തരിശുഭൂമിയില്‍ കൃഷി ചെയ്ത് മധുര വിജയം നേടിയിരിക്കയാണ് എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിലെ വനിതാ കൂട്ടായ്മ. 10 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയ കരിമ്പുകൃഷി നൂറുമേനി വിളവെടുക്കാന്‍ ഒരുങ്ങുകയാണ്. ‘ഹരിത കിഴക്കമ്പലം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ-തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാളിയേക്കമോളം, അമ്പുനാട് എന്നീ വാര്‍ഡുകളിലാണ് കൃഷിയിറക്കിയത്. മാളിയേക്കമോളം വാര്‍ഡില്‍ കരിമ്പ് കൃഷിക്കൊപ്പം വിജയകരമായി മത്സ്യ കൃഷിയും നടത്തുന്നുണ്ട്. നിലവില്‍ 10 ഏക്കറിലാണ് കേരളത്തിലെ തന്നെ തനതു കരിമ്പ് വിത്തിനമായ ‘മാധുരി’ കൃഷി ചെയ്തിരിക്കുന്നത്. ഒരേക്കറില്‍ നിന്ന് 4000 കിലോ ശര്‍ക്കര ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
ജൈവ രീതിയില്‍ കൃഷി ചെയ്ത കരിമ്പില്‍ നിന്ന് മായമില്ലാത്ത ശര്‍ക്കര ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. കിഴക്കമ്പലത്ത് തന്നെ ഉത്പാദിപ്പിക്കുന്ന ശര്‍ക്കര കര്‍ഷകര്‍ക്ക് ന്യായ വില നല്കി ഏറ്റെടുക്കുകയും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ കിഴക്കമ്പലത്തെ ജങ്ങള്‍ക്കു തന്നെ ലഭ്യമാക്കുമെന്നും ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ഭാവിയില്‍ കരിമ്പു കൃഷി 50 ഏക്കറോളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ കൃഷി നശിച്ച് പ്രതിസന്ധിയിലായ വനിതാ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ കരിമ്പു കൃഷി. പ്രളയം മൂലം ഈ പ്രദേശത്തെ വാഴ, പയര്‍ കൃഷി വന്‍തോതില്‍ നശിച്ചതോടെ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. നഷ്ടസാധ്യത ഭയന്ന് എന്തു കൃഷി ചെയ്യുമെന്ന ആശയക്കുഴപ്പത്തിനിടെയാണ് കരിമ്പു കൃഷി എന്ന ആശയം ഉദിച്ചതെന്ന് മാളിയേക്കമോളം കുടുംബശ്രീ-എഡിഎസ് സെക്രട്ടറി ഡെയ്സി ജോസ് പറഞ്ഞു. ട്വന്റി 20 വിത്തും വളവും ലഭ്യമാക്കിയതോടെ പരീക്ഷണത്തിനു ധൈര്യം കിട്ടി. തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും കൂട്ടായ്മയുടെ പരിശ്രമം ഇപ്പോള്‍ വിജയം കണ്ടതായി ഡെയ്സി പറഞ്ഞു. ന്യായവില ലഭിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ഈ കൃഷി ഒരിക്കലും നഷ്ടമല്ല. പൂര്‍ണമായും ജൈവ വളങ്ങള്‍ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ. രണ്ടു മൂന്നു തവണ വിളവെടുക്കാമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
ജൈവ കൃഷി തികച്ചും ലാഭകരമാണെന്ന് തെളിയിക്കുകയാണ് ഈ ഗ്രാമം. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമെന്ന ആശയമൊന്നു മാത്രമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന തിരിച്ചറിവിലാണ് ഇവര്‍ കൃഷി നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഒരു തുണ്ട് ഭൂമി പോലും തരിശിടാതെ വിള സമൃദ്ധയോടെ കിഴക്കമ്പലത്ത് ഹരിത വിപ്ലവം തീര്‍ക്കുവാനാണ് ട്വന്റി 20 ഭരണ സമിതി അംഗങ്ങളും ജനങ്ങളും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: