ന്യൂഡല്‍ഹി: രാജിവെച്ചൊഴിഞ്ഞ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നാണക്കേടില്‍ നിന്ന് ഒഴിവാകാന്‍ കോണ്‍ഗ്രസ് നീക്കം. പാര്‍ട്ടിക്കുള്ളില്‍ നിന്നും കടുത്ത അവഗണനകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ രാജിവെയ്ക്കുകയാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അനുമതിയും നല്‍കിയതിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുറത്താക്കല്‍ നടപടി ഉടന്‍ പ്രാബല്യത്തില്‍ വന്നതായും വേണുഗോപാല്‍ അറിയിച്ചു.
18 വര്‍ഷമായി കോണ്‍ഗ്രസിലുണ്ടായിരുന്ന താന്‍ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്കിയ രാജിക്കത്തില്‍ സിന്ധ്യ അറിയിച്ചിരുന്നത്.
കോണ്‍ഗ്രസ്സില്‍ നിന്ന് ഇനി രാജ്യസേവനം സാധിക്കില്ലെന്ന തിരിച്ചറിവിലാണ് താന്‍ രാജിവെയ്ക്കുന്നത്. ജനങ്ങളേയും രാജ്യത്തേയും സേവിക്കുക എന്ന തന്റെ ലക്ഷ്യം തുടരുന്നതാണ്. പാര്‍ട്ടിയിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും സിന്ധ്യയുടെ രാജിക്കത്തില്‍ പറയുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: