ശ്രീനഗര്‍: ലഡാക്കിലും തമിഴ്നാട്ടിലും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 34 ആയി. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് ലഡാക്കില്‍ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ അറിയിച്ചു.
കൂടാതെ, ഇറ്റലിയില്‍ നിന്ന് അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ടു പേര്‍ക്ക് പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. അവസാന ഫലത്തിന് കാത്തിരിക്കുകയാണ്.
കൊറോണ പരിശോധനയ്ക്കായി രാജ്യത്തുടനീളം 52 പുതിയ ലാബുകള്‍ കൂടി പ്രവര്‍ത്തന സജ്ജമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗനിര്‍ണയം സുതാര്യമാക്കാന്‍ മറ്റ് 57 ലാബുകളെ രക്തസാമ്പിളുകള്‍ ശേഖരിക്കാനും ഏല്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് ആറു വരെ 3404 പേരില്‍ നിന്ന് ശേഖരിച്ച 4058 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.
ആലപ്പുഴയില്‍ അച്ഛനും മകളും നിരീക്ഷണത്തില്‍
ചേര്‍ത്തല: ഹിമാചല്‍പ്രദേശില്‍ നിന്നെത്തി പനിക്കു ചികിത്സ തേടിയ അച്ഛനും മകളും വീട്ടില്‍ നിരീക്ഷണത്തില്‍. ഇന്നലെയാണ് പനി ബാധിച്ചു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. ഹിമാചല്‍ പ്രദേശില്‍ ജോലിയുണ്ടായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തൊണ്ടയിലെ സ്രവം ശേഖരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് അയച്ചു.
സൗദിയില്‍ പ്രവേശന വിലക്ക്
റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം. കൊറോണയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ രാജ്യത്ത് പ്രവേശനമുള്ളൂ. പുതിയ വിസയ്ക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്കു പോയവര്‍ക്കും ഇതു ബാധകമാണ്.
കരിപ്പൂരില്‍ നിന്നുള്ള കുവൈറ്റ് വിമാനം റദ്ദാക്കി
കരിപ്പൂര്‍: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി. ഇന്നലെ രാവിലെ കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഏഴ് ദിവസത്തേക്കാണ് നിലവില്‍ വിലക്കുള്ളത്.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സിറിയ, ലബനന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്കും തിരിച്ച് കുവൈറ്റില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മോദി
ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് സംശയമുണ്ടായാലും ഡോക്ടറുമായി ബന്ധപ്പെടണം. അല്ലാതെ സ്വയം ഡോക്ടര്‍ ചമയരുത്, പ്രധാനമന്ത്രി നിര്‍ദേശിച്ചു. വൈറസ് വ്യാപന പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: