തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാത വികസനത്തില്‍ ബാലരാമപുരം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച അടിപ്പാത നിര്‍മ്മാണം ബാഹ്യശക്തികളുടെ ഇടപെടല്‍ കാരണം അട്ടിമറിക്കപ്പെട്ടുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രകമ്മിറ്റി യോഗം ആരോപിച്ചു. ജംഗ്ഷന്‍ വികസനം തന്നെ അട്ടിമറിക്കാന്‍ ആസൂതിമായ ശ്രമം നടക്കുകയാണ്. അടിപ്പാതയോ മേല്‍പ്പാലമോ നിര്‍മ്മിക്കാതെ ബാലരാമപുരം ജംഗ്ഷനില്‍ നടത്തുന്ന വികസനം കൊണ്ട് യാത്രക്കാരുടെ ബുദ്ധിമുട്ടിന് ഒരു പരിഹാരവും ഉണ്ടാകാന്‍ പോകുന്നില്ല. മുടവൂര്‍പ്പാറയില്‍ റോഡരികത്ത് സ്ഥാപിച്ചിരിക്കുന്ന ഗുരുമന്ദിരം മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. ബാലരാമപുരം ജംഗ്ഷന്‍ മുതല്‍ വഴിമുക്ക് വരെയുള്ള ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് നിലവിലുള്ളതിനാല്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നും യോഗം ആവശ്യപ്പെട്ടു.
വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള അലൈമെന്റ് തയ്യാറാക്കി 2 വര്‍ഷം കഴിഞ്ഞിട്ടും അത് അംഗീകരിച്ച് ഭൂമി അതിര് തിരിച്ച് കല്ലിടാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അഡ്വ: എ.എസ്. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം രക്ഷാധികാരി ആര്‍.എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്. ലളിത്, അഡ്വ. അനിരുദ്ധന്‍നായര്‍, വിജയന്‍നായര്‍, നേമം ജബ്ബാര്‍, എന്‍.ആര്‍.സി. നായര്‍, എം. രവീന്ദ്രന്‍, ചെങ്കല്‍ ഋഷികേശന്‍നായര്‍, വി.എസ്. ജയറാം, ജി. പരമേശ്വരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
















