മട്ടാഞ്ചേരി: കൊറോണ ഭീതിയിലെ നിയന്ത്രണങ്ങളെ തുടര്‍ന്ന് സമുദ്രോല്പന്ന കയറ്റുമതി മേഖല തകര്‍ച്ചയില്‍. കയറ്റുമതി സ്തംഭിച്ചു വിദേശനാണയ വരുമാനം കുറഞ്ഞു. ഇവ തൊഴിലില്ലായ്മ രൂക്ഷമാക്കും. സംസ്ഥാനത്തെ സാമ്പത്തിക മേഖലയ്‌ക്ക് വന്‍ ആഘാതമുണ്ടാക്കും. ഇതിനകം കയറ്റി അയയ്‌ക്കാന്‍ സജ്ജമാക്കിയ 100 കോടിയോളം രൂപയുടെ സമുദ്രോല്പന്നങ്ങള്‍ തുറമുഖങ്ങളിലും പ്ലാന്റുകളിലും കെട്ടിക്കിടക്കുകയാണ്. പ്രധാന ലോക വിപണന കേന്ദ്രങ്ങളായ യൂറോപ്പ്, ചൈന, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, അറേബ്യന്‍ രാജ്യങ്ങളടക്കമുള്ളവ കൊറോണ ഭീതിയിലായതോടെ സമുദ്രോല്പന്ന കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലുമായി.
നാരന്‍ കൂന്തല്‍, കണവ, ചെമ്മീന്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളുടെ കയറ്റുമതി സ്തംഭനം വന്‍ നഷ്ടമാണ് മേഖലയ്ക്കുണ്ടാക്കുക. സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ തൊഴിലാളികളാണ് പീലീങ് ഷെഡുകളിലും പ്ലാന്റുകളിലുമായി തൊഴിലെടുക്കുന്നത്. മത്സ്യ ബന്ധനം തുടങ്ങി അനുബന്ധ മേഖല കൂടിയാകുമ്പോള്‍ ഇത് ആറ്-ഏട്ട് ലക്ഷത്തിലേറെ വരുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 100.32 ഡോളര്‍ (7000 കോടി) രൂപയുടെ 2,42,218 ടണ്‍ സമുദ്രോല്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യ-ചൈന സമുദ്രോല്പന്ന മേഖലയില്‍ 500 ഓളം കയറ്റുമതിക്കാരാണുള്ളത്.
വിപണി സ്തംഭനാവസ്ഥയില്‍ വില തകര്‍ച്ചയും മത്സ്യമേഖലയെ തളര്‍ത്തുകയാണ്. കിലോയ്‌ക്ക് 370-600 രൂപ വിലയുള്ള ചെമ്മിന് 200 രൂപ യായി കുറഞ്ഞു. ചൈനയ്‌ക്കൊപ്പം യൂറോപ്പ്, ഇറ്റലി, സ്‌പെയിന്‍, തുടങ്ങിയയിടങ്ങളിലെ വിപണി തിരിച്ചടി സമുദ്രോല്പന്ന കയറ്റുമതി മേഖലയ്‌ക്ക് വന്‍ ആഘാതം സൃഷ്ടിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക