Categories: Kerala

ആരോഗ്യ വകുപ്പിന്റെ സത്യവാങ്മൂലം നുണ; അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Published by

കൊച്ചി: വനിതാ മുഖ്യമന്ത്രിയാകുമെന്ന പുകഴ്‌ത്തലുകള്‍ക്കിടയില്‍, മന്ത്രി കെ.കെ. ശൈലജ നയിക്കുന്ന ആരോഗ്യവകുപ്പിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. അതും, ഹൈക്കോടതി. ആരോഗ്യ വകുപ്പിന്റെ  ആരോഗ്യമാണ് വിഷയം. കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്.  

സര്‍ക്കാര്‍ ആശുപത്രികള്‍ ഹൈടെക് ആക്കിയെന്ന ച്രചാരണങ്ങള്‍ നടക്കുന്നതിനിടെ, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് യഥാര്‍ഥാവസ്ഥ റിപ്പോര്‍ട്ടു ചെയ്യാന്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കുളത്തൂര്‍ ജയ്‌സിങ് എന്ന ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഷാജി.

പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് ജയ്‌സിങ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ പീഡിയാട്രിക് വെന്റിലേറ്ററും ഐസിയുവും സ്ഥാപനിക്കണമെന്നുമായിരുന്നു ആവശ്യം. ഇതിന് കോടതി നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍, പീഡിയാട്രിക് ഐസിയുവും വെന്റിലേറ്ററും മിക്ക ആശുപത്രികളിലും ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, സത്യവാങ്മൂലം തെറ്റാണെന്ന് ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെ കോടതിയെ ധരിപ്പിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, മട്ടാഞ്ചേരി കുട്ടികളുടെയും വനിതകളുടെയും ആശുപത്രി, താമരശ്ശേരി-കുറ്റിയാടി താലൂക്ക് ആശുപത്രികള്‍, കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ സംവിധാനങ്ങളുണ്ടെന്ന സര്‍ക്കാര്‍ വാദം വിവരാവകാശ രേഖ പ്രകാരം ശരിയല്ലെന്ന് ബോധ്യമായതായി അഡ്വ. ആര്‍. ഗോപന്‍ ഹര്‍ജിക്കാരനു വേണ്ടി കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വയനാട് ജില്ലാ സെഷന്‍ ജഡ്ജിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. ഔദ്യോഗിക രേഖകള്‍ ജില്ലാ ജഡ്ജിക്ക് കൈമാറാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഇനി മാര്‍ച്ച് 23 ന് കേള്‍ക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: health