ന്യൂദല്‍ഹി : കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. ഗോരബാധിതനായ മകനില്‍ നിന്നാണ് ഇവര്‍ക്ക് കൊറോണ വൈറസ് ബാധ പകര്‍ന്നത്.
മരിച്ച സ്ത്രീയുടെ മകന് ദല്‍ഹിയില്‍ ഐസൊലേഷനിലാണ്. കഴിഞ്ഞദിവസം കര്‍ണ്ണാടകയില്‍ വൈറസ് ബാധിച്ച് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡിലും ഇറ്റലിയിലും സന്ദര്‍ശനം നടത്തിയ ഇവരുടെ മകന് മാര്‍ച്ച് 23-ന് ഇന്ത്യയില്‍ തിരിച്ചെത്തിയതാണ്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ യുവാവിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തെ മുഴുവന്‍ നിരീക്ഷണത്തില്‍ വച്ചിരിക്കുമ്പോള്‍ പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് യുവാവിന്റെ അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്ത് കര്‍ണ്ണാടകയില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഓഡിറ്റോറിയങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ സംസ്ഥാനത്തെ ഐട് ജിവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കര്‍ണ്ണാടക കല്‍ബുര്‍ഗിയില്‍ കോവിഡ് വന്ന് മരിച്ചയാളുമായി ഇടപെഴകിയ 31 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ അഞ്ച് പേര്‍ക്ക് രോഗം ഉള്ളതായി സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: