ന്യൂദല്‍ഹി: കൊറോണ ബാധിച്ച് ചൈനയിലും ഇതരരാജ്യങ്ങളിലുമായി മരണം 5000 ആയി. മൊത്തം 1,34,818 പേര്‍ക്ക് രോഗം ബാധിച്ചു. 70,395 പേര് രോഗ വിമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലുള്ളവരില്‍ 5758 പേരുടെ നില അതീവ ഗുരുതരം. ചൈനയില്‍ 3177 പേര് മരിച്ചു. ഇറ്റലിയില്‍ മരണമടഞ്ഞവര്‍ 1016 ആയി. ഇറാനില്‍ 429 പേരും ദക്ഷിണ കൊറിയയില്‍ 67 പേരും മരിച്ചു.
സ്പെയിനില്‍ 86, ഫ്രാന്‍സില്‍ 61, അമേരിക്കയില്‍ 41 ജപ്പാനില്‍ 19, ബ്രിട്ടനില്‍ 10, ഇറാഖില്‍ എട്ട്, ഹോങ്കോങ്ങില്‍ നാല്, ഓസ്ട്രേലിയയില്‍ മൂന്ന്, സ്വിറ്റ്സര്‍ലന്‍ഡില്‍ ഏഴ്, ജര്‍മനിയില്‍ ആറ് എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ മരണ നിരക്ക്.
ട്രൂഡോയുടെ ഭാര്യക്കും രോഗം
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.
യുഎന്നിലും
ഐക്യരാഷ്ട്രസഭയിലെ ഫിലിപ്പൈന്‍ നയതന്ത്ര പ്രതിനിധിയായ യുവതിക്കും കൊറോണ സ്ഥിരീകരിച്ചു.
മധുവിധു കഴിഞ്ഞെത്തിയപ്പോള്‍ കൊറോണ
ബെംഗളൂരുവില്‍ ഗൂഗിളില്‍ ജോലി ചെയ്യുന്ന ടെക്കിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. മുംബൈ സ്വദേശിയായാ ഇയാള്‍ ഗ്രീസില്‍ മധുവിധു ആഘോഷിക്കാന്‍ പോയിരുന്നു. ഇയാള്‍ ജയാനഗര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്.
മാളുകളും തിയറ്ററുകളും അടയ്ക്കും
മഹാരാഷ്ട്രയില്‍ മുംബൈ, നവി മുംബൈ, താനെ, നാഗ്പൂര്‍ എന്നീ ഇടങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, ജിമ്മുകള്‍ നീന്തല്‍ കുളങ്ങള്‍, തുടങ്ങിയവ അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 30 വരെ അടച്ചതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
സ്പെയ്നില്‍ മന്ത്രിക്കും വൈറസ് ബാധ
മാഡ്രിഡ്: സ്പെയ്നിലെ തുല്യതാ മന്ത്രി ഐറിന് മോണ്ടറോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെയും ഭര്‍ത്താവിനെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: