Categories: Article

അശ്വിനി കുമാര്‍ ബലിദാന ദിനം ഇന്ന്; പാതിയില്‍ പൊലിഞ്ഞ അശ്വിനി നക്ഷത്രം

2005 മാര്‍ച്ച് 10 ന്, തൊഴിലിടത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ബസില്‍ വച്ച് ഒരു സംഘം ജിഹാദികള്‍ അശിനികുമാറിനെ വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം 27

ആര്‍എസ്എസ് സജീവ പ്രവര്‍ത്തകനായിരുന്ന പുന്നാട് അശ്വിനികുമാര്‍ ഓര്‍മയായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം.  സ്‌നേഹ വാത്സല്യങ്ങളുടെ ആള്‍രൂപമായിരുന്ന അദ്ദേഹത്തിന്റെ സാമീപ്യം അനുഭവിച്ചവര്‍ക്കാര്‍ക്കും ഇന്നും ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനായിട്ടില്ല. 2005 മാര്‍ച്ച് 10 ന്, തൊഴിലിടത്തേയ്‌ക്കുള്ള യാത്രയ്‌ക്കിടയില്‍ ബസില്‍ ഒരു സംഘം ജിഹാദികള്‍ അശിനികുമാറിനെ വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം 27.  

അടിയന്തരാവസ്ഥക്ക് മുമ്പുതന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം പുന്നാടെത്തിയിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ക്രൂര മര്‍ദ്ദനങ്ങള്‍ക്കും ജയില്‍വാസത്തിനുമെല്ലാം വിധേയരായവരും രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുമായി അനേകം സ്വയംസേവകര്‍ ഇവിടെയുണ്ട്. പുന്നാട് പ്രദേശം കമ്യൂണിസ്റ്റ് കേന്ദ്രമായിരുന്നു. സ്വയം സേവകരുടെ ത്യാഗ നിര്‍ഭരരായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ഒട്ടേറെ യുവാക്കള്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ശാഖയിലെത്തി. പുന്നാടിന്റെ എല്ലാ ഭാഗങ്ങളിലും ശാഖകള്‍ക്കു തുടക്കമായി. മണ്ണിനുള്ളിലും കാട്ടിനുള്ളിലുമെല്ലാം പെട്ടുപോയ ക്ഷേത്രസങ്കേതങ്ങളിലെല്ലാം തിരി തെളിയാന്‍ തുടങ്ങി.  

അച്ഛനുമമ്മയും കൂലിപ്പണിക്കാര്‍. അന്നന്നത്തെ അദ്ധ്വാനം കൊണ്ട് അവര്‍ നാല് മക്കളെയും പോറ്റി വളര്‍ത്തി. ഒരു കുടിലിനുള്ളിലായിരുന്നു ആ കുടുംബം കഴിഞ്ഞത്.  പക്ഷെ ആ  കുടില്‍ നാടിന്റെ പ്രതീക്ഷയായി മാറി,  കാരണം അവിടെയുള്ളത് പ്രകാശം പരത്തുന്ന ഒരു കുട്ടിയാണ്. പാറപ്പുറത്ത് വിരിഞ്ഞു സൗരഭ്യം പരത്തിയ ഒരു പനിനീര്‍പ്പൂവായിരുന്നു അശ്വിനികുമാര്‍.

സംഘത്തിന്റെ ആവശ്യം എന്താണെന്നറിഞ്ഞു പ്രവര്‍ത്തിക്കുന്നതായിരുന്നു സ്വഭാവം.  കുഞ്ഞു കവിതകളും, കഥകളുമെഴുതും. അഭിനേതാവ് കൂടിയായിരുന്നു. കലോത്സവ വേദികളില്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു.  അശ്വിനികുമാറിന്റെ ‘പെരുന്തച്ചന്‍’ നാട്ടുകാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ചെറുപ്പത്തില്‍ തന്നെ തന്റെ കര്‍മ മണ്ഡലം ഏതെന്ന് തിരിച്ചറിഞ്ഞിരുന്നു. അത് സംഘാടനവും പ്രഭാഷണവുമായിരുന്നു. കുട്ടികളോടും പ്രായമായവരോടും ബുദ്ധിജീവികളോടും വരെ എങ്ങിനെ സംവദിക്കണമെന്ന് ചെറുപ്പ കാലത്തുതന്നെ മനസ്സിലാക്കി. അതിനായി ആഴത്തിലും പരപ്പിലുമുള്ള വായന ശീലമാക്കി. മീത്തലെ പുന്നാട് യുപി സ്‌കൂള്‍, നിര്‍മലഗിരി കോളേജ്, മട്ടന്നൂര്‍ പിആര്‍ എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളിലെല്ലാം പഠിക്കുന്നതിനിടയില്‍  പരിചയപ്പെട്ടവരെയെല്ലാം പെരുമാറ്റം കൊണ്ട് കീഴടക്കി. അശ്വിനികുമാറിന്റെ സ്‌നേഹ സാന്നിധ്യം കൊണ്ടുമാത്രം പലപ്പോഴും വിദ്യാര്‍ത്ഥി  രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍  ഒഴിവായി.

സായം ശാഖാ  മുഖ്യശിക്ഷകായി, മണ്ഡല്‍ കാര്യവാഹകായി, താലൂക് കാര്യകര്‍ത്താവായി, കണ്ണൂര്‍ ജില്ലാ ബൗദ്ധിക്  ശിക്ഷണ്‍ പ്രമുഖായി സംഘകാര്യം നിരന്തരം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ശാഖ സാമൂഹ്യ പരിവര്‍ത്തനത്തിനുതകണം എന്ന പാഠംകൂടി മനസ്സിലാക്കി. മാതൃശക്തി സംഘാടനത്തിലും ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. സാധാരണ മുതിര്‍ന്ന ആളുകള്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കി വരാറുള്ള സ്ത്രീ സംഗമങ്ങളിലും, ക്ഷേത്ര സദസ്സുകളിലും ചെറുപ്രായത്തില്‍ തന്നെ  അശ്വിനികുമാര്‍ സജീവമായിരുന്നു. ഇതിനെല്ലാം ആവശ്യമുള്ള അനുഭവങ്ങള്‍ സ്വന്തം  ഗ്രാമത്തില്‍ നിന്നും സ്വീകരിച്ചു. ജീര്‍ണ്ണിച്ച ഗ്രാമക്ഷേത്രത്തിന്റെ ഭാരവാഹിത്വം ഏറ്റെടുത്തു. പൂജയും പ്രാര്‍ത്ഥനയും അന്നദാനവും മാത്രമുള്ളതാവരുത് തന്റെ ക്ഷേത്രമെന്ന്  തീരുമാനിച്ച് ധര്‍മ്മ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി.  പരമേശ്വര്‍ജിയുടെ മാര്‍ഗ്ഗ ദര്‍ശനമനുസരിച്ച് ക്ഷേത്രം കേന്ദ്രീകരിച്ച് ഗീതാ സ്വാദ്ധ്യായ കേന്ദ്രം തുടങ്ങി. പ്രഭാഷണങ്ങളില്‍ ഗീത മുഖ്യവിഷയമാക്കി. പുന്നാട് ഇന്ന് ‘ഗീതാഗ്രാമമായി’ മാറിയതിന്റെ തുടക്കം അവിടെയാണ്. അതിനിടയില്‍ ഭാരതീയ വിദ്യാഭ്യാസ പദ്ധതികളനുസരിക്കുന്ന ഒരു വിദ്യാലയം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കാര്യകര്‍ത്താവ് അശ്വിനി കുമാര്‍ ആയിരുന്നു. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തന്നെ അറിയപ്പെടുന്ന നിവേദിതാ വിദ്യാലയത്തിന്റെ മുഖ്യ ചുമതല ഏറ്റെടുക്കാനുള്ള നിയോഗവും അദ്ദേഹത്തിനായിരുന്നു. പ്രഗതി വിദ്യാ നികേതനില്‍ അദ്ധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനായിരുന്ന അശ്വിനി കുമാറിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തരാവാന്‍  പല വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങ് തന്നെ നടത്തേണ്ടിവന്നു. അത്രയ്‌ക്കായിരുന്നു കുട്ടികളുമായുള്ള  ആത്മബന്ധം.  

മാറാട് കൂട്ടക്കുരുതിയെ തുടര്‍ന്ന് കേരളത്തില്‍, ഹൈന്ദവരുടെ സമരാത്മക സംഘടന എന്ന നിലയില്‍ ഹിന്ദു ഐക്യവേദി സജ്ജമാകുകയായിരുന്നു. അശ്വനി കുമാര്‍ ഹിന്ദു ഐക്യവേദിയുടെ കണ്ണൂര്‍ ജില്ല സംഘടനാ ജനറല്‍ സെക്രട്ടറിയായി.  

2005 മാര്‍ച്ച് 10 ന് വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള കാവില്‍ ഉത്സവം ദര്‍ശിച്ച് രണ്ടര കിലോമീറ്റര്‍ നടന്നാണ് അദ്ദേഹം പുന്നാട് ബസാറില്‍ എത്തിയത്. കുട്ടികളോടും പ്രായമായവരോടുമെല്ലാം പുഞ്ചിരിച്ചും സ്‌നേഹാന്വേഷണം നടത്തിയും ടൗണിലെത്താന്‍ പതിവുപോലെ ഇരട്ടിയിലധികം സമയം വേണ്ടിവന്നു. പക്ഷെ അതൊരു യാത്രപറച്ചിലായിരുന്നു എന്ന് ആരും കരുതിയില്ല. തന്നെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തേക്കുള്ള ബസ് യാത്രക്കിടയില്‍ ആ സാധു  യുവാവിനെ ജിഹാദി ഭീകരര്‍ വെട്ടിക്കീറി. യഥാര്‍ത്ഥത്തില്‍ അശ്വിനികുമാര്‍ ഒരു പ്രതീകമായിരുന്നു. ഹിന്ദുത്വത്തിന്റെയും ദേശഭക്തിയുടെയും പ്രതീകം.  

കലുഷിതമായ കാലത്തുപോലും പിന്മാറാതെ പ്രവര്‍ത്തകര്‍ക്കും അമ്മമാര്‍ക്കും, ആശ്വാസമായിരുന്ന അദ്ദേഹത്തിന്റെ ഉള്ളില്‍ ജ്വലിച്ചു നിന്നിരുന്ന ആദര്‍ശത്തിന്റെ കരുത്ത് ആ ജിഹാദികള്‍ക്കറിയില്ലായിരുന്നു. ആത്മാവിന്റെ നിത്യതയെക്കുറിച്ചും ശരീരത്തിന്റെ നശ്വരതയെക്കുറിച്ചുമാണ് അദ്ദേഹം പഠിച്ചതും പറഞ്ഞതുമെല്ലാം. മരണത്തെ ഭയമില്ലെന്നും ഭയക്കുന്നത് വിഡ്ഢിത്തമാണെന്നും കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് കീഴ്പ്പള്ളിയില്‍ നടത്തിയ ശിവരാത്രി പ്രഭാഷണത്തില്‍ അശ്വനി കുമാര്‍ പരാമര്‍ശിച്ചിരുന്നു. ആ അശ്വനി നക്ഷത്രം പൊലിഞ്ഞു. എന്നാല്‍ ആ ബലിദാനിയുടെ കരസ്പര്‍ശമെറ്റ സര്‍വ മേഖലയും ഇന്ന് പൂത്തുലഞ്ഞു സൗരഭ്യം പരത്തി നില്‍ക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക