള്ളു. കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും പ്രതിദിനം രണ്ട് ലക്ഷം രൂപയുടെ കുറവുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു.
മുഖാവരണത്തിനും സാനിറ്റൈസറിനും ആവശ്യക്കാര്‍ ഏറിയതോടെ ലഭ്യത കുറഞ്ഞ് ജനങ്ങള്‍ നെട്ടോടമോടുകയാണ്. സുലഭമായി ലഭിച്ചുകൊണ്ടിരുന്ന സാനിറ്റൈസറുകള്‍ ഇപ്പോള്‍ ലഭ്യമല്ല. മെഡിക്കല്‍ ഷോപ്പുകളില്‍ പോലും മണിക്കൂറിനുള്ളില്‍ സാനിറ്റൈസറുകളുടെ സ്റ്റോക്ക് തീരുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് താല്‍ക്കാലിക പ്രതിരോധ മാര്‍ഗ്ഗമായി ഉപകരിക്കുന്ന മാസ്ക് പല സ്ഥലങ്ങളിലും ഇപ്പോള്‍ ലഭിക്കുന്നില്ല. മറ്റ് ജില്ലകളിലുള്ളത് പോലെ സാര്‍വ്വത്രികമായി യാത്രികര്‍ ഇവിടെ മാസ്ക് ധരിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ഷോപ്പുകളില്‍ വ്യാപകമായി വിറ്റ് പോകുന്നുണ്ട്. പല സ്ഥലങ്ങളിലും വില കൂട്ടിയാണ് വില്‍ക്കുന്നതെന്ന് ആരോപണവുമുണ്ട്. പ്രതിരോധവസ്തുക്കളുടെ പൂഴ്ത്തിവെപ്പും അമിതവിലയും ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതരുടെ നിലപാട് പൊതുജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: