കൊടകര: മാല കവരാന്‍ ശ്രമം നടന്ന വീടിന്റെ ചുമരില്‍ അടയാളം വരച്ചിട്ട നിലയില്‍ കണ്ടത് വീട്ടുകാരിലു നാട്ടുകാരിലും പരിഭ്രാന്തിക്കിടയാക്കി. മറ്റത്തൂര്‍ കോടാലി മാങ്കുറ്റിപ്പാടം മാമ്പിലായില്‍ സുധാകരന്റെ വീട്ടിലാണ് സംഭവം.
ഇന്നലെ പുലര്‍ച്ചെയാണ് വീടിന്റെ പുറകുവശത്തുള്ള ഭിത്തിയില്‍ അവരോഹണ ചിഹ്നം ഇട്ട ശേഷം രണ്ട് എന്നെഴുതി വട്ടം വരച്ചിരിക്കുന്ന നിലയില്‍ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബുധനാഴ്ച സന്ധ്യക്ക് ഏഴരയോടെ വീടിന്റെ പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങിയ സുധാകരന്റെ ഭാര്യ ഷീലയെ ആരോ പുറകില്‍ നിന്ന് കഴുത്തിലും മുടിയിലും പിടിച്ച് മാല കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിരുന്നു.
കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്റെ സ്വര്‍ണമാല ബലപ്രയോഗത്തിനിടെ പൊട്ടുകയും മാലയുടെ ഒരു ഭാഗം ഷീലയുടെ കയ്യില്‍ കിട്ടിയെങ്കിലും ബാക്കിയുമായി മുങ്ങി. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് രാത്രിയില്‍ തന്നെ സ്ഥലത്തെത്തി.
സംഭവസ്ഥലത്തും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും മാലയുടെ നഷ്ടപ്പെട്ട ഭാഗം കണ്ടെത്താനായില്ല. ഏതാനും മണിക്കൂറിനുശേഷം വീട്ടുപരിസരത്ത് നിന്ന് തന്നെ മാലയുടെ നഷ്ടപ്പെട്ട ഭാഗം കണ്ടുകിട്ടിയിരുന്നു. മോഷണ ശ്രമം നടന്നതിനു തൊട്ടടുത്ത രാത്രിയില്‍ തന്നെ വീടിന്റെ പുറകുവശത്തെ ഭിത്തിയില്‍ അടയാളങ്ങള്‍ വരച്ചിട്ടത്ത് വീട്ടുകാരേയും പരിസരവാസികളേയും ഭീതിയിലാക്കിയിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ സംഭവം ഉണ്ടായ വീടു സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: