തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് വിജിലന്‍സ് റെയ്ഡില്‍ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. ഹോര്‍ട്ടികോര്‍പ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൃഷിമന്ത്രി ഇന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് അഴിമതി പോലീസ് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
2013 മുതല്‍ നടത്തിയ പഴം-പച്ചക്കറി സംഭരണത്തിന്റെ വിശദമായ വിവരങ്ങള്‍, കഴിഞ്ഞ 8 വര്‍ഷമായി നടത്തിയിട്ടുളള ഉദ്യോഗസ്ഥ നിയമനങ്ങള്‍, ജില്ല തിരിച്ചുളള വിശദമായ കണക്കുകള്‍, സൂപ്പര്‍വൈസര്‍മാര്‍ മുതലുളള ഉദ്യോഗസ്ഥരുടെ സ്വകാര്യ സ്വത്തുവിവരങ്ങള്‍, മുന്‍ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ അടക്കം വിശദമായ പരിശോധനയ്ക്കാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലാ മാനേജര്‍മാരായി വളരെക്കാലം തുടരുന്ന കരാര്‍ ജീവനക്കാര്‍, അക്കൗണ്ട് കൈകാര്യം ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ എന്നിവരെയും മാറ്റിക്കൊണ്ട് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്കി.
പച്ചക്കറി സംഭരണം, വിപണനം, കര്‍ഷകര്‍ക്കുളള തുക കൈമാറ്റം എന്നിവയെ സംബന്ധിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡ്വര്‍ തയ്യാറാക്കി കാര്‍ഷികോത്പാദന കമ്മീഷണര്‍ക്ക് 15 ദിവസത്തിനകം നല്‍കുന്നതിനും നിര്‍ദ്ദേശം നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പൂജപ്പുര ആസ്ഥാനത്തും ആനയറ വേള്ഡ്മാര്ക്കറ്റിലും വിജിലന്‍സ് പരിശോധന നടത്തിയത്. കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള് വഴി വില്‍പ്പന നടത്തി യഥാസമയം കര്‍ഷകര്‍ക്ക് തുക നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹോര്‍ട്ടികോര്‍പ്പ് പ്രവര്‍ത്തിക്കേണ്ടത് എന്ന് യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിന്റെ സുഗമമായ നടത്തിപ്പിനായി സെന്ട്രലൈയ്സ്ഡ് പര്‍ച്ചേയ്സ് കമ്മിറ്റി ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കുവാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്കി. ഹോര്‍ട്ടികോര്‍പ്പിന്റെ സുതാരയമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. യോഗത്തില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ്, കൃഷി ഡയറക്ടര്‍ ഡോ. വാസുകി ഐ.എ.എസ്, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. സജീവ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: