കൊല്ലം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ഇന്‍വിജിലേറ്റര്‍മാരായി യുപി സ്കൂള്‍ അധ്യാപകരെയും നിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇന്‍വിജിലേറ്റര്‍മാരായി നേരത്തെ നിശ്ചയിച്ച സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി അധ്യാപകരില്‍ വലിയൊരു വിഭാഗവും അവധിയില്‍ പ്രവേശിച്ചതാണ് യുപി സ്കൂള്‍ അധ്യാപകരുടെ സഹായം തേടാന്‍ മിക്ക ജില്ലകളിലും വിദ്യാഭ്യാസ ഓഫീസര്‍മാരെ പ്രേരിപ്പിക്കുന്നത്. അതേസമയം, കുറഞ്ഞ വേതനവും ജോലിസമയത്തെ കഠിനമായ ചൂടുമാണ് പല അധ്യാപകരെയും ഇന്‍വിജിലേറ്റര്‍ പണിയില്‍ നിന്ന് പിന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ചില യുപി സ്കൂള്‍ അധ്യാപകര്‍ ഇതിനെതിരെ പരാതിയുമായി രംഗത്തുവന്നെങ്കിലും വകുപ്പ് അധികൃതര്‍ ഇതൊന്നും ചെവിക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് വരെ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയോഗിക്കുന്നുണ്ടെന്ന വാദമാണ് ഇതിനെ പ്രതിരോധിക്കാന്‍ വകുപ്പ് ഉയര്‍ത്തുന്നത്.
അവധിയില്‍ പ്രവേശിക്കാനായി ആരോഗ്യപ്രശ്നങ്ങളാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടി ചെയ്യേണ്ട അധ്യാപകര്‍ ഉന്നയിക്കുന്നത്. ഒരുവിഭാഗം അധ്യാപകര്‍ രാഷ്ട്രീയ, യൂണിയന് വഴിയുള്ള സ്വാധീനവും ഇതിനായി വിനിയോഗിക്കുന്നു. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങളില്‍ പ്രത്യേക ഉത്തരവുകള്‍ യഥാകാലങ്ങളില്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം കൃത്യമായി പാലിക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. പരീക്ഷ സുഗമമായി നടത്താന്‍ പ്രൈമറി അധ്യാപകരുടെ സേവനവും വിനിയോഗിക്കാമെന്ന നിര്‍ദേശമാണ് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ജില്ലാ ഓഫീസുകളില്‍ ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: