വാഷിങ്ടണ്‍: ലോകത്ത് നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) വ്യാപനത്തില്‍ മരിച്ചവരുടെ എണ്ണം 3500 കടന്നു. ഇതുവരെ 1,01,400 പേര്‍ക്കാണ് വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ 200 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ രോഗികളുടെ എണ്ണം 332 ആയി. 28 സംസ്ഥാനങ്ങളില്‍ രോഗ ബാധയുണ്ട്. 17 പേര് അമേരിക്കയില്‍ മരിച്ചു.
കാലിഫോര്‍ണിയയില്‍ ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലിലെ 21 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതിനാല്‍ കപ്പല്‍ തീരത്തേക്ക് നീങ്ങുകയാണ്. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ കൊറോണ വ്യാപനം ഒഴിവാക്കാന്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയാക്കി.
ദക്ഷിണ കൊറിയയില്‍ രോഗബാധിതരുടെ എണ്ണം 7041 ആയതായി സോള്‍ അറിയിച്ചു. 46 പേര് മരിച്ചു.കൊറിയയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 4297 പേരും ഷിന്‍ഷിയോന്‍ജി മത വിഭാഗം നടത്തിയ രോഗ ശാന്തി ശുശ്രൂഷയില്‍ പങ്കെടുത്തവരാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഇറാനില്‍ മരണസംഖ്യ 124 ആയി. അടുത്തിടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിത രാഷ്ട്രീയ പ്രവര്‍ത്തകയടക്കം 17 പേരാണ് ഇന്നലെ മാത്രം ഇറാനില്‍ മരിച്ചത്. യൂറോപ്പില്‍ ഏറ്റവുമധികം പേരില്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ വൈറസ് ബാധ 4636 ആയി, മരണസംഖ്യ 197 കടന്നു. ഇറ്റലിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവിനും കൊറോണ സ്ഥിരീകരിച്ചു. മാര്‍പ്പാപ്പ ഞായറാഴ്ച വീചഡിയോയിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുമെന്നും ജനങ്ങളെ നേരില്‍ കാണില്ലെന്നും വത്തിക്കാന്‍ അറിയിച്ചു ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 706 പേരടക്കം 1045 പേര്‍ക്കാണ് ജപ്പാനില്‍ വൈറസ് ബാധയുള്ളത്. 12 പേര് മരിച്ചു.
വിമാനക്കമ്പനികള്‍ക്ക് വന്‍ നഷ്ടം: 256 പേര്‍ക്കുള്ള വിമാനത്തില്‍ 25 യാത്രക്കാര്‍ മാത്രം
മുംബൈ: കൊറോണ വൈറസ് ആഗോള തലത്തില്‍ വ്യാപിച്ചതോടെ ജനം രാജ്യാന്തര യാത്ര നടത്താന്‍ ആശങ്കപ്പെടുന്നതും രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തിയതും വിമാനക്കമ്പനികളെ നഷ്ടത്തിലാക്കുന്നു. രാജ്യങ്ങളില്‍ നിന്നെത്തുമ്പോള്‍ പരിശോധനകളിലൂടെ കടന്നു പോകേണ്ടി വരുന്നതും യാത്രക്കാരുടെ എണ്ണം കുറച്ചു.
മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസം സിങ്കപ്പൂരിലേക്ക് പോയ 256 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ 25 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ലണ്ടനില്‍ നിന്ന് മുംബൈയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ 60 യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ദല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ വെറും 58,000 രൂപ മാത്രം മതി. ഹോളി ഉത്സവ കാലമായ ഈ സമയത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ എണ്‍പതിനായിരം രൂപ വരെ ഈ യാത്രയ്ക്ക് അടയ്ക്കേണ്ടിയിരുന്നു. യാത്രക്കാരില്ലാത്തതാണ് ടിക്കറ്റ് നിരക്കില്‍ ഇളവു വരുത്താന്‍ കാരണം.വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിപ്പോഴത്തേതെന്നും വിമാനക്കമ്പനികള്‍ പറയുന്നു.
എണ്ണ വ്യാപാരവും പ്രതിസന്ധിയില്‍
റിയാദ്: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് എണ്ണ വിലയില്‍ വന്‍ ഇടിവ്. ഒന്‍പത് ശതമാനത്തിലധികം വിലക്കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. പതിനൊന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് എണ്ണവിലയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കുന്നതിന് എണ്ണ ഉത്പാദനത്തില്‍ നിയന്ത്രണങ്ങളേര്പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഷ്യയുമായി മടത്തിയ ചര്‍ച്ച ഫലം കാണാതെ പോയി. നിലവിലെ എണ്ണ ഉത്പാദനം കുറയ്ക്കണമെന്നാണ് സൗദി മുന്നോട്ടുവച്ച നിര്‍ദേശം. റഷ്യ അതിനെ എതിര്‍ത്തു. ഇതാണ് എണ്ണ വിലയില്‍ കുറവുണ്ടാകാനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: