Categories: Defence

കശ്മീരില്‍ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം

കശ്മീരികളുടെ മനസ്സുകള്‍ കീഴടക്കുകയാണ് പ്രധാനം. ഈ തീരുമാനത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിര്‍ണ്ണായകമായ തീരുമാനം പ്രഖ്യാപിച്ചതിനുശേഷവും കശ്മീര്‍ താഴ്‌വരയില്‍നിന്നും അസുഖകരമായ സംഭവങ്ങളൊന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കര്‍ഫ്യൂവില്‍ ഇളവ് വന്നു. കടകള്‍ തുറന്നിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം പരന്നുതുടങ്ങിയിരിക്കുന്നു. കടകള്‍ തുറന്നിട്ടുണ്ട്.

Published by

രാം മാധവ്

ഭാരതമാസകലം, വിശേഷിച്ച് കശ്മീര്‍ താഴ്‌വരയിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത് കശ്മീരിനെ സംബന്ധിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത തീരുമാനം നൂറു ശതമാനം ശരിയായിരുന്നു എന്നാണ്. രാജ്യത്തെ ജനങ്ങള്‍ ഈ സുപ്രധാന തീരുമാനത്തെ സര്‍വ്വാത്മനാ സ്വീകരിച്ചിരിക്കുന്നു എന്നു തീര്‍ച്ച.

കശ്മീരികളുടെ മനസ്സുകള്‍ കീഴടക്കുകയാണ് പ്രധാനം. ഈ തീരുമാനത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിര്‍ണ്ണായകമായ തീരുമാനം പ്രഖ്യാപിച്ചതിനുശേഷവും കശ്മീര്‍ താഴ്‌വരയില്‍നിന്നും അസുഖകരമായ സംഭവങ്ങളൊന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കര്‍ഫ്യൂവില്‍ ഇളവ് വന്നു. കടകള്‍ തുറന്നിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം പരന്നുതുടങ്ങിയിരിക്കുന്നു. കടകള്‍ തുറന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 45 തവണയെങ്കിലും ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.  അതും കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍. വാസ്തവത്തില്‍ ആര്‍ട്ടിക്കിള്‍ 370 പൂര്‍ണമായും ഇല്ലാതാക്കുകയല്ല ഇവിടെ നടന്നിട്ടുള്ളത്. അത് അവിടെതന്നെയുണ്ട്. പക്ഷേ ജമ്മുകശ്മീരിന്റെ വികസനത്തിനും മുഴുവന്‍ രാഷ്‌ട്രവുമായള്ള ഇഴുകിച്ചേരലിനും വിഘാതമായി നിന്നിട്ടുള്ള മുഴുവന്‍ വ്യവസ്ഥകളും പൂര്‍ണമായും റദ്ദാക്കി. ഇത് നമ്മുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് ലോകത്തോട് നാം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 45 തവണ ഭേദഗതി ചെയ്തത് അന്താരാഷ്‌ട്ര ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. എങ്കില്‍ 46-ാമത്തേയോ 47-ാമത്തേയോ ഭേദഗതിയുടെ കാര്യത്തില്‍ അന്താരാഷ്‌ട്ര ശ്രദ്ധ എന്തിനാണ്? അതിനാല്‍ ഏറ്റവും ചുരുങ്ങിയത് ഭാരതീയരായ നമുക്കെങ്കിലും ഇതിനെക്കുറിച്ച് വ്യക്തമായ ചിത്രം ഉണ്ടാവണം. രാഷ്‌ട്രീയനേതാക്കളെ കരുതല്‍ തടങ്കലില്‍ വയ്‌ക്കുന്നത് അത്യപൂര്‍വ്വമായ സംഗതിയൊന്നുമല്ല. രാഷ്‌ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അതൊക്കെ സാധാരണമാണ്. ചുരുക്കം ചില നേതാക്കളെ മാത്രമേ വീട്ടുതടങ്കലിലാക്കിയുള്ളൂ. ഒരു പക്ഷേ വീട്ടുതടങ്കല്‍ എന്നുപോലും അതിനെ വിളിക്കാന്‍ കഴിയില്ല. ശ്രീനഗറിലെ ഹരിനിവാസ് എന്ന അതിഥിമന്ദിരത്തിലാണ് നേതാക്കന്മാരെ താമസിപ്പിച്ചത്. സമാധാനനില സാധാരണ നിലയിലായതോടെ അവരെയെല്ലാം വിടുകയും ചെയ്തു.

പാക്കിസ്ഥാന്‍ ചില ഭീഷണികളൊക്കെ മുഴക്കി. ഈ നടപടി യുദ്ധത്തിലേക്ക് നയിക്കുമെന്നും മറ്റുമൊക്കെ അവര്‍ പ്രസ്താവിച്ചു. അതൊക്കെ  അതതു സമയത്ത് നമ്മള്‍ കൈകാര്യം ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം ആര്‍ട്ടിക്കിള്‍ 370 നമ്മുടെ ഭരണഘടനയുടെ ഭാഗമാണ് എന്നതാണ്. അതില്‍ ഭേദഗതി വരുത്താനും മറ്റുമുള്ള സമ്പൂര്‍ണ അധികാരം ഭാരതസര്‍ക്കാരിനും പാര്‍ലമെന്റിനുമുണ്ട്. നമ്മള്‍ അതനുസരിച്ചാണ് ചെയ്തത്. കതാര്‍പൂര്‍ ഇടനാഴിയെക്കുറിച്ചും കഴിഞ്ഞ കുറെ മാസങ്ങളായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. പാക്കിസ്ഥാന്‍ ഈ വിഷയത്തില്‍ പുറകോട്ടു പോകില്ലെന്നാണ് എന്റെ പ്രതീക്ഷ.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീരികളുമൊത്ത് സംസാരിക്കുന്നതും, ലഘുഭക്ഷണം കഴിക്കുന്നതുമൊക്കെ പണമൊഴുക്കിക്കൊണ്ടാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പറയുകയുണ്ടായി. ജോതിരാദിത്യ സിന്ധ്യയും മിലിന്ദ് ദേവ്‌റയും ഞങ്ങളുടെ പണം വാങ്ങിയിട്ടാണോ കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്? ഭാരതസര്‍ക്കാരിന്റെ നടപടിയെ അനുകൂലിക്കുന്നവര്‍ ആസാദിന്റെ കക്ഷിയില്‍തന്നെയുണ്ട്. അവരൊക്കെ വിലയ്‌ക്കെടുക്കപ്പെട്ടവരാണെന്നാണോ പറയുന്നത്? അദ്ദേഹം ചോദ്യം ചെയ്യുന്നത് കശ്മീരി ജനതയുടെ ദേശീയബോധത്തെയാണ്. അവരുടെ ആത്മാര്‍ത്ഥതയെയാണ്. ഇത്രയും കാലം ഈ വിധത്തിലാണ് ആസാദിനെപ്പോലുള്ളവര്‍ കശ്മീരികളോട് പെരുമാറിയത്. അദ്ദേഹത്തിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം കശ്മീരികള്‍ വെറും അടിമകള്‍ മാത്രമാണ്.

ആര്‍ട്ടിക്കിള്‍ 370-നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്രയോ കാലമായി രാജ്യത്ത് നടക്കുന്നു. നമ്മള്‍ റാലികള്‍ സംഘടിപ്പിച്ചു. ജനങ്ങളോട് സംവദിച്ചു. ഏതോ ഭീകരമായത് സംഭവിക്കാന്‍ പോകുന്നു എന്നു പറഞ്ഞ് മെഹ്ബൂബ മുഫ്തി കശ്മീര്‍ ജനതയെ ഭീതിയിലാഴ്‌ത്താന്‍ ശ്രമിച്ചപ്പോള്‍ കശ്മീരി ജനതയെ കണക്കിലെടുത്തുകൊണ്ടും അവരുടെ സമഗ്ര പുരോഗതി ഉറപ്പുവരുത്തിക്കൊണ്ടുമുള്ള തീരുമാനം മാത്രമേ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളൂവെന്നു നമ്മള്‍ പറഞ്ഞു. നമ്മള്‍ നിരന്തരം ജനങ്ങളോട് സംവദിച്ചുകൊണ്ടേയിരിക്കുകയാണ്.

ചിലര്‍ ചോദിക്കുന്നത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരികള്‍ക്ക് സന്തോഷമുളവാക്കുന്ന കാര്യമാണെങ്കില്‍ അവര്‍ക്ക് ആഘോഷിക്കുവാനുള്ള അവസരം നല്‍കേണ്ടേ എന്നാണ്. കര്‍ഫ്യൂ നിലനില്‍ക്കുമ്പോള്‍ അവരെങ്ങനെ ആഘോഷിക്കുമെന്നും ചോദിക്കുന്നു. ആഘോഷിക്കുവാന്‍ തീര്‍ച്ചയായും സാധ്യമാകും.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്തവരോട് അമിത്ഷാ ഒരു ചോദ്യമുന്നയിച്ചിരുന്നു. ഈ വകുപ്പുകൊണ്ട് കശ്മീരി ജനതയ്‌ക്ക് എന്തു നേട്ടമാണ് ഉണ്ടായതെന്ന് വിശദീകരിക്കാമോ എന്ന്. ഈ വകുപ്പുകൊണ്ട് കശ്മീരികള്‍ക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി ആരുടെയും പക്കലുണ്ടായിരുന്നില്ല. കശ്മീരികളുടെ അവകാശങ്ങള്‍ ആരോ തട്ടിയെടുത്തിരിക്കുന്നു എന്ന തരത്തിലുള്ള തെറ്റായ പ്രചാരണം പലരും താഴ്‌വരയില്‍ നടത്തുന്നുണ്ട്. കശ്മീരികളുടെ നന്മയ്‌ക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് നമ്മള്‍ അവരെ ബോധ്യപ്പെടുത്തും. രാഷ്‌ട്രീയക്കാര്‍ എന്ന നിലയില്‍ നമ്മള്‍ ചെയ്യുന്നത് അതാണ്. ക്രമേണ സത്യമെന്താണെന്ന് കശ്മീരികള്‍ക്ക് ബോധ്യമാകും. ഇത്രയും കാലം അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാന്‍ കുറച്ചു സമയമെടുക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജമ്മുകശ്മീരിലെ ഭരണവുമായി എനിക്ക് പരിചയമുണ്ട്. കശ്മീരിനെ സംബന്ധിച്ചിടത്തോളം കര്‍ഫ്യൂവും നിരോധനവുമൊന്നും പുതുമയുള്ള കാര്യങ്ങളല്ല. കഴിഞ്ഞ 30 വര്‍ഷങ്ങളായി അത് നടക്കുന്നുണ്ട്. പക്ഷേ മുമ്പ് ജനങ്ങള്‍ കര്‍ഫ്യൂവിനെ വെല്ലുവിളിച്ച് തെരുവിലിറങ്ങുകയും, സൈന്യത്തെ കല്ലെറിയുകയും ചെയ്യുമായിരുന്നു. പക്ഷേ ഇത്തവണ ജനം ചിന്തിക്കുന്നുണ്ട്.

ഒരു സംസ്ഥാനത്തെ എന്തിന് കേന്ദ്രഭരണ പ്രദേശമാക്കി ചുരുക്കി എന്നു ചോദ്യം പലരുമുയര്‍ത്തുന്നുണ്ട്. അതിനുള്ള വ്യക്തമായ ഉത്തരം അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ലഡാക്കിലെയും കാര്‍ഗിലിലെയും ജനങ്ങളുടെ വളരെക്കാലമായുള്ള ആവശ്യമാണത്. അത് ഞങ്ങള്‍ നല്‍കി. ജമ്മുകശ്മീര്‍ സംസ്ഥാനത്തിന്റെ ഭരണ നിര്‍വ്വഹണത്തിലും വലിയ മാറ്റങ്ങള്‍ വരേണ്ടതുണ്ട്.

പുതുതായി നിലവില്‍ വരുന്ന ജമ്മു-കശ്മീര്‍ സംസ്ഥാനത്തല്‍ 114 നിയമസഭാ സീറ്റുകളുണ്ടാവും. മുമ്പുള്ളതിനേക്കാള്‍ ഏഴു സീറ്റുകള്‍ കൂടുതല്‍. സമയമാകുമ്പോള്‍ ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് പൂര്‍ണ സംസ്ഥാന പദവിയും ലഭ്യമാകും.

വികസനത്തിന്റെ ഗുണഫലങ്ങള്‍ അവസാനത്തെ വരിയിലെ അവസാനത്തെ ആളിലും എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഒരു ഉദാഹരണം പറയാം. ജമ്മുകശ്മീരിലെ പഞ്ചായത്തുകള്‍ക്ക് ഭരണപരമോ സാമ്പത്തികമോ ആയ അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒാരോ പഞ്ചായത്തിനും 25 ലക്ഷം രൂപ അനുവദിക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 ഉള്ളടത്തോളം അത് നടപ്പിലാവില്ല. 73 ഉം 74 ഉം ഭേദഗതികള്‍ കശ്മീരില്‍ നടപ്പാക്കാനുള്ള വിഘാതം ആര്‍ട്ടിക്കിള്‍ 370 ആണ്. കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ നടപടിയിലൂടെ പഞ്ചായത്തുകള്‍ക്ക് അധികാരം ലഭിക്കുകയാണ്. അതുവഴി വികസനവും.

ഈ ഒരു നടപടിയിലൂടെ ജമ്മുകശ്മീര്‍ നിയമസഭ പാസാക്കിയ 150 ഓളം നിയമങ്ങള്‍ ഇല്ലാതാകും. പാര്‍ലമെന്റ് പാസാക്കിയ 120 നിയമങ്ങള്‍ ഈ സംസ്ഥാനത്തിനും ബാധകമാകുകയും ചെയ്യും. ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ ഈ സംസ്ഥാനത്ത് ബാധകമായിരുന്നില്ല! ഇത്തരത്തില്‍ ഒരുപാട് നിയമങ്ങള്‍ ഭാരത പാര്‍ലമെന്റ് പാസാക്കിയത് ഇവിടെ നിലവിലുണ്ടായിരുന്നില്ല. അതിനെല്ലാം മാറ്റം വരുകയാണ്. അങ്ങനെ വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെല്ലാം ഉണര്‍ന്നെണീക്കാന്‍ പോകുകയാണ്.

പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള സംവരണവും നടപ്പിലാക്കും. നിലവില്‍ ഇവിടെ പട്ടികജാതി സംവരണം മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഭാരതത്തില്‍ 28 സംസ്ഥാനങ്ങളും ഒന്‍പത് കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും നിയമങ്ങള്‍ ഇനി ഒരുപോലെയായിരിക്കും.

പ്രധാനമന്ത്രി 88,000 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ 70 ശതമാനവും ചെലവഴിച്ചുകഴിഞ്ഞു. സ്വകാര്യ നിക്ഷേപങ്ങള്‍ ഇവിടേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കും. അഴിമതി ഇല്ലാതാക്കുവാനുള്ള നടപടികളെടുക്കും. അത് ജനതയ്‌ക്കു ഗുണകരമാകും. വികസനത്തിന്റെ വേരുകള്‍ പഞ്ചായത്ത് ഭരണത്തിലാണ്. പഞ്ചായത്തുകള്‍ക്ക് ഭരണപരവും സാമ്പത്തികവുമായ അധികാരം ലഭിക്കുന്നതോടെ വികസനത്തിലേക്കുള്ള പാത സുഗമമാകും.

ഈ പരിവര്‍ത്തനങ്ങള്‍ ജമ്മുകശ്മീരില്‍ ഒരു പുതിയ നേതൃത്വനിരയെ സൃഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നു. സ്വന്തം കുടുംബത്തെ മാത്രം സമ്പല്‍സമൃദ്ധമാക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിനു പകരം നാടിന്റെയും നാട്ടാരുടെയും ഐശ്വര്യം കാംക്ഷിക്കുന്ന പുതിയ രാഷ്‌ട്രീയ നേതൃത്വം തീര്‍ച്ചയായും ഇവിടെ ഉദയം ചെയ്യും. അതെങ്ങനെ എന്നാണ് പലര്‍ക്കും സംശയം. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലൂടെ, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലൂടെ അത് സാധ്യമാകും എന്നാണ് ഞങ്ങള്‍ കരുതുന്നത്. നമുക്കെങ്ങനെയാണ് ഒരു നേതൃത്വത്തെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുക. ഗവര്‍ണറെ നിയമിക്കാം, ചീഫ് സെക്രട്ടറിയെ നിയമിക്കാം. പക്ഷേ രാഷ്‌ട്രീയ നേതൃത്വം താഴെത്തട്ടില്‍നിന്ന്, ജനങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നുവരണം.

ആര്‍ട്ടിക്കിള്‍ 370 ഇത്രയും കാലം താഴ്‌വരയിലെ പല നേതാക്കള്‍ക്കും സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഉപാധിയായിരുന്നു. ഈ വകുപ്പ് അത്തരക്കാര്‍ക്ക് അനന്തമായ അധികാരങ്ങള്‍ നല്‍കിയിരുന്നു. താഴ്‌വരയിലെ ജനങ്ങളുടെ തലവര നിശ്ചയിക്കുന്നത് അത്തരക്കാരായിരുന്നു. അത്തരം നേതാക്കന്മാര്‍ക്ക് ഇപ്പോള്‍ അടിപതറിയിരിക്കുന്നു എന്നത് സത്യമാണ്.

കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ താഴ്‌വരയിലേതാണ് എന്നത് അടിവരയിട്ടു പറയണം. സുരക്ഷിതമായും മാന്യമായും അവിടെ ജീവിക്കാനുള്ള പൂര്‍ണ അധികാരവും അവകാശവും അവര്‍ക്കുണ്ട്. ഇതു രണ്ടും നമ്മള്‍ മനസ്സിലാക്കണം. എല്ലാവരും ഇത് അംഗീകരിക്കുകയും ചെയ്യും. അത് നടപ്പില്‍വരുത്താത്തതിന് കശ്മീരി പണ്ഡിറ്റുകളുമായും അവരുടെ നേതാക്കളുമായും സംസാരിക്കുന്നുണ്ട്. സൂക്ഷ്മതയോടെയും ചിന്തിച്ചുകൊണ്ടും മാത്രമേ എന്തും ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു കാര്യം തീര്‍ച്ചയാണ്, കശ്മീരി പണ്ഡിറ്റുകളെ കശ്മീരിലേക്ക് തിരിച്ചെത്തിക്കും.

പലരും ഈ നടപടിയെ ചീന ടിബറ്റിനോട് ചെയ്തതുമായി താരതമ്യം ചെയ്യുന്നുണ്ട്. എന്നാല്‍ സത്യമെന്താണ്. 1950-നും 1960-നും ഇടയിലുള്ള തുടര്‍ച്ചയായ കടന്നുകയറ്റങ്ങളിലൂടെയാണ് ചീന ടിബറ്റിനെ കൈവശപ്പെടുത്തിയത്. എന്നാല്‍ 1947 ഒക്‌ടോബര്‍ 26-ന് ഹരിസിങ് മഹാരാജാവ് ഉടമ്പടി ഒപ്പിട്ട അന്നുമുതല്‍ കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ ചൈനയുടെയും നമ്മുടെയും നടപടികള്‍ താരതമ്യം ചെയ്യാനേ സാധ്യമല്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്നാണ് ചിലരുടെ പരാതി. എങ്കില്‍ കഴിഞ്ഞ 45 ഭേദഗതികളും അധികാര ദുര്‍വിനിയോഗമാണെന്ന് പറയേണ്ടിവരും. ഒരുപക്ഷേ പലരുമറിയാത്ത ഒരു കാര്യമുണ്ട്. 1963-ല്‍ നെഹ്‌റു പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത് 370-ാം വകുപ്പ് ഏകദേശം നിര്‍ജീവമായിരിക്കുന്നു എന്നാണ്. 370-ാം വകുപ്പ് എല്ലാ കാലത്തേക്കുമുള്ളതാണെന്ന് ആരും കരുതിയിരുന്നില്ല. അത് ഒരു താല്‍ക്കാലിക നടപടിയും താല്‍ക്കാലിക വകുപ്പുമായിരുന്നു. ഇത് താനേ അങ്ങ് മാഞ്ഞുപോകുമെന്നായിരുന്നു നെഹ്‌റു പറഞ്ഞിരുന്നത്. 1948-ലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ എല്ലാ നേതാക്കന്മാരും ഈ വകുപ്പിനെ എതിര്‍ത്തിരുന്നു. ഈ വകുപ്പിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് അന്നത്തെ ഓരോ പ്രവര്‍ത്തകസമിതി അംഗത്തിന്റെയും നിലപാട്. രണ്ടുപേരൊഴികെ. അബുള്‍കലാം ആസാദും ഗോപാലസ്വാമി അയ്യങ്കാരുമായിരുന്നു ആ രണ്ടുപേര്‍. ഞാന്‍ ഷെയ്ക് അബ്ദുള്ളക്ക് വാക്കുകൊടുത്തുപോയി. ദയവുചെയ്ത് പ്രവര്‍ത്തകസമിതി അംഗങ്ങളെക്കൊണ്ട് നിങ്ങള്‍ എങ്ങനെയെങ്കിലും ഇതിനനുകൂലമായി നിലപാടെടുപ്പിക്കണം എന്നാണ് നെഹ്‌റു, പട്ടേലിനോട് അഭ്യര്‍ത്ഥിച്ചത്. ഇതെല്ലാം ചരിത്രമാണ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക എന്നത് ഭാരതീയ ജനതാപാര്‍ട്ടി ദീര്‍ഘനാളായി ഉന്നയിക്കുന്ന സംഗതിയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഞങ്ങളത് നിറവേറ്റുമെന്ന വലിയ പ്രതീക്ഷ ജനങ്ങളിലുണ്ടായിരുന്നു. ജനങ്ങളുടെ പ്രതീക്ഷ സാക്ഷാത്കരിക്കപ്പെട്ടു.

ജമ്മുകശ്മീരില്‍ അവസാനമായി ഒരു വ്യവസായം നിലവില്‍ വന്നത് 1950-ലാണ്. അതിനുശേഷം ഒന്നുമില്ല. ആര്‍ട്ടിക്കിള്‍ 370 അതിനു തടസ്സമായി നിന്നു. ഇന്ന് ആ തടസ്സം നമ്മള്‍ നീക്കിയിരിക്കുന്നു. കശ്മീരി ജനതയ്‌ക്കിനി പുരോഗതിയുടെ നാളുകളാണ്.

(അന്താരാഷ്‌ട്രാ വിഷയങ്ങളെക്കുറിച്ച് എഴുതുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts