ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി അവഗണിച്ച് ആര്‍ജെഡി. രണ്ട് സീറ്റിലേക്കും ആര്‍ജെഡി ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനും സിറ്റിങ് എംപിയുമായ പ്രേംചന്ദ്ര ഗുപ്ത, അമരേന്ദ്ര ധാരി സിങ് എന്നിവരാണ് മത്സരിക്കുന്നത്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടപടി പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി. അഞ്ച് അംഗങ്ങളുടെ ഒഴിവാണ് സംസ്ഥാനത്തുനിന്നുള്ളത്. രണ്ടെണ്ണത്തില്‍ പ്രതിപക്ഷത്തിന് ജയിക്കാന്‍ സാധിക്കും.
ഒരു സീറ്റ് വേണമെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ ചുമതലയുള്ള ശക്തിസിങ് ഗോഹില്‍ ആര്‍ജെഡിക്ക് തുറന്ന കത്ത് അയച്ചിരുന്നു. ഇടുങ്ങിയ ചിന്താഗതിയാണെന്നാരോപിച്ച് ഇതിനെതിരെ ആര്‍ജെഡിയും രംഗത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തിയിലായിരുന്ന കോണ്‍ഗ്രസ്സിനെ അനുനയിപ്പിക്കാനാണ് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പത്രസമ്മേളനത്തില്‍ തേജസ്വി യാദവ് ഉറപ്പ് നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് വാക്ക് മാറ്റാന്‍ ആര്‍ജെഡി തീരുമാനിക്കുകയായിരുന്നു. മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ഇതിനെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവായ സുരേഷ് പച്ചൗരി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പച്ചൗരിയുമായി അടുപ്പമുള്ള എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്യുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി.
ജ്യോതിരാദിത്യ സിന്ധ്യക്ക് പുറമെ വനവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ സുമേര്‍ സിങ് സോളങ്കിയെ ബിജെപിസ്ഥാനാര്ഥിയാക്കി.
മുസ്ലിം തീവ്രവാദ പാര്‍ട്ടിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: അസമില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം തീവ്രവാദ പാര്‍ട്ടിയായ ബദറുദ്ദീന്‍ അജ്മലിന്റെ ഓള് ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടു (എഐയുഡിഎഫ്)മായി കൈകോര്‍ത്ത് കോണ്‍ഗ്രസ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ദേശസുരക്ഷാ നിയമപ്രകാരം നടപടി നേരിട്ട പത്രപ്രവര്ത്തകന് അജിത് ഭുയാനാണ് ഇരു പാര്‍ട്ടികളുടെയും സംയുക്ത സ്ഥാനാര്‍ത്ഥി.
സിഎഎ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്നു അജിത്. എഐയുഡിഎഫുമായി ബന്ധമുണ്ടെന്ന ബിജെപി ആരോപണം കോണ്‍ഗ്രസ് തുടര്‍ച്ചയായി നിഷേധിച്ചിരുന്നു.
ഭരണകക്ഷിയായ എന്‍ഡിഎ രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ എതിര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ രാജ്യസഭാ വിപ്പ് ഭുവനേശ്വര്‍ കാലിതായാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഒരു സീറ്റില്‍ സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: