കോട്ടയം: ലോകത്തെ ഭീതിയിലാക്കിയ കൊറോണയെ തുടര്‍ന്ന് ടൂറിസം മേഖല തകര്‍ന്നടിഞ്ഞു. കോടികളുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. അവധിക്കാല ടൂറിസം തുടങ്ങാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് കൊറോണ ആശങ്ക പരത്തിയത്. ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കിയതും രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതും ടൂറിസം മേഖലയ്ക്ക് കനത്ത പ്രഹരമാണ്ഏല്പ്പിച്ചത്. മഹാപ്രളയത്തിന് ശേഷം ടൂറിസം മേഖല കര കയറി വരുമ്പോഴാണ് കൊറോണ വ്യാപനം ഉണ്ടായത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നിശ്ചലമാവുകയാണ്. ഇതൊടെ ആയിരക്കണക്കിനാളുകളുടെ ഉപജീവന മാര്‍ഗ്ഗവും വഴിമുട്ടി. വാഗമണില്‍ ചെറുതും വലുതുമായ 1200 ഓളം റിസോര്‍ട്ടുകളുണ്ട്. ഇതില്‍ നല്ലൊരു ശതമാനവും അടഞ്ഞ് കിടക്കുന്നു. തേക്കടി, മൂന്നാര്‍ എന്നിവടങ്ങളിലും സമാന സാഹചര്യമാണ്. കായലോര ടൂറിസം കേന്ദ്രമായ കുമരകത്ത് 200 ഓളം ജലയാനങ്ങളില്‍ പകുതിയും സര്‍വീസ് നടത്തുന്നില്ല. റിസോര്‍ട്ടുകളില്‍ നൂറില്‍ താഴെ സഞ്ചാരികള്‍ മാത്രമാണുള്ളത്. വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം വന്നതോടെ അവധിക്കാലത്തേക്കുള്ള 70 ശതമാനം ബുക്കിങും നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.
അവധിക്കാലത്ത് വിദേശ സഞ്ചാരികളെക്കാളും ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്നത് സ്വദേശികളാണ്. കുടുംബ കൂട്ടായ്മകളും അയല്‍ക്കൂട്ടങ്ങളും അവധിക്കാലമാണ് യാത്രകള്‍ക്ക് തെരഞ്ഞെടുക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ ടൂറിസം കേന്ദ്രങ്ങള്‍ വിജനമാകാം. സ്വദേശികള്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും വരാത്ത സാഹചര്യമുണ്ടാകും.
കൊറോണ ഭീതിയെ തുടര്‍ന്ന് തദ്ദേശീയര്‍ തന്നെ സഞ്ചാരികളെ മടക്കി അയയ്ക്കുകയാണ്. കഴിഞ്ഞ ദിവസം വൈക്കം ചെമ്പ് മുറിഞ്ഞപുഴയില്‍ എത്തിയ വിനോദസഞ്ചാരികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് മടക്കി അയയ്ച്ചു. ഇറ്റലി, ഫ്രാന്‍സ്, സാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി എത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തെയാണ് മടക്കി അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: