കയ്യില്‍ കുപ്പിവള കിലുക്കമില്ല, കാലില്‍ പാദസര കൊഞ്ചലില്ല, പിന്നിയിട്ട കാര്കൂന്തലഴകില്ല. ബാറ്റും ബൂട്ട്സും, പറ്റെ വെട്ടിയ മുടിയും, മുഖം മറയ്ക്കുന്ന ഹെല്‍മെറ്റുമാണ് ഷെഫാലിക്കിഷ്ടം. ഈ ഇഷ്ടം ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരമാക്കി അവളെ മാറ്റി. ഇന്നവര്‍ക്ക് ഒരു കഥയേ പറയാനുള്ളൂ; രോത്തക്കില്‍ നിന്ന് സിഡ്നി വരെയെത്തി നില്ക്കുന്ന ഷെഫാലി വര്‍മയെന്ന കൊച്ചുമിടുക്കിയുടെ കഥ. രാജ്യത്ത്് ഏറ്റവും കൂടുതല്‍ പെണ് ഭ്രൂണഹത്യകള്‍ നടക്കുന്ന നാട്ടില്‍, പെണ്ണെന്ന വാക്കില്‍ മകളുടെ ആഗ്രഹങ്ങളെ ഒരച്ഛന് തളച്ചിടാതിരുന്നപ്പോള് ഉദയം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ കഥ. ആണ്‍കുട്ടികള്‍ക്കൊപ്പം അവരുടെ രൂപത്തിലും ഭാവത്തിലും, അവരെക്കാള്‍ മികവിലും കളിച്ചു വളര്‍ന്ന ഷെഫാലി ഏതൊരു വനിതയ്ക്കും ഊര്‍ജമാണ്. ആര്‍ക്കും പിന്നിലല്ല നാമെന്ന തിരിച്ചറിവും. പെണ് മക്കളില്‍ വിശ്വാസമര്‍പ്പിച്ചാല്‍ അവര്‍ തിരിച്ചേകുന്ന സമ്മാനം വലുതായിരിക്കുമെന്ന സന്ദേശം കൂടിയാണ് ഈ പെണ്മുത്തിന്റെ ജീവിതം.
എന്റെ ആദ്യ ലോകകപ്പ് മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ അച്ഛനുണ്ടാകണം, അന്ന് ഞാന്‍ ഏറെ അഭിമാനം കൊള്ളും… ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിനും മുന്‍പ് അടുത്ത ലോകകപ്പില്‍ താനുണ്ടാകുമെന്ന് ഒരു പതിനഞ്ചുകാരി ജയ്പൂരില്‍ വച്ച് ആറു മാസം മുന്‍പ് പറഞ്ഞപ്പോള്‍ ആരും പ്രതീക്ഷിച്ചില്ല ലോകവനിതാ ക്രിക്കറ്റില്‍ ഇനി ഉയര്‍ന്ന് കേള്‍ക്കുക അവളുടെ പേരാകുമെന്ന്.
ജീവിത സാഹചര്യങ്ങള്‍ തട്ടിയെടുത്ത തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മകള്‍ക്ക് കഴിയും എന്ന ഒരച്ഛന്റെ വിശ്വാസം കൈമുതലാക്കി മുന്നേറിയ ആ പെണ്കുട്ടിയിന്ന് ലോക ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതാണ്. പുരുഷ താരങ്ങളെ പോലും പിന്നിലാക്കി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കൊച്ചു മിടുക്കിയാണ്.
പെര്‍ഫെക്ട് സ്റ്റ്ര്‍ട്ട്
രോത്തക്കിലെ ബന്‍സി ലാല്‍ സ്റ്റേഡിയത്തില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ രഞ്ജി ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ദിവസം കാണികള്‍ക്കിടയില്‍ ഒരു ഒമ്പതുവയസ്സുകാരിയും അച്ഛനുമുണ്ടായിരുന്നു. അന്നവിടെവച്ചവള് ബാറ്റിങ്ങിനെ പ്രണയിച്ചു തുടങ്ങി.
സഹോദരന് പരിശീലനത്തിന് പോകുമ്പോള്‍ അവളും കൂടെപ്പോയി. അന്ന് ആണ്‍കുട്ടികള്‍ കളിക്കുന്നത് നോക്കി നില്‍ക്കാനും
ബോള്‍ പെറുക്കാനും മാത്രമാണ് കുട്ടിഷെഫാലിക്ക് അവസരം കിട്ടിയത്. മകളുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ അച്ഛന് സഞ്ജീവ് അവളെയും പരിശീലനത്തിനയച്ചു. രാവും പകലും അവള്‍ക്കൊപ്പം ചെലവഴിച്ചു. മകനെയും മകളെയും ഒരുപോലെ പരിഗണിച്ചു. മാസങ്ങള്‍ പിന്നിട്ടു, മൂന്ന് സഹോദരങ്ങളില്‍ മൂത്തവനായ സാഹിലിന് അസുഖം ബാധിച്ചു. പാനിപ്പത്തില്‍ പ്രാദേശിക അണ്ടര്‍-12 മത്സരം കളിക്കാനാകാതെ വന്നു. അന്ന് മകന് പകരം മകള്‍ മത്സരത്തിനിറങ്ങട്ടെ എന്ന് സഞ്ജീവ് തീരുമാനിച്ചു. ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റു കളിക്കാന്‍ മകളെ കൊണ്ടുനടന്ന് അച്ഛന് തന്നെ അവളുടെ ജീവിതം നശിപ്പിക്കുന്നു എന്നുപോലും പലരും പറഞ്ഞു. പക്ഷേ അതൊന്നും അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല.
ആണ്‍കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ അവരെ പോലെ മുടി മുറിച്ച്, മകന്റെ പേരെഴുതിയ ടീഷര്‍ട്ട് ധരിപ്പിച്ച് ഷെഫാലിയെ അദ്ദേഹം കളത്തിലിറക്കി. മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡും കൊണ്ടാണ് അന്ന് ആ മകളും അച്ഛനും മടങ്ങിയത്. ടൈമിങ് കൃത്യമായി തിരിച്ചറിഞ്ഞ് ദൂരത്തേക്ക് പന്ത് പായിക്കാനുള്ള അവളുടെ മിടുക്കും അന്നേ അച്ഛന് തിരിച്ചറിഞ്ഞു.
ഇന്ത്യന്‍ ടീമിലേക്ക്
വീടിനടുത്ത് പോലീസ് റിക്രൂട്ടിങ് നടക്കുന്ന ഇടം പിന്നീടങ്ങോട്ട് ഷെഫാലിയുടെയും സഹോദരന്റെയും കളിസ്ഥലമായി മാറി. അപ്പര്‍ ബോഡി കൂടുതല്‍ ദൃഢമാക്കാന്‍ ട്രാക്ടറിന്റെ ടയര്‍ 20-30 പ്രാവശ്യം മറിച്ചിട്ടും കൈയില്‍ ഭാരം ചെന്ന പന്ത് കെട്ടിയും ശാരീരികാഭ്യാസം നടത്തി. ഇത് പതിയെ ദിനചര്യയുടെ ഭാഗമാക്കി. ബൗണ്ടറികള്‍ എത്ര അടിച്ചാലും തെല്ലും ക്ഷീണിക്കാതെ ക്രീസില്‍ നിലയുറപ്പിക്കുന്ന ഷെഫാലിയുടെ കരുത്ത് ഇങ്ങനെ ഉണ്ടാക്കിയെടുത്തതാണ്.
2013 മുതല്‍ അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-23 മത്സരങ്ങളില്‍ ഹരിയാനയ്ക്കു വേണ്ടി കാഴ്ചവച്ച മിന്നും പ്രകടനങ്ങളോടെ അവളെ സെലക്ടര്‍മാര്‍ ശ്രദ്ധിച്ചു തുടങ്ങി. 2018-19 ഇന്റര്‍ സ്റ്റേറ്റ് ടി-ട്വന്റി ടൂര്‍ണമെന്റില്‍ നാഗാലാന്‍ഡുമായുള്ള മത്സരത്തില്‍ 56 പന്തില്‍ 128 റണ്‍സ് അടിച്ചുകൂട്ടിയ പ്രകടനം കൂടിയായപ്പോള്‍ വനിതകളുടെ ടി ട്വന്റി ചാലഞ്ചിലേക്ക് അവര്‍ ഷെഫാലിയെ തെരഞ്ഞെടുത്തു. അന്ന് ഒപ്പം മത്സരിച്ചവര്‍ പോലും അവളുടെ പ്രായം കേട്ട് ഞെട്ടി. കാരണം, ഒരു പതിനഞ്ച് കാരിയുടെ പരിചയ സമ്പത്തോ മെയ്വഴക്കമോ ആയിരുന്നില്ല അവള്‍ക്ക്.
നാല് മാസങ്ങള്‍ക്കു ശേഷം മിത്താലി രാജ് ടി-ട്വന്റി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ഷെഫാലിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വാതായനങ്ങള്‍ തുറന്നു കിട്ടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സീരിസില്‍ 2019 സെപ്തംബര്‍ 24ന് അരങ്ങേറ്റം കുറിച്ചു.
റെക്കോര്‍ഡുകളുടെ തോഴി
ടി-ട്വന്റിയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡോടെയായിരുന്നു ടീമിലേക്കുള്ള അവളുടെ പ്രവേശനം തന്നെ.
ദക്ഷിണാഫ്രിക്കന്‍ താരം ഷബ്നിം ഇസ്മൈലിന്റെ വേഗവും ബൗണ്‍സും തുടര്‍ച്ചയായി വെല്ലുവിളിയുയര്‍ത്തിയെങ്കിലും നാല്പതിലധികം റണ്‍സ് അടിച്ചുകൂട്ടാന്‍ ഷെഫാലിക്കായി.
തൊട്ടടുത്ത മാസം കരീബിയന്‍ മണ്ണില്‍ 73 റണ്‍സോടെ ഷെഫാലിയും സ്മൃതി മന്ഥാനയും പടുത്തുയര്‍ത്തിയ 143 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് ഒരു റെക്കോര്‍ഡ് കൂടി സമ്മാനിച്ചു. ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധശതകം തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് ക്രിക്കറ്റ് ദൈവം സച്ചിനില്‍ നിന്ന് അന്നവള്‍ തട്ടിയെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചു കളികളില്‍ നിന്ന് 158 റണ്‍സും പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്കാരവും നേടി.
മെല്‍ബണിലും സ്റ്റാര്‍
വെറും അഞ്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയ സമ്പത്തുമായാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഷെഫാലി കാലുകുത്തിയത്. ടി-ട്വന്റി വനിതാ ലോകകപ്പ് ആദ്യ മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ സിക്സര്‍ പായിച്ചുകൊണ്ട് ഈ പ്രതിഭ തന്റെ വരവറിയിച്ചു. നാല് കളികളില്‍ നിന്ന് 161 റണ്‍സ് നേടി. ഇതോടെ ലോക ടി-ട്വന്റി ബാറ്റിങ് റാങ്കിങ്ങില്‍ 761 പോയിന്റുകളോടെ ഒന്നാമതെത്തിയിരിക്കുകയാണ് ഷെഫാലി. കളിക്കളത്തിലെ ആത്മവിശ്വാസവും ബാറ്റിങ് മികവും കണ്ട് പലരും വിരേന്ദര്‍ സേവാഗിനോട് ഉപമിക്കാറുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഷെഫാലിയുടെ മിന്നും പ്രകടനം കണ്ട് സേവാഗും ട്വിറ്ററില്‍ കുറിച്ചു: വാഹ് ഭായ് വാഹ്!
പലപ്പോഴും മധ്യനിര അമ്പേ പരാജയപ്പെട്ടെങ്കിലും ഷെഫാലിയുടെയും സ്മൃതിയുടെയും ജെമീമയുടെയും തോളിലേറി ഇന്ത്യന്‍ ടീം ഒരിക്കല്‍ പോലും തോല്‍ക്കാതെ ടൂര്‍ണമെന്റില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. സെമി മഴ കൊണ്ടുപോയപ്പോള്‍ ഫൈനലിലെത്താന്‍ ഇന്ത്യന്‍ ടീമിന് തുണയായതും ആ പോയിന്റുകള്‍ തന്നെ.
ലോകം വനിതാ ദിനമാഘോഷിക്കുന്ന ഇന്ന് 130 കോടി ജനങ്ങളുടെ പ്രാര്‍ഥനയും പവലിയനില്‍ കാണികള്‍ക്കിടയിലിരിക്കുന്ന അച്ഛന്റെ അനുഗ്രഹവുമായി ഷെഫാലി ഇറങ്ങുകയാണ് ടി-ട്വന്റി വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മിന്നും വിജയം സമ്മാനിക്കാന്‍. പ്രാര്‍ഥനകള്‍ പാഴായില്ലെങ്കില്‍ തീര്‍ച്ചയാണ് ആ സുവര്‍ണ കപ്പില്‍ ഷെഫാലിയെന്ന കൊച്ചുമിടുക്കി മുത്തമിടുക തന്നെ ചെയ്യും. അങ്ങനെ വന്നാല്‍ ഇടതു കൈകൊണ്ട് ബാറ്റ് ചെയ്യുന്ന ഇളയ സഹോദരി ഏഴുവയസ്സുകാരി നാന്സിക്ക് മാത്രമല്ല ഇന്ത്യയിലെ കൊച്ചു ഗ്രാമങ്ങളിലടക്കമുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ഈ പതിനഞ്ചുകാരി പ്രചോദനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: