കോട്ടയം: കോവിഡ് 19 ബാധയെ തുടര്‍ന്ന് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിരവധി കലാകാരന്മാരും അതുമായി ബന്ധപ്പെട്ടവരും ഏറെ ബുദ്ധിമുട്ടിലാകും. ഒരു ഉത്സവകാലത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവര്‍.
നൂറിലേറെ നാടക സംഘങ്ങള്‍, ഗാനമേള, ബാലെ സംഘങ്ങള്‍, മിമിക്സ് സംഘങ്ങള്‍, കാഥാപ്രസംഗ കലാകാരന്മാര്, ക്ഷേത്രകലാകാരന്മാര്, കഥകളി, ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത് എന്നി കലാകാരന്മാര്, ചെണ്ടമേളം, പഞ്ചാരിമേളം എന്നിങ്ങനെ വിവിധ മേഖലകളിലെ കലാകാരന്മാരുടെ വരുമാനം ഒരു ഉത്സവകാലത്തെ ആശ്രയിച്ചാണ്. വിവിധ കലാകാരന്മാരുടെ കുടുംബങ്ങളും ഇതോടെ പ്രതിസന്ധിയിലാകുന്നു. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി മൈക്ക് സെറ്റ്, പന്തല്‍, പ്രിന്റിംങ് പ്രസ്സുകള്‍, ചിന്തിക്കടക്കച്ചവടക്കാര്, ചെറുകിട പലഹാരക്കച്ചവടക്കാര്‍ എന്നിവരൊക്കെ വരുമാനം പ്രതീക്ഷിക്കുന്നത് ഉത്സവകാലത്താണ്.
ഓരോ ഉത്സവകാലത്തും കോടിക്കണക്കിന് രൂപയാണ് വിപണിയിലേയ്ക്ക് എത്തുന്നത്. ആനയും ആനയുമായി ബന്ധപ്പെട്ടവരും ഉത്സവത്തെ വരുമാനത്തെ ആശ്രയിക്കുന്നവരാണ്. പ്രളയത്തിന് ശേഷം ഉത്സവ ആഘോഷങ്ങള്‍ കുറവായിരുന്നു. അന്നും കാലാകാരന്മാരും അതുമായി ബന്ധപ്പെട്ടവരും വളരെ പ്രതിസന്ധിയിലായിരുന്നു. ഈ ഉത്സവകാലം ആഘോഷങ്ങള്‍ ഒഴിവാക്കുമ്പോള്‍ അമ്പതിനായിരത്തിലേറെ കുടുംബങ്ങളെയാണ് ബാധിക്കുന്നത്.
പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ കോഴിയേയും താറാവിനെയും കൊന്നൊടുക്കിയ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. അതുപോലെ കാലാകാരന്മാര്ക്കും സഹായം അനുവദിക്കണമെന്ന് പ്രശസ്ത നാടക നടന് കോട്ടയം രമേശ് ആവശ്യപ്പെട്ടു. പല കലാകാരന്മാരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: