സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌ന പുരസ്‌ക്കാരം മാനന്തവാടി, അരമംഗലത്ത് സി.ഡി. സരസ്വതിക്ക്. അരിവാള്‍ രോഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി രണ്ടു പതിറ്റാണ്ടോളമായി പോരാടുന്ന മാതൃ ശക്തിയാണ് സി.ഡി. സരസ്വതി. രോഗബാധിതരായ മനുഷ്യര്‍ക്ക് സരസ്വതി ധൈര്യം പകരുന്നതും സ്വന്തം ജീവന്‍ കാണിച്ചുകൊണ്ടാണ്. അരിവാള്‍ രോഗിയും ബന്ധുവുമായ ഇ.എസ്. രാധാകൃഷ്ണന്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത് സരസ്വതിയെ തളര്‍ത്തിയിരുന്നു. രോഗിയായ മൂത്ത മകനെ ചികിത്സിക്കാന്‍ കഴിയാതെ രാധാകൃഷ്ണന്‍ കടക്കെണിയില്‍പ്പെട്ടു.
വര്‍ഷങ്ങളായി അരിവാള്‍ രോഗികളുടെ ഉന്നമനത്തിനായി രാപകലില്ലാതെ രോഗത്തെ പോലും തൃണവല്‍ഗണിച്ച് പ്രയത്‌നിക്കുന്ന സരസ്വതിക്കുള്ള അതിജീവനത്തിന്റെ അംഗീകാരം കൂടിയായി മാറി പുരസ്‌കാരം. വയനാട്ടിലെ ആദിവാസി വിഭാഗത്തിലുള്‍പ്പെടെ അരിവാള്‍ രോഗം ബാധിച്ച ആയിരത്തിലധികം പേരാണ് സരസ്വതിയുടെ പോരാട്ടത്തിന് ഗുണമനുഭവിക്കുന്നത്. 1996ല്‍ രോഗകിടക്കയില്‍ മുന്നുവര്‍ഷം. അല്‍പ്പമൊന്നാശ്വാസമായപ്പോള്‍ 1998ല്‍ മൂന്നോ നാലോ പേര്‍മാത്രമുള്ള അരിവാള്‍ രോഗികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. അരിവാള്‍ രോഗികള്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെതെന്ന് വിശേഷിപ്പിക്കാവുന്ന സിക്കിള്‍ സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷന്‍ അങ്ങനെ ജന്മം കൊണ്ടു. സംഘടനയുടെ എല്ലാമാണ് സരസ്വതി. ഇവരുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും 2000 രുപ പെന്‍ഷന്‍ അനുവദിച്ചതും, സൗജന്യമായി മരുന്ന് നല്‍കി തുടങ്ങിയതും. കേരള ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറി 2012ല്‍ മാനന്തവാടിയില്‍ ആരംഭിച്ചപ്പോള്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ സ്വീപ്പര്‍ ജോലിയില്‍ പ്രവേശിക്കുകയും 2015 മുതല്‍ ഗ്യാലറി അറ്റന്‍ഡറായി സേവനമനുഷ്ടിക്കുകയുമാണ്. ഇപ്പോള്‍ ലഭിച്ച അംഗീകാരം അരിവാള്‍ രോഗികള്‍ക്കായി ഇനിയും കുറെയേറെ കാര്യങ്ങള്‍ ചെയ്ത തീര്‍ക്കുന്നതിനായി പ്രചോദനമായി മാറിയതായി സരസ്വതി പറഞ്ഞു. ഭര്‍ത്താവ് എ.കെ. രാമചന്ദ്രന്‍ സജീവ രാഷ്‌ട്രിയ പ്രവര്‍ത്തകനാണ്. മക്കളായ വൈശാഖ് എഞ്ചിനിയറിങ് വിദ്യാര്‍ഥിയും യശ്വന്ത്ദല്‍ഹിയില്‍ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: