ദല്‍ഹി കലാപം റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ക്കെതിരെ നടപടി എടുത്തത് മാധ്യമ സ്വാതന്ത്ര്യവുമായി കൂട്ടിയിണക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചിലര്‍. വര്‍ഗ്ഗീയ കലാപം പരത്താന്‍ സഹായിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു ചാനലുകളുടെയും സംപ്രേഷണം 48 മണിക്കൂര്‍ നേരത്തേക്ക് തടഞ്ഞത്. തെറ്റ് ബോധ്യപ്പെട്ട ചാനല്‍ ക്ഷമാപണം നടത്തുകയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി നേരിട്ട് ഇടപെട്ട് നിരോധനം നീക്കുകയും ചെയ്തു. ഒരു തരത്തിലുമുള്ള മാധ്യമ വിലക്കിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്. രണ്ടു ചാനലുകള്‍ക്കുമെതിരെ ഉണ്ടായത് ഔദ്യോഗിക നടപടിയാണ്.
രാജ്യത്ത് 403 ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ 892 ടെലിവിഷന്‍ ചാനലുകളുണ്ട്. എന്തുകൊണ്ട് കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടിയെന്നത് മാധ്യമ ലോകവും ജനങ്ങളും ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണ്. ബിജെപിയേയും നരേന്ദ്ര മോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത നിരവധി ദേശീയ മാധ്യമ വമ്പന്മാരുണ്ട്. കൈരളിയും ജയ്ഹിന്ദും പോലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണ് തങ്ങളുടേതെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ കേരളത്തില്‍ തന്നെയുണ്ട്. അവര്‍ക്കൊന്നും നിരോധനം ഏര്‍പ്പെടുത്താതെ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും മാത്രം എന്തേ എന്ന ചോദ്യത്തിനുത്തരമാണ് അവര്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യം. വര്‍ഗ്ഗീയ കലാപത്തിന് ആക്കം കൂട്ടാനുള്ള ശ്രമം, അതും ബോധപൂര്‍വം കള്ളം പ്രചരിപ്പിച്ച്.
കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്‌സ് നിയന്ത്രണ നിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ച് മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍, വാക്കുകള്‍ എന്നിവയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ല എന്നാണ്. അക്രമത്തിന് പ്രേരണയാവുന്നതോ, ക്രമസമാധാന പാലനത്തെ ബാധിക്കുന്നതോ ദേശവിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതോ ആയ പരിപാടികളും സംപ്രേഷണം ചെയ്യരുത്. ചട്ടം ലംഘിക്കുന്ന ചാനലുകളോട് വിശദീകരണം തേടാനും നടപടി എടുക്കാനും ഉദ്യോഗതല സംവിധാനമുണ്ട്. രണ്ടു ചാനലുകള്‍ക്കെതിരെ നടപടി എടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചാണ്. സര്‍ക്കാരിന്റെ നയത്തോടോ നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളോടോ അതിന് ബന്ധമില്ല. ബന്ധമുണ്ടെങ്കില്‍ അത് നിരോധനം നീക്കിയ നടപടിയോടാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അഭിഭാജ്യഘടകമാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് നിലനില്‍ക്കണമെന്നുമുള്ള സര്‍ക്കാര്‍ നയമാണ് ഉദ്യോഗസ്ഥതല തീരുമാനം ഉടനടി തിരുത്താന്‍ കാരണം.
ക്ഷമ ചോദിച്ചിട്ടാണെങ്കിലും അല്ലെങ്കിലും നിരോധനം നീക്കി കിട്ടയതുകൊണ്ട് ചാനലുകള്‍ ചെയ്ത നടപടിയുടെ കാഠിന്യം കുറയില്ല. ദല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളികള്‍ കത്തിച്ചതായിട്ടാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സാധൂകരിക്കുന്ന വീഡിയോ ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചില്ല. പള്ളികത്തിയത് വ്യാജ പ്രചാരണമാണെന്ന് തെളിയുകയും ചെയ്തു. ‘ജാഫ്രാബാദിലും മജ്പൂരിലും പള്ളികള്‍ക്ക് തീയിട്ടപ്പോള്‍ ദല്‍ഹി പോലീസ് നിശബ്ദ കാണികളായിരുന്നു. മതം ചോദിച്ച ശേഷമാണ് കലാപകാരികള്‍ ആക്രമിക്കുന്നത്്. ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളില്‍ മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെടുകയും അവര്‍ തിരിച്ചടിക്കുകയും ചെയ്തു. അക്രമം നടന്ന് മൂന്ന് ദിവസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.’ എന്നൊക്കെ ആവേശത്തില്‍ വിളിച്ചു പറഞ്ഞു. മതസ്‌നേഹമുള്ള മുസ്ലീമുകളില്‍ ദുഃഖവും തീവ്രസ്വഭാവക്കാരില്‍ ഹിന്ദു വിരുദ്ധതയും കുത്തിക്കയറ്റുന്ന റിപ്പോര്‍ട്ടിങ്ങായിരുന്നു നടത്തിയത്. മുസ്ലീങ്ങള്‍ അക്രമം നടത്തുന്ന ചിത്രങ്ങള്‍ കാണിച്ചിട്ട് ഹിന്ദുക്കള്‍ ആക്രമണം നടത്തുന്നതായി തത്സമയം വാര്‍ത്ത നല്‍കുകയായിരുന്നു മീഡിയ വണ്‍. എന്നാല്‍ അക്രമകാരികള്‍ റിപ്പോര്‍ട്ടര്‍മാരെ വളഞ്ഞപ്പോള്‍ ‘ഞങ്ങളും നിങ്ങളുടെ ആളുകളാ, മുസ്ലീങ്ങളാണ്’ എന്നു വിളിച്ചു പറയുകയും തെളിവിനായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. ഇതെല്ലാം മീഡിയ വണ്‍ ചാനലിലൂടെതന്നെ ലോകരെല്ലാം കണ്ടു. നിയമ പ്രകാരം കുറ്റം ചെയ്തതിനുള്ള ശിക്ഷയായിരുന്നു രണ്ടു ചാനലുകള്‍ക്കും കിട്ടിയത്.
അടിയന്തരാവസ്ഥയിലെ സെന്‍സര്‍ നിയമത്തെ കടത്തിവെട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നൊക്കെ പറഞ്ഞാണ് കോണ്‍ഗ്രസുകാരും കമ്യുണിസ്റ്റുകാരും അവരുടെ കുഴലൂത്തുകാരും രംഗത്തു വന്നത്. അന്ന് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞ മാധ്യമ പ്രവര്‍ത്തകരും ഒപ്പം കൂടിയിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങളെയാകെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തത് കോണ്‍ഗ്രസുകാരായിരുന്നു എന്നത് ആരും മറന്നിട്ടില്ല. അന്ന് കേരളത്തിലെ മുഖ്യമന്ത്രി കമ്മ്യുണിസ്റ്റുകാരനായിരുന്നു. അന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ കിടന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നതു കൂടി ഓര്‍ത്താല്‍ മതി.
ചാനലുകള്‍ തെറ്റു ചെയ്താല്‍ നടപടി എടുക്കാന്‍ ഉദ്യോഗസ്ഥതലത്തിനു പകരം സംവിധാനം ആശ്യമാണെന്നു പറഞ്ഞാല്‍ ചെവികൊടുക്കാം. വാര്‍ത്തയിലോ സംപ്രേക്ഷണപരിപാടിയിലോ പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ സ്വതന്ത്രസ്വഭാവവും ഉന്നതാധികാരവുമുളള റെഗുലേറ്ററി അതോറിറ്റിയോ മീഡിയ കൗണ്‍സിലോ രുപീകരിക്കാനാകും. പക്ഷേ എന്തൊക്കെ ചട്ടങ്ങളും സംവിധാനങ്ങളും ഉണ്ടാക്കിയാലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണ്ടത് സ്വയമാണ്. ഭാഗ്യവശാല്‍ ശക്തമായ ഇന്ത്യന്‍ മാധ്യമ ലോകം നല്ല രീതിയില്‍ സ്വയം നിയന്ത്രണം അനുഷ്ടിക്കുന്നുമുണ്ട്. അതില്‍ മാറ്റം വരുമ്പോള്‍ ഉണ്ടാകുന്ന മുന്നറിയിപ്പായി ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്കെതിരെയുള്ള നടപടിയെ കാണുക. ആരു തെറ്റുചെയ്താലും അത് ചൂണ്ടിക്കാണിക്കുന്നതുപോലെ ചെയ്ത തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അംഗീകരിക്കാനുള്ള മനസ്സും മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: