തിരുവനന്തപുരം: സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെയും വാദങ്ങള്‍ തള്ളി പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബം. തങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ഇറ്റലിയില്‍ നിന്നായിരുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഒരു പരിശോധനയും നടത്തിയില്ലെന്ന് ഇവര്‍ പറയുന്നു. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയതു സ്വന്തം സഹോദരിയും അവരുടെ നാലു വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ? അവള്‍ക്ക് ഉമ്മ കൊടുക്കുമോ? നെടുമ്പാശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്വയം ചികില്‍സയ്ക്കു വിധേയമാകുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
ഇറ്റലിയില്‍ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല. കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. എവിടെനിന്നാണു വരുന്നതെന്നു പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മര്‍ദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിര്‍ദേശിച്ചുമില്ല. അങ്ങനെ സംഭവിച്ചതു കൊണ്ടാണ് സഹോദരിയും കുഞ്ഞും അടക്കം ഇപ്പോള്‍ ഐസലേഷനില്‍ കഴിയുന്നത്. ഇറ്റലിയില്‍നിന്നു പുറപ്പെടുംമുന്‍പ് വിമാനത്താവളത്തില്‍ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും ഇവര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇനഎ്നലെ അഞ്ചു പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട റാന്നി ഐത്തലയിലെ ഒരുകുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇവരില്‍ ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ്(56), ഭാര്യ(53), മകന്(24) എന്നിവരും ഭര്‍ത്താവിന്റെ സഹോദരനും (65), ഭാര്യ (60)യും ആണ് രോഗ ബാധിതര്‍. ഇവരെല്ലാം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ മാതാപിതാക്കളേയും നിരീക്ഷണത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഫെബ്രുവരി 29നാണ് ദമ്പതികളും മകനും ഇറ്റലിയില്‍നിന്നും നാട്ടിലെത്തിയത്. ക്യൂആര്‍ 126 വെനീസ്-ദോഹ ഫ്ളൈറ്റില്‍ ദോഹവരേയും അവിടെ നിന്ന് കഴിഞ്ഞ 29ന് ക്യൂആര്‍ 514 ദോഹ-കൊച്ചി ഫ്ളൈറ്റില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും എത്തി. വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാതെ നാട്ടിലെത്തി, ആറ് ദിവസത്തോളം പത്തനംതിട്ടയിലേയും അയല്‍ ജില്ലകളിലേയും ബന്ധുവീടുകളിലും മറ്റും സന്ദര്‍ശനം നടത്തി. ഇതിനിടയില്‍ ദമ്പതികള്‍ പനി ബാധിച്ച് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പനി കുറയാത്തതിനെതുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയിലെത്തി. ഇതിനു പിന്നാലെ മകനും
ആശുപത്രിയിലെത്തി. ഇതിനിടയില്‍ ഇവരുടെ ബന്ധുക്കള്‍ രോഗബാധിതരായി റാന്നി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് ഇറ്റലിയില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളതെന്ന് പുറത്തറിയുന്നത്.ഇതേതുടര്‍ന്ന് അഞ്ചുപേരേയും നിര്‍ബന്ധപൂര്‍വം വെള്ളിയാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മൂവര്‍ സംഘം ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ആദ്യം അവഗണിക്കുകയും, ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പറയുകയും ചെയ്തതായാണ് വിവരം. നിര്‍ബന്ധിച്ച് ഇവരില്‍ നിന്നും സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.
വിമാനത്താവളത്തില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകാതെ കാറിലാണ് നാട്ടിലേക്കുതിരിച്ചത്. ഇവരെ കോട്ടയത്തുള്ള ബന്ധുക്കളാണ് വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ട് വന്നത്. ഇവര്‍ ബന്ധുവീടുകളിലും മറ്റിടങ്ങളിലും സന്ദര്‍ശനം നടത്തുകയും നിരവധി ആളുകളുമായി ഇടപഴകുകയും ചെയ്തു. കോട്ടയത്തുനിന്നു മാത്രം പതിനഞ്ചോളം ബന്ധുക്കള്‍ ഇവരെ സന്ദര്‍ശിച്ചതായാണ് വിവരം. ഇവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ഇവര്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും രണ്ട് നഴ്സുമാരും മടക്കയാത്രയ്ക്കുള്ള നടപടികള്‍ക്കായി എത്തിയ എസ്പി ഓഫീസിലെ രണ്ടു പോലീസുകാരും ചികിത്സയിലാണ്.
ഇവര്‍ക്കൊപ്പം യാത്രചെയ്ത ഫെബ്രുവരി 28ന് ക്യൂആര്‍ 126 വെനിസ് – ദോഹ ഫ്ളൈറ്റിലോ 29ന് ക്യൂആര്‍ 514 ദോഹ- കൊച്ചി ഫ്ളൈറ്റിലോ യാത്ര ചെയ്ത എല്ലാവരും അതത് ജില്ലകളിലെ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എ ബ്ലോക്കിലെ മൂന്നാം നിലയാണ് കൊറോണ വാര്‍ഡായി മാറ്റിയിരിക്കുന്നത്. മൂന്നു ഡോക്ടര്‍മാര്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍ സേവനത്തിനുണ്ട്. പതിനഞ്ചോളം കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തെ മൂന്നു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും ആരുടേയും നില ഗുരുതരമായിരുന്നില്ല. മൂന്നുപേരുടേയും രോഗം ഭേദപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: