സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത്തെ പോര്‍ട്ട് ചെയര്‍പേഴ്സണ്‍, നിലവില്‍ ഇന്ത്യയിലെ 12 മേജര്‍ പോര്ട്ടുകളിലെ ഏക വനിതാ മേധാവി, എറണാകുളം ജില്ലയിലെ ആദ്യ വനിതാ കളക്ടര്‍, കെഎസ്ഐഡിസിയുടെ ആദ്യ വനിതാ എംഡി. വിശേഷണങ്ങള്‍ ഏറെയാണ് ഡോ. എം. ബീന ഐഎഎസിനെ പരിചയപ്പെടുത്താന്‍. ജനങ്ങളുടെ യാത്രാദുരിതത്തിന് അന്ത്യംകുറിച്ച് വൈറ്റില മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാക്കിയ വ്യക്തിയെന്ന നിലയ്ക്ക് ജനഹൃദയങ്ങളില്‍ എക്കാലവുമുണ്ടണ്ടണ്ട് ഡോ. എം. ബീന.
കണക്ക് നോക്കിയാല്‍ 365 ദിവസത്തിന്റെ 50 ശതമാനം സ്ത്രീകള്‍ക്ക് നല്‍കണമെന്ന അഭിപ്രായക്കാരിയാണ് ബീന. ലിംഗവ്യത്യാസത്തില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് പറഞ്ഞുകൊണ്ടാണ് ബീന സംസാരിച്ചു തുടങ്ങിയത്. ”സ്ത്രീ ജീവിതത്തിന്റെ ചരിത്രം നോക്കിയാല്‍, ഒരുപാട് മാറ്റം വന്നിട്ടുണ്ട്. താഴേക്കിടയില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഇന്ന് ഉന്നത പദവിയിലേക്ക് എത്താന്‍ കഴിഞ്ഞു. ആ മാറ്റം അംഗീകരിക്കണം. പൊതുവേദിയിലേക്ക് എത്തിയ സ്ത്രീകളുടെയെണ്ണം കുറവാണെങ്കിലും അതിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാകണം ഓരോ വനിതാദിനവും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തനിക്ക് ഒരുപോലെയാണ്. ആര്‍ക്കും സൂപ്പര്‍ പവറില്ല. ആര് കഠിനാധ്വാനം ചെയ്താലും വിജയം ഉറപ്പാണ്. ഇന്ത്യയിലെ 12 പ്രധാന പോര്‍ട്ടുകളില്‍ ഏക ചെയര്‍പേഴ്സണ്‍ എന്ന കൗതുകം ആദ്യകാലത്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെയെല്ലാം സാധാരണ നിലയ്ക്കായി. എന്റെ ഉന്നമനമല്ല, മറിച്ച് കൊച്ചിന് പോര്‍ട്ടിന്റെ ഉന്നമനത്തിന് വേണ്ടിയാണ് പിന്നീടുള്ള ഓരോ പ്രവര്‍ത്തനങ്ങളും. സ്ത്രീയെന്ന നിലയ്ക്ക് കൂടുതല്‍ ഒന്നും തോന്നിട്ടില്ല. സ്ത്രീകള്‍ക്ക് മുകളില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഗ്ലാസ് സീലിങ് എവിടേയും ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് നമ്മുടെ ഓരോരുത്തരുടേയും മനസ്സിലാണ്, അത് നമ്മള് തന്നെയാണ് മാറ്റേണ്ടതും”
കെഎസ്ഐഡിസി എംഡിയായിരുന്നപ്പോള്‍ വനിതാ സംരംഭകര്‍ക്ക് സബ്സിഡി നിരക്കില്‍ ലോണ്‍ കൊടുക്കുന്നതിനായി ‘വുമണ്‍ എന്റര്‍പ്രണര്‍ മിഷന്’ എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചു. അത് വളരെയധികം ഫലം കണ്ടു. കുടുംബശ്രീ പോലുള്ള ചെറുകിട സംരംഭകര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത്. അതിലൂടെ കെഎസ്ഐഡിസി വന്‍കിട വ്യവസായികള്‍ക്ക് മാത്രമായിരുന്നുവെന്ന ചിന്താഗതി മാറ്റാനായി. ചെറുകിട സംരംഭകരെ കൂടി ചേര്‍ത്ത് നിര്‍ത്തി. ജോലി തേടിയിറങ്ങുന്നതിനു പകരം, ജോലി നല്കുന്ന തരത്തിലേയ്ക്ക് വനിതകളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. പുരുഷന്മാരെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും വന്ന സ്ത്രീകള്‍ അധികവും നല്ല സംരംഭക മനോഭാവമുള്ളവരാണ്.
കരിയറില്‍ തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയിട്ടുള്ളത്, കളക്ടര്‍ ആയിരുന്ന സമയമാണ്. കൂടുതല്‍ സമയം ജനങ്ങളുമായി സംവദിക്കാനുള്ള അവസരം ഉണ്ടായിരുന്നു. കെഎസ്ഐഡിസിയില്‍ ആയിരുന്നപ്പോള്‍ വ്യവസായികളും സംരംഭകരും മാത്രമായിരുന്നു. പോര്‍ട്ടിലേയ്ക്ക് മാറിയപ്പോള്‍ അത് കയറ്റുമതി, ഇറക്കുമതി, കസ്റ്റംസ്, ട്രേഡ് എന്നിവയിലേയ്ക്ക് ചുരുങ്ങി. കളക്ടര്‍ ആകുമ്പോള്‍ കിട്ടുന്ന അനുഭവങ്ങളാണ് പിന്നീട് വരുന്ന ഓരോ മേഖലയിലേയ്ക്കുള്ള അടിസ്ഥാനം. പ്രതിസന്ധിയിലായിരുന്ന വൈറ്റില ബസ് ടെര്‍മിനലിനെ വൈറ്റില മൊബിലിറ്റി ഹബ്ബെന്ന ആശയത്തിലേയ്ക്ക് എത്തിച്ച് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് ഏറെ സംതൃപ്തി നല്കി. വൈറ്റില മൊബിലിറ്റി ഹബ്ബ്, തുടക്കകാലത്ത് വെറുമൊരു വൈറ്റില ബസ് ടെര്‍മിനല്‍ മാത്രമായിരുന്നു. പിന്നീടുള്ള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് സംയോജിത യാത്രാസംവിധാനം എന്ന ആശയത്തിലേയ്ക്ക് എത്തിയത്. വാട്ടര്‍ മെട്രോ, മെട്രോ, ബസ് എല്ലാം ഓരേ സ്ഥലത്ത് സംഗമിക്കുന്ന ഇന്നത്തെ രീതിയിലാക്കിയത് അക്കാലത്താണ്. ഓരോ പദ്ധതിയും പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പ് ജനങ്ങളുടേയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടേയും അഭിപ്രായങ്ങളും ആശയങ്ങളും ചോദിച്ചറിഞ്ഞ് വിലയിരുത്തിയശേഷമാണ് നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ ആരില്‍നിന്നും മറിച്ചൊരഭിപ്രായം വന്നിട്ടില്ല. ഏഷ്യയിലെ തന്നെ ആദ്യത്തെ മള്‍ട്ടിമോഡല്‍ ഹബ്ബായി മാറിയിരിക്കുകയാണ് ഇന്ന് വൈറ്റില മൊബിലിറ്റി ഹബ്ബ്.
സാമ്പത്തിക പരാധീനതകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ ആദ്യ ചെയര്‍പേഴ്സണായി ചുമതല ഏറ്റെടുത്തത്. ഈ രണ്ടുവര്ഷങ്ങള്ക്കിപ്പറം കൊച്ചിന് പോര്‍ട്ട് വളര്‍ച്ചയുടെ പാതയിലാണ്. ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പോര്‍ട്ടിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. അത് ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണന്നും പറഞ്ഞ് നിര്‍ത്തുമ്പോള്‍ വിജയിയായ യോദ്ധാവിന്റെ സന്തോഷമായിരുന്നു ബീനയുടെ മുഖത്ത്.
വൈറ്റില മൊബിലിറ്റി ഹബ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന്, കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ്, സിവില്‍ സപ്ലൈസ് കോര്പറേഷന് എന്നിവയുടെ മാനേജിങ് ഡയറക്ടര്‍ പദവിയും ബീന വഹിച്ചിട്ടുണ്ട്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ ക്ഷേമം, ഫിഷറീസ്, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഗൈനക്കോളജിസ്റ്റായ ബീന സാധ്യകകളുടെ അനന്ത വിഹായസ് തേടിയാണ് സിവില്‍ സര്‍വീസിലേയ്ക്ക് എത്തിയത്. ഐജി പി. വിജയന് ഐപിഎസ് ആണ് ബീനയുടെ ഭര്‍ത്താവ്. വിഷ്ണുപ്രിയ, വിഗ്നേഷ് എന്നിവര്‍ മക്കള്‍. തിരുവനന്തപുരം സ്വദേശിയായ ബീന എറണാകുളം കാക്കനാടാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: