ആലപ്പുഴ: കൊറോണ ഭീതിയെത്തുടര്‍ന്ന് കായല്‍ ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിലായി. ഹൗസ് ബോട്ട്, ശിക്കാര വള്ളങ്ങള്‍ എന്നിവയില്‍ പലതും യാത്ര നടത്തിയിട്ട് ദിവസങ്ങളായി. മിക്ക റിസോര്‍ട്ടുകളിലും ആളൊഴിഞ്ഞു.
ഓഖി, പ്രളയങ്ങള്‍, തൊഴിലാളി സമരം, നിപ എന്നിവ കാരണം ഏതാനും വര്‍ഷങ്ങളായി പിന്നോട്ടടിച്ച ടൂറിസം മേഖല കരകയറുന്നതിനിടെയാണ് കൊറോണ. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കൊറോണയും, ഭീതിപ്പെടുത്തുന്ന പ്രചാരണങ്ങളും, സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും എല്ലാ പ്രതീക്ഷകളും തകര്‍ത്തെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ജനുവരിയില്‍ ടൂറിസ്റ്റുകള്‍ എത്തിയെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സഞ്ചാരികള്‍ കൈയൊഴിഞ്ഞു. ജൂണ്‍ വരെയാണ് ടൂറിസം സീസണ്. സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ് പ്രതിസന്ധി വഷളാക്കിയത്. ഇതോടെ വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കി. നാമമാത്രമായാണ് വിദേശികള്‍ എത്തുന്നത്. അവരുടെ വിവരങ്ങള്‍ ടൂറിസം പോലീസ് ശേഖരിക്കുന്നുണ്ട്.
ഏത് രാജ്യത്തു നിന്നാണ് എത്തിയത്, ഏത് വിമാനത്തിലാണ് യാത്രചെയ്തത് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്കിടെ വിരലിലെണ്ണാവുന്ന സഞ്ചാരികള്‍ മാത്രമേ എത്തിയിട്ടുള്ളൂ. കൊറോണ പടരുന്നതു തടയാനായി വിനോദയാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം സഞ്ചാരികള്‍ പാലിച്ചതാകാം കുറവിന് കാരണം.
ഹൗസ്ബോട്ടുകളില്‍ ഭൂരിഭാഗവും സവാരിക്ക് ആളില്ലാതെ കടക്കുകയാണ്. മുന്‍കരുതല്‍ എടുക്കണമെന്നും വിനോദയാത്രകള്‍ പരമാവധി കുറയ്ക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ആഭ്യന്തര സഞ്ചാരികളും കായല്‍ടൂറിസം മേഖലയെ കൈയൊഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: