പാലക്കാട്: പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പാലക്കാട് അതിര്‍ത്തിയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. മുന്‍കരുതലെന്നോണം ജില്ലയിലെ വാളയാര്‍, കോഴിപ്പാറ, ഗോവിന്ദാപു
രം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, മുതലമട, പറശ്ശിക്കല് ചെക്ക്പോസ്റ്റുകളിലും കര്‍ശന പരിശോധനയുണ്ട്. കോഴി, കന്നുകാലികടത്ത് വാഹനങ്ങളിലെല്ലാം അണുനാശിനി തളിച്ചാണ് അതിര്‍ത്തി കടത്തിവിടുന്നത്. തമിഴ്നാട്ടിലെ ചെക്ക്പോസ്റ്റുകളിലും പരിശോധനയുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതും കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നതുമായ ചരക്ക് വാഹനങ്ങളിലും പരിശോധന നടത്തുന്നു. രോഗം ബാധിച്ച കോഴി, താറാവ് എന്നിവയുടെ കൈമാറ്റം ഒഴിവാക്കാന്‍ മൃഗസംരക്ഷണവകുപ്പ് പരിശോധന ശക്തമാക്കി. വാഹനങ്ങളില്‍ കോഴികള്‍ ചത്തുകിടക്കുന്നതോ അസുഖം ബാധിച്ച നിലയിലോ കണ്ടാല്‍ ആ വാഹനം കടത്തിവിടില്ല.
മൃഗസംരക്ഷണ വകുപ്പിന്റെ ഒരു ഫീല്‍ഡ് ഓഫീസര്‍, മൂന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് അറ്റന്റര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കുള്ളത്.
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ കോഴിയും ആടുമാടുകളുമെത്തുന്ന വാളയാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 24 മണിക്കൂറും പരിശോധന നടത്താന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു.
ഊടുവഴികളിലൂടെ വാഹനങ്ങളെത്തുന്നത് തടയാന്‍ ആവശ്യമായ സംവിധാനവുമേര്‍പ്പെടുത്തി. പക്ഷികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്കി. വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കും. ഭീതി ഒഴിയുന്നതു വരെ പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: