കണ്ണൂര്‍: വരുംദിനങ്ങളില്‍ കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ജില്ലയിലെ സംവിധാനങ്ങള്‍ സജ്ജമാകണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ ഏതാനും സ്വകാര്യ ആശുപത്രികളിലും പരിശോധനയ്‌ക്കും നിരീക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. എം.കെ. ഷാജ് യോഗത്തെ അറിയിച്ചു. നിലവില്‍ ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. എന്നാല്‍ ഇന്ന് മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനാ സംവിധാനം ആരംഭിക്കും.
കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്താനും ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആശങ്കകള്‍ അകറ്റുന്നതിന് പ്രത്യേക കൗണ്‍സലര്‍മാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും ആളുകള്‍ കൂട്ടമായെത്തുന്ന പരിപാടികള്‍ മാറ്റിവയ്‌ക്കാന്‍ തയ്യാറാവാത്ത സംഭവങ്ങള്‍ ചിലയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി യോഗം വിലയിരുത്തി. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളും പോലിസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ളവയ്‌ക്ക് അമിത വില ഈടാക്കുന്നവരെയും പൂഴ്‌ത്തിവെക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. രോഗലക്ഷണങ്ങളുള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും.
വേനല്‍ ശക്തമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം, തീപ്പിടിത്തം, രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണത്തിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി. സുമേഷ്, അസിസ്റ്റന്റ് കളക്ടര്‍ ഹാരിസ് റഷീദ്, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.എം. ഷാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: