ഇത്തവണ എസ്എസ്എല്‍സി പരീക്ഷ രാവിലെയാണ് നടക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ദേശീയ അധ്യാപക പരിഷത്ത് നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണിത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാകും ഉണ്ടാവുക. രാവിലെ പരീക്ഷയെഴുതി ഉച്ചയോടെ കുട്ടികള്‍ക്ക് വീട്ടിലെത്താം. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഒരുമിച്ചാണ് നടത്തുന്നത്.
പരീക്ഷയുടെ നടത്തിപ്പുമായി ഏറെ ആശയക്കുഴപ്പങ്ങളാണ് നിലനില്‍ക്കുന്നത്. പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താന്‍ അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. പരീക്ഷാ ചോദ്യപേപ്പറുകള്‍ തലേദിവസം സ്കൂളില്‍ എത്തിച്ച് സ്ട്രോങ് റൂമില്‍ സൂക്ഷിക്കാനാണ് തീരുമാനിച്ചത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ഒരേ സ്ഥലത്ത് സൂക്ഷിക്കാന്‍ ധാരണയായിരുന്നു. സുരക്ഷിതത്വത്തിനുവേണ്ടി സ്കൂളുകളില്‍ സിസിടിവി ക്യാമറയും ലോക്കറില്ലാത്ത സ്കൂളുകളില്‍ അതിന്റെ സൗകര്യവും ഏര്‍പ്പാടാക്കി. പല പ്രധാനാധ്യാപകരും, പ്രിന്‍സിപ്പല്‍മാരും സ്വന്തം കയ്യില്‍നിന്നും പണം മുടക്കിയാണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയത്. സര്‍ക്കാരില്‍നിന്നു പണം ലഭിച്ചിരുന്നില്ല.
എന്നാല്‍ അദ്ധ്യാപക സംഘടനകളോട് കൂടിയാലോചിക്കാതെ ഈ തീരുമാനങ്ങളെല്ലാം പൊടുന്നനെ മാറ്റുകയായിരുന്നു. പുതിയ തീരുമാന പ്രകാരം എസ്എസ്എല്‍സി ചോദ്യക്കടലാസുകള്‍ പരീക്ഷാ ദിവസം രാവിലെയാണ് സ്കൂളുകളില്‍ എത്തിക്കുക. അതുവരെ ട്രഷറിയിലോ, ബാങ്ക് ലോക്കറിലോ സൂക്ഷിക്കും. പരീക്ഷ നടക്കുന്ന ദിവസം ചോദ്യപേപ്പര്‍ രാവിലെ 6 മണിക്ക് ലോക്കറില്‍നിന്നെടുത്ത് റൂട്ട് ഓഫീസറുടെ നേതൃത്വത്തില്‍ പോലീസ് അകമ്പടിയോടെ സ്കൂളില്‍ എത്തിക്കും. പ്രധാനാധ്യാപകനും ചീഫുമാരും പ്യൂണ്‍മാരും രാവിലെ 6 മണി മുതല്‍ ഈ ചോദ്യപേപ്പര്‍ വരുന്നതും കാത്ത് സ്കൂളുകളില്‍ നില്‍ക്കണം.
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മാത്രം മാനദണ്ഡമായ എസ്എസ്എല്‍സി പരീക്ഷയ്ക്കാണ് ഇത്രയും വലിയ സുരക്ഷയൊരുക്കുന്നത്. 2007ല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പേരിലാണ് ഇത്രയും വലിയ സുരക്ഷ. എസ്എസ്എല്‍സി പരീക്ഷക്ക് അമിതമായ പ്രാധാന്യം നല്കി കുട്ടികളില്‍ മാനസിക പിരുമുറുക്കം കൂട്ടാന്‍ ഇത് കാരണമായേക്കും. അധ്യാപകരെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്ത് ചോദ്യക്കടലാസ് തലേ ദിവസം സ്കൂളിലെത്തിച്ച് രാവിലെ പരീക്ഷ നടത്തിയാല്‍ എന്ത് കുഴപ്പമാകും ഇവിടെ സംഭവിക്കുക. മാത്രവുമല്ല പ്രധാനാധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇത് വലിയ ആശ്വാസമാകും.
ചോദ്യപേപ്പറിന് കാവല്നില്ക്കുന്നതിനെക്കുറിച്ച് തര്‍ക്കം മുറുകുകയാണ്. ഹൈസ്കൂളിലെ പ്യൂണ്‍ നില്‍ക്കണോ അതോ ഹയര്‍ സെക്കന്‍ഡറിയിലെ ലാബ് അസിസ്റ്റന്റ്സ് നില്‍ക്കണോ എന്നുള്ളത് തീരുമാനമായിട്ടില്ല.
എന്നാല്‍ വിരോധാഭാസമായിട്ടുള്ളത് ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസ് കൊണ്ടുവരുന്നതിനും, സൂക്ഷിക്കുന്നതിനും ഈ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലെന്നതാണ്. എസ്എസ്എല്‍സിയെക്കാള്‍ എത്രയോ പ്രാധാന്യമുള്ള പരീക്ഷയാണ് ഹയര്‍ സെക്കന്‍ഡറി. ഡിഗ്രി പ്രവേശനത്തിനും, എഞ്ചിനീയറിങ് പ്രവേശനത്തിനും മാനദണ്ഡം ഹയര്‍ സെക്കന്‍ഡറിയില്‍ ലഭിക്കുന്ന മാര്‍ക്കാണ്. മാത്രവുമല്ല പല മത്സരപരീക്ഷകള്‍ക്കും പോസ്റ്റോഫീസ് അസിസ്റ്റന്റ് പോലുള്ള ജോലിക്കും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കാണ് മാനദണ്ഡം. ആ പരീക്ഷക്ക് എസ്എസ്എല്‍സി പരീക്ഷക്ക് നല്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ല. പോലീസ് അകമ്പടിയില്ല. ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസുകള്‍ തലേ ദിവസം സ്കൂളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. അതിന് മതിയായ സുരക്ഷയുണ്ടോ എന്നുള്ളത് സംശയമാണ്. ഈ പരീക്ഷക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. മാത്രവുമല്ല ജീവനക്കാരെയും വിശ്വാസമില്ലെന്നും, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലെയും ജീവനക്കാരെയും വിശ്വാസമാണെന്നും വരുമ്പോള്‍ ഇതിലെ ഇരട്ടത്താപ്പിന്റെ കാരണം പിടികിട്ടുന്നില്ല.
ഇതേ രീതിയില്‍ തന്നെയാണ് മൂല്യനിര്‍ണയത്തിന്റെ അവസ്ഥ. സംസ്ഥാനത്ത് നാല് മേഖലകളിലായി 54 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി മൂല്യനിര്‍ണയം നടക്കുന്നത്. അത് വ്യവസ്ഥാപിതമായിട്ടാണ് നടക്കുന്നത്. ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ ഒന്നാംഘട്ടവും 16 മുതല്‍ 23 വരെ രണ്ടാംഘട്ടവും നടക്കും. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം ഈ കൃത്യതയോടെ നടക്കാറില്ല. തുടങ്ങുന്ന തീയതി നിശ്ചയിക്കും. എന്ത് തീരുമാനമെന്ന് വ്യക്തമല്ല. തീരുമ്പോള്‍ തീരും എന്ന മട്ടാണ്. മാത്രവുമല്ല കൊടും വേനലില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ പലതും അടിസ്ഥാന സൗകര്യം പോലുമില്ലാത്തവയാണ്. പാലക്കാട് ജില്ല പോലുള്ള കൊടുംചൂട് അനുഭവപ്പെടുന്ന ക്യാമ്പുകളില്‍ കൂളര്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഫാനുകള്‍ പോലും ഇല്ലാത്ത മൂല്യനിര്‍ണയ ക്യാമ്പുകളുണ്ട്. വിയര്‍ത്തൊലിച്ച് അസ്വസ്ഥമായി മൂല്യനിര്‍ണയം നടക്കുന്നത് ദോഷകരമായി ബാധിക്കും. ഈ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പിന്റെയും അവസ്ഥ ഇതു തന്നെ. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നു വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പിലാക്കാന്‍ തയാറാകുന്നില്ല.
അതുപോലെ കുട്ടികള്‍ സാമൂഹ്യശാസ്ത്രം, കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ (എസ്എസ്എല്‍സി) രണ്ടരമണിക്കൂര്‍ സമയമാണ് എഴുതേണ്ടത്. പതിനഞ്ച് മിനിട്ട് കൂള്‍ ഓഫ് ടൈം. അതിന് അര മണിക്കൂര്‍ മുമ്പ് ഹാളിലെത്തണം. മൂന്ന് മണിക്കൂര്‍ സമയം ഹാളില്‍ ചെലവഴിക്കണം. അതിനിടയില്‍ പ്രാഥമിക ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ കഴിയില്ല. കുടിവെള്ളത്തിന്റെ പ്രശ്നവും കുട്ടികള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് ഈ മൂന്ന് വിഷയങ്ങളും 40 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാക്കി മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്.
എല്‍പി, യുപി കുട്ടികളിലെ മിടുക്കന്മാരെ കണ്ടെത്താന്‍ നടത്തുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ നടക്കുന്നത് ഫെബ്രുവരി അവസാനം കൊടുംചൂടില്‍ തന്നെയാണ്. ഇതിന്റെ സമയം നേരെത്തെയാക്കണമെന്ന ആവശ്യം ശക്തമാണ്. മാത്രവുമല്ല പാവപ്പെട്ട ലക്ഷക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന പൊതു വിദ്യാഭ്യാസ മേഖലയിലെ പരീക്ഷയായ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ കുറച്ചുകൂടി വിദ്യാര്‍ഥി സൗഹൃദമാവണം. പരമാവധി കുട്ടികള്‍ക്ക് മത്സരപരീക്ഷയില്‍ വിജയിക്കാന്‍ കഴിയുന്ന രീതിയില്‍ ലളിതവും, സുതാര്യവുമായിരിക്കണം ഈ പരീക്ഷകള്‍! സ്കോളര്‍ഷിപ്പ് തുക പോലും കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ പരിശീലനം പോലും രക്ഷിതാക്കള്‍ക്ക് വലിയ സാധ്യതയായി വരുന്നുണ്ട്.
പരീക്ഷകള്‍ കുട്ടികള്‍ക്ക് പരീക്ഷണമായി മാറാതെ ആത്മവിശ്വാസം നല്‍കുന്നതും ജീവിത വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാവുന്നതുമാവണം. അതിനാവശ്യമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും അനിവാര്യമാണ്. എങ്കിലേ പാവപ്പെട്ടവരുടെ അത്താണിയായ പൊതുവിദ്യാഭ്യാസ മേഖല ശക്തമായി മുന്നോട്ടുപോകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: