കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി കൂടി എത്തിയതോടെ മലബാറിന്റെ സാമ്പത്തിക മേഖല കൂപ്പുകുത്തുന്നു. എല്ലാ തൊഴില്‍ മേഖലകളും പൂര്‍ണമായി നിലച്ചു. കച്ചവടക്കാരും കൃഷിക്കാരും ഉള്‍പ്പെടെ എല്ലാവരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്.
പ്രവാസികള്‍ ഭീതിയില്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലബാറിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് അതിലേറെയും. യുഎഇ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ തുടരുന്നത് പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി അവധിക്ക് നാട്ടിലെത്തിയ ഇരുപതിനായിരത്തോളം പ്രവാസികള്‍ തിരിച്ചുപോകാനാകാതെ കുടുങ്ങി. ഈ രാജ്യങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇവരിലേറെയും. വിസയുടെ കാലാവധിയും ജോലിക്ക് അനുവദിച്ച അവധിയും തീരുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയത് സംഘടിപ്പിക്കാനും കടമ്പകളേറെയാണ്. പ്രവാസികളുടെ വരുമാനം നിലയ്ക്കുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകരും.
കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളും പ്രതിസന്ധിയില്‍
മലബാറിലെ രണ്ട് വിമാനത്താവളങ്ങളും പ്രതിസന്ധിയിലാണ്. രണ്ടിടത്ത് നിന്നും പ്രധാനമായി ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ കുവൈറ്റ്, ദോഹ, റിയാദ് സര്‍വീസുകള്‍ നിര്‍ത്തി. ഇതുമൂലം പ്രതിദിനം 1080 രാജ്യാന്തര യാത്രക്കാര്‍ കുറഞ്ഞു. വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവധിദിന ടൂര്‍ പാക്കേജുകള്‍ നിര്‍ത്തിത്തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാകുമെന്നാണ് സൂചന.
സൗദി അറേബ്യ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇന്‍ഡിഗോ വിമാനം കരിപ്പൂര്‍-ദമാം സെക്ടറില്‍ സര്‍വീസ് ആരംഭിച്ചു. ഇന്നലെ 175 യാത്രക്കാരുമായാണ് വിമാനം ദമാമിലേക്ക് പുറപ്പെട്ടത്. ആഴ്ചയില്‍ എല്ലാ ദിവസവും പ്രാദേശിക സമയം 7.55ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് 10.15ന് ദമാമില്‍ എത്തും.
ദമാമില്‍നിന്ന് രാത്രി 11.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.10ന് കരിപ്പൂരിലെത്തും വിധമാണ് സമയക്രമം. 186 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സര്‍വീസ് ആരംഭിച്ചത്. ഇന്‍ഡിഗോയുടെ കരിപ്പൂര്‍-റിയാദ് സര്‍വീസ് 20ന് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
പരിശോധന കര്‍ശനം
കണ്ണൂരില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് എത്തിയതെന്ന് ഉറപ്പായതോടെ ഇരു വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. മാര്‍ച്ച് അഞ്ചിനാണ് ഇയാള്‍ സ്പൈസ്ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയത്. അന്ന് രാത്രി 9.30നും 10.30നും രാമനാട്ടുകരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്നവര്‍ കൊറോണയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണമെന്ന് മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പ് വലിയ സന്നാഹം തന്നെ ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി. പ്രാഥമിക പരിശോധനയില്‍ സംശയം തോന്നുന്ന രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളേജ്, തിരൂര്‍ ഗവ.ആശുപത്രി എന്നിവിടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്നുണ്ട്.
പാല് ക്ഷാമം രൂക്ഷം
സംസ്ഥാനത്ത് പാല് ക്ഷാമം രൂക്ഷമാകുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാലെത്തിക്കാനുള്ള ശ്രമം മില്‍മ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അതിനും കടമ്പകളേറെയുണ്ട്. കൊറോണ ആശങ്ക ഇതരസംസ്ഥാനങ്ങളിലെ പാല് ശേഖരണത്തെ ബാധിക്കുന്നു. ഇവ എത്രയും വേഗം പരിഹരിക്കാനാണ് ശ്രമം. മലബാര്‍ മേഖലയില്‍ പാല് ക്ഷാമം രൂക്ഷമല്ല. തെക്കന്‍ കേരളത്തിലാണ് നിലവില്‍ പ്രതിസന്ധിയുള്ളത്. എന്നാല്‍ ചൂട് കനക്കുന്നതോടെ മലബാറിനെയും ഇത് ബാധിച്ചേക്കാം.
ഫുട്ബോള്‍ മേഖലയും തളരുന്നു
സാമ്പത്തിക മാന്ദ്യം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളെയും പിടികൂടുന്നു. മലബാറിന്റെ ഉത്സവമായ അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ കാണികള്‍ പേരിന് മാത്രം.
കോഴി കച്ചവടക്കാരും കര്‍ഷകരും ദുരിതത്തില്‍
കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനിയുമെത്തിയതോടെ മലബാറിലെ കോഴി കച്ചവടക്കാരും കര്‍ഷകരും ഒരുപോലെ ദുരിതത്തിലായി. കോഴിക്കോട് ജില്ലയിലാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ മലപ്പുറം പരപ്പനങ്ങാടിയിലും പക്ഷിപ്പനിയെത്തി.
ഇതോടെ നൂറുകണക്കിന് കോഴിഫാമുകള്‍ നിശ്ചലമായി. കോഴികളടക്കം പ്രദേശത്തെ ആയിരക്കണക്കിന് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ബാങ്ക് വായ്പയെടുത്തും മറ്റും കോഴി ഫാം തുടങ്ങിയ സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: