കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്. ഇതുവരെ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് കൊറോണാ പരിശോധന നടത്തിയിരുന്നത്. ഇനി യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് നടത്തുമെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനത്തിന്റെ പഴുതുപയോഗിച്ചാണ് ഇറ്റലിയില്‍ നിന്നുവന്നവര്‍ പരിശോധനകുടാതെ കടന്നുപോയത്. ഇനിമുതല്‍ കണക്ട് ഫ്‌ളൈറ്റുകള്‍ വഴി വിദേശ രാജ്യങ്ങളില്‍ നിന്ന് ഡൊമസ്റ്റിക് ടെര്‍മിനലില്‍ എത്തുന്നവരെയും സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പത്തനംതിട്ടക്കാര്‍ വന്നുപോയ ഫെബ്രുവരി 29ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
ഫ്‌ളൈറ്റിലെ ജീവനക്കാരോടും ശ്രദ്ധപുലര്‍ത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജീവനക്കാര്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം വഴി വന്ന പത്തനംതിട്ട സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കളക്ടര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി കളക്ടര്‍ അടിയന്തര യോഗം ചേര്‍ന്നു.
ഇറ്റലിയില്‍ നിന്നുള്ളവര്‍ വന്ന വിമാനത്തില്‍ 182 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ വിവരങ്ങളെല്ലാം ലഭിച്ചതായി കളക്ടര്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി. ഓരോ ജില്ലക്കാരായ യാത്രക്കാരുടെയും വിവരങ്ങള്‍ അതത് ജില്ലകളിലേക്ക് കൈമാറി.











