ഭാരതത്തില്‍ എല്ലാ ശാസ്ത്രശാഖകളിലും പോലെ തന്നെ സംഗീതശാസ്ത്രത്തിലും ആത്മീയത അലിഞ്ഞുചേര്‍ന്നിരിക്കുന്നു. വ്യക്തിപരവും സാമൂഹ്യപരവുമായ എല്ലാ ചടങ്ങുകളിലും വിശേഷങ്ങളിലും സംഗീതം ഒഴിച്ചുകൂടാനാകാത്തവിധം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മനസ്സിന്റെ അവസ്ഥ എത്രയും പെട്ടെന്ന് മാറ്റിയെടുക്കാന്‍ സംഗീതത്തോളം പറ്റിയ മറ്റൊരു പ്രതിഭാസവും ഇല്ലെന്നിരിക്കെ, എല്ലാ മതങ്ങളും ഈശ്വര ആരാധനയില്‍ സംഗീതത്തെ ഉപയോഗിക്കുന്നു. യുദ്ധക്കെടുതികള്‍ക്കും അധിനിവേശങ്ങള്‍ക്കും വര്‍ണ്ണവിവേചനങ്ങള്‍ക്കും മരുന്നായി, സമാധാനത്തിനും മാനുഷിക ഐക്യത്തിനും ഭാരതീയ സംസ്‌കൃതി രൂപപ്പെടുത്തുന്നതിലും സംഗീതം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.
സംഗീതത്തിന് വൈദികമെന്നും ലൗകികമെന്നും രണ്ടു വിഭാഗങ്ങളുണ്ട്. ഇവയെ യഥാക്രമം മാര്‍ഗി സംഗീതമെന്നും ദേശി സംഗീതമെന്നും വിളിക്കുന്നു. ദേശി സംഗീതം യാഗങ്ങള്‍ക്കും വേദങ്ങള്‍ ആലപിക്കുവാനും മാര്‍ഗി സംഗീതം പൊതുജനങ്ങള്‍ക്ക് ആനന്ദിക്കുവാനായി ഉള്ളതാണെന്നും പറയപ്പെടുന്നു. ഋഗ്വേദ കാലഘട്ടത്തില്‍ അനുദാത്തമെന്ന ‘നി’ (നിഷാദം) എന്ന സ്വരവും സ്വരിതമെന്ന ‘സ’ (ഷഡ്ജം) യും ഉദാത്തമായ ‘രി’ (രിഷഭം) എന്നീ മൂന്നു സ്വരങ്ങളിലായിരുന്നു ആലാപനം. സംഗീതത്തിലുള്ള അഭിരുചി വര്‍ധിച്ചതോടെ സാമഗാന കാലഘട്ടത്തില്‍ ഗ, ധ എന്നീ സ്വരങ്ങള്‍ കൂടി ചേര്‍ത്ത് ഗരിസനിധ എന്നിങ്ങനെ അഞ്ചു സ്വരങ്ങളിലായി, സാമവേദ കാലത്തില്‍ സരിഗമപധനി എന്ന സപ്തസ്വരങ്ങളില്‍ ആലപിക്കുന്നതിന് തുടക്കം കുറിച്ചു. ഖരഹരപ്രിയ രാഗത്തോട് സാമ്യമുള്ള ഈണമായിരുന്നു അന്നത്തെന്നആലാപനത്തിന്. സാമേവദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സപ്തസ്വരങ്ങള്‍ ഉപയോഗിച്ചുകൊണ്ടണ്ടണ്ട് കര്‍ണാടക സംഗീതം ഏറെ മുന്നോട്ടു പോയി.കര്‍ണാടക സംഗീതത്തില്‍ സ്ഥായിയായി ഒഴുകുന്നത് ഭക്തിഭാവമാണ്. പ്രേമഭാവനയോടെ ഈശ്വരനെ സ്തുതിച്ച്, ഈശ്വരന്റെ ഗുണഗണങ്ങള്‍ പാടി നടക്കുക എന്നതാണ് അന്നത്തെ സന്യാസിവര്യന്മാര്‍ക്ക് തുല്യരായ വാഗ്ഗേയകാരന്മാര്‍ ചെയ്തിരുന്നത്. ഈശ്വര സാക്ഷാല്‍ക്കാരമായിരുന്നു കര്‍ണാടക സംഗീത കൃതികളിലെ മുഖ്യവിഷയം.
സംഗീത ജ്ഞാനമു ഭക്തി വിനാ സന്മാര്‍ഗമു ഗലദ.. എന്ന ധന്യാസി രാഗത്തിലുള്ള ത്യാഗരാജകൃതിയില്‍ ഭക്തിയും സംഗീതവും തമ്മിലുള്ള ബന്ധം വിവരിക്കുന്നു. യഥാര്‍ത്ഥ ഭക്തിയിലൂടെ സംഗീതം ആലപിച്ചാലേ അതിന് ഫലമുണ്ടണ്ടണ്ടാകൂ, ഭക്തിയാണ് സംഗീതത്തിന് ആധാരം. നടരാജമൂര്‍ത്തി, ആഞ്ജനേയ സ്വാമി, മഹര്‍ഷിമാരായ ഭൃംഗി, അഗസ്ത്യന്‍, മതംഗ, നാരദ എന്നിവര്‍ സംഗീതത്തിലൂടെ ഭക്തി വര്‍ഷിച്ചവരാണ്. അദ്ദേഹം ഈ ജഗത്തു തന്നെ മിഥ്യയാണെന്നും മനഷ്യരില്‍ സ്വതസിദ്ധമായുള്ള ആറ് സ്വഭാവ വൈകല്യങ്ങളെ എങ്ങിനെ കീഴടക്കാമെന്നും ഇതിലൂടെ സൂചിപ്പിച്ചിരിക്കുന്നു. സംഗീതത്തിലുള്ള ജ്ഞാനമല്ലാതെ മോക്ഷപ്രാപ്തിക്ക് മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് ത്യാഗരാജസ്വാമികള്‍ ഈ കീര്‍ത്തനത്തിലൂടെ വിശ്വസിക്കുന്നു.
ഭക്തിയുടെ പൂര്‍ണ്ണത സംഗീതത്തിലാണ്. ഭക്തിയും സംഗീതവും പരസ്പരപൂരകങ്ങളാണ്. ഭക്തി എന്നത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ളബന്ധമാണ്. ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുമ്പോഴാണ് മോക്ഷം കൈവരുന്നത്. പരമാത്മാവിനെ അറിയുകയും ഭക്തിപുരസ്സരം പ്രാപിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മോക്ഷപ്രാപ്തി നേടുന്നത്. ഇങ്ങനെയുള്ള ഭക്തി സാക്ഷാത്കരിക്കുവാന്‍ ഫലവത്തതായ മാര്‍ഗ്ഗം സംഗീതമാണ്.
(നാളെ: ഗീതാഗോവിന്ദത്തിലെ മധുരഭക്തി)
പ്രതികരിക്കാൻ ഇവിടെ എഴുതുക