കൊച്ചി: കൊറോണ (കോവിഡ് 19) വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ന് കൊച്ചി വിമാനത്താവളത്തില്‍ 30 വിമാനങ്ങളിലായെത്തിയ 3135 വിദേശയാത്രക്കാരില്‍ 18 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് എറണാകുളം കളക്ടര്‍ എസ്. സുഹാസ്. 3107 അഭ്യന്തര യാത്രക്കാരില്‍ രണ്ടുപേര്‍ക്കും ലക്ഷണങ്ങള്‍ കണ്ടെത്തി. ലക്ഷണങ്ങളുള്ളവര്‍ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്നും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്നും വന്നവരാണ്.
ജില്ലയില്‍ 443 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 37 പേര് ഐസോലേഷന് വാര്‍ഡുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 30 പേര് കളമശേരി മെഡിക്കല്‍ കോളേജിലും ഏഴു പേര് മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലുമാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 226 രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് പോസിറ്റീവ് ഫലം ലഭിച്ചത്. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇന്ന് 57 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചെന്നും കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സമ്പര്‍ക്കം നടത്തിയ 23 പേര് നിരീക്ഷണത്തിലാണ്. 47146 പേരെ മാര്‍ച്ച് മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു. ഇന്ന് വിമാനത്താവളത്തിലെത്തിയവരെ അംബുലന്സുകളില് അവരുടെ വീടുകളില്‍ എത്തിച്ചുവെന്നും വീടുകലില് നിരീക്ഷണത്തില്‍ കഴിയുന്നത് ലുലു ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: