ന്യൂദൽഹി: മധ്യപ്രദേശിൽ രാഷ്‌ട്രീയ നാടകങ്ങൾ നിലനിൽക്കെ കോൺഗ്രസ് നേതാവും മുൻ ഗ്വോളിയോർ എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് സിന്ധ്യ മോദിയെ കണ്ടത്. സിന്ധ്യ ബിജെപിയിൽ ചേരുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവന നടത്തിയിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും മിശ്ര വ്യക്തമാക്കിയിരുന്നു. അടിയന്തിര സാഹചര്യം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 23 എംഎൽഎമാരുടെ പിന്തുണ മാത്രമേ സിന്ധ്യയ്‌ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതോടെ മുതിർന്ന നേതാവ് കമൽനാഥ് മുഖ്യമന്ത്രി പദം ഏറ്റെടുക്കുകയും സംസ്ഥാന കോൺഗ്രസിൽ ആധിപത്യം നിലനിർത്തുകയും ചെയ്തു. ഇതോടെ കമൽനാഥും സിന്ധ്യയും തമ്മിലുള്ള ഭിന്നത അടുത്തയിടെ മറനീക്കി പുറത്തുവന്നു.
ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒന്നുകിൽ തനിക്ക് സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നും സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. സിന്ധ്യയ്‌ക്കിപ്പോൾ 17 എംഎൽഎമാരുടെ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: