ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന മധ്യപ്രദേശ് രാഷ്ട്രീയം വഴിത്തിരിവിലായിരിക്കുന്നു. കമല്‍നാഥ് സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ക്കുനേരെ അതിശക്തമായ നിലപാടു സ്വീകരിക്കുകയും ക്രിയാത്മക രാഷ്ട്രീയത്തിന് വളക്കൂറ് വേണമെന്ന നിലപാടു സ്വീകരിക്കുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരിക്കുകയാണ്.
അറുപതാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് ജനങ്ങളില്‍ നിന്ന് അകന്നുപോയി എന്നതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ മറുപടിയിലുണ്ട്. പതിനെട്ടു വര്‍ഷം ആത്മാര്‍ഥമായി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാന്‍ അവസരം കിട്ടിയില്ല എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം ജയപ്രകാശ് നാരായണനെ പോലെയുള്ളവരില്‍ നിന്ന് പഠിക്കുന്നതിനു പകരം സ്വന്തം നേട്ടത്തിന്റെ തട്ടകത്തിലേക്ക് വഴി മറിഞ്ഞു എന്നു സിന്ധ്യ പരാതിപ്പെടുന്നു. കമല്‍നാഥിന്റെയും സംഘത്തിന്റെയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ അണിയറയില്‍ നടന്നതൊക്കെ കൃത്യമായി അറിഞ്ഞയാളാണ് ജ്യോതിരാദിത്യ.
അഭിമാനാര്‍ഹവും നിസ്തുലവും പ്രചോദനാത്മകവുമായ രാഷ്ട്രീയ സംസ്കാരത്തിന്റെ മൂശയിലൂടെ വളര്‍ന്നുവന്ന ആ യുവനേതാവ്, കൃത്യമായ നീക്കങ്ങളിലൂടെയും നിലപാടുകളിലൂടെയും മുന്നേറുകയായിരുന്നു. മുത്തശ്ശിയും അമ്മായിമാരും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെക്കുറിച്ച് ജ്യോതിരാദിത്യക്ക് ആരും ക്ലാസ് കൊടുക്കേണ്ട കാര്യമില്ല. അച്ഛന്റെ രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ എന്തോ ഒരു അരുതായ്ക അദ്ദേഹത്തെ വലയം ചെയ്തിരുന്നു. തന്റെ അവസരങ്ങളെ ബോധപൂര്‍വം അട്ടിമറിക്കുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കുകയായിരുന്നു ജോതിരാദിത്യ. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷയില്‍ അക്ഷീണം പ്രവര്‍ത്തിച്ചെങ്കിലും അരുകിലേക്ക് തള്ളി മാറ്റുന്നതിനായിരുന്നു കമല്‍നാഥും സംഘവും ശ്രമിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അട്ടിമറി നടന്നതെന്ന് തികച്ചും വ്യക്തമായിരുന്നു. അതിന്റെ മുറിവും പേറിയാണ് ജ്യോതിരാദിത്യ മുന്നോട്ടു പോയത്. ഒടുവില്‍ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിലും അപമാനകരമായ നീക്കം ബോധ്യപ്പെട്ട അദ്ദേഹം ഇനി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ലെന്ന് നിശ്ചയിക്കുകയായിരുന്നു.
മധ്യപ്രദേശില്‍ ചുരുങ്ങിയ സീറ്റിന് ഭരണം നഷ്ടപ്പെട്ട ബിജെപിയെ സംബന്ധിച്ചിടത്തോളം ജ്യോതിരാദിത്യ അന്യ വ്യക്തിയല്ല. അദ്ദേഹത്തിന്റെ രക്തബന്ധുക്കളില്‍ പ്രമുഖരായവരൊക്കെ ബിജെപിയുടെ ഉന്നത നേതൃനിരയില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമാണ്. ഗ്വാളിയോര്‍ രാജകുടുംബത്തിലെ ഈ ഇളമുറക്കാരന് അതുകൊണ്ടുതന്നെ മറ്റൊരു പാര്‍ട്ടിയിലേക്കു പോകുകയാണെന്ന തോന്നലും ഉണ്ടാവില്ല. ജനങ്ങളെ സേവിക്കുകയും അവര്‍ക്ക് കൈത്താങ്ങായി നില്‍ക്കുകയും ചെയ്യുന്ന രാജകുടുംബത്തിന്റെ സംസ്കാരത്തിനൊത്ത് മുന്നേറാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്ന തിരിച്ചറിവാണ് നേര്‍വഴിക്ക് പോകാന്‍ സിന്ധ്യയെ പ്രേരിപ്പിച്ചത്. അതിനൊപ്പം നില്ക്കാന് ഇരുപതോളം സാമാജികരും തീരുമാനിച്ചു.
കോണ്‍ഗ്രസിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കുള്ള തിരിച്ചടിയായി കൂടിവേണം ഇവരുടെ രാജിയെ കാണാന്‍. വൃദ്ധ നേതൃത്വങ്ങളുടെ ദൂരക്കാഴ്ചയില്ലാത്ത നിലപാടുകളുടെ ആകെത്തുകയാണ് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ കാണുന്നത്. മാര്‍ച്ച് 16ന് ആരംഭിക്കേണ്ട ബജറ്റ് സമ്മേളനം ഇതോടെ അനിശ്ചിതത്വത്തിലായി. എല്ലാ അനുനയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായി നാണം കെടാതിരിക്കാനുള്ള ഉപായമായേ അതിനെ വിലയിരുത്താനാവൂ. എന്നാല്‍ അതിനു മുമ്പുതന്നെ ജ്യോതിരാദിത്യ രാജി സമര്‍പ്പിച്ചിരുന്നു എന്നതാണ് വസ്തുത.
ബിജെപിക്കെതിരെ പെരുംനുണയുടെ പെരുമ്പറ കൊട്ടി ആഘോഷിച്ചിരുന്ന കോണ്‍ഗ്രസിന് ഞെട്ടലാണ് മധ്യപ്രദേശ് സംഭവവികാസങ്ങള്‍. അവര്‍ക്ക് ചങ്കിടിപ്പായി രാജസ്ഥാനും മഹാരാഷ്ട്രയും തൊട്ടടുത്തുണ്ട്. സിഎഎ നിയമമുള്‍പ്പെടെ കൊണ്ടുവന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസിന് കിട്ടിയ ജനകീയ തിരിച്ചടിയാണ് ജ്യോതിരാദിത്യയുടെയും സാമാജികരുടെയും രാജിയും തുടര്‍ന്നുള്ള സംഭവഗതികളും. ജനങ്ങളുടെ ഹൃദ്സ്പന്ദനങ്ങള്‍ അറിയുന്ന നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: