ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവായ വനിത ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്. ഭാഗീരഥിയമ്മ എന്ന 105കാരിയുടെ ഖ്യാതി കടലേഴും കടന്നിരിക്കുന്നു. ഈ പ്രായത്തില്‍ നാലാംതരം 75 ശതമാനം മാര്‍ക്കോടെ വിജയിച്ചതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ട്. അതിലേറെ അനുഭവങ്ങളുമുണ്ട്.
കൊല്ലം ജില്ലയില്‍ അഞ്ചാലുംമൂട് കാഞ്ഞാവെളിയാണ് ഭാഗീരഥിയമ്മയുടെ സ്വദേശം. ഒരു നൂറ്റാണ്ടിന് മുന്‍പ് പ്രാക്കുളം ഗവ. എല്‍പി സ്കൂളില്‍ പഠനം തുടങ്ങിയ ഭാഗീരഥിയമ്മയ്ക്ക് വീട്ടിലെ സാഹചര്യങ്ങള്‍ തിരിച്ചടിയായി. ഇളയ സഹോദരങ്ങളെ നോക്കാനും പരിചരിക്കാനും അമ്മയെ സഹായിക്കാനുമായി മൂന്നാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. സാക്ഷരതാ മിഷന് കീഴില്‍ പഠനം പുനരാരംഭിക്കുന്നത് ഉറ്റ സുഹൃത്തിന്റെ മകളും സാക്ഷരതാ മിഷന് പ്രവര്‍ത്തകയുമായ വി. ഷേര്‍ളിയുടെ സഹായത്തോടെയാണ്. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മികച്ച കാഴ്ചശക്തിയും കേള്‍വിയും ഈ പ്രായത്തിലുമുണ്ട്. അസാധ്യമായതിനെ സാധ്യമാക്കാന്‍ അമ്മയെ സഹായിക്കുന്നതും അതുതന്നെ. വീട്ടിലെത്തി നല്കിയ ചോദ്യാവലിയുടെ ഉത്തരങ്ങള്‍ ആദ്യം സ്വന്തമായും പിന്നീട് സ്ക്രൈബിന്റെ സഹായത്തിലൂടെയുമാണ് എഴുതിയത്.
ആറു മക്കളില്‍ ഇളയവളായ തങ്കമണിയോടൊപ്പമാണ് അമ്മയുടെ ജീവിതം. വിവാഹശേഷം പൂനെയില്‍ ജീവിച്ച തങ്കമണിയമ്മ ഭര്‍ത്താവ് ആനന്ദന്‍പിള്ളയുടെ മരണശേഷം 2007 മുതല്‍ അമ്മയുടെ സന്തതസഹചാരിയാണ്. 2017ല്‍ മകന് അനീഷിന്റെ വിയോഗവും അഭിമുഖീകരിച്ചു.
അമ്മയുടെ ഉണരല്‍ മുതല്‍ ഉറക്കം വരെയുള്ള എല്ലാ കാര്യങ്ങളും ചിട്ടയായി പരിപാലിക്കുന്നതില്‍ തങ്കമണിയമ്മയുടെ പങ്ക് നിസ്തുലമാണ്. സ്വന്തം മാതാപിതാക്കളെ വഴിയിലുപേക്ഷിക്കുന്ന ആധുനിക സമൂഹത്തിന് വഴികാട്ടി കൂടിയാണ് ഈ മകള്‍. രണ്ടാഴ്ച മുന്‍പ് മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 105 കാരിയായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇതിനുശേഷം ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം നീറമണ്‍കര ശാഖയുടെ സഹായത്തോടെ അമ്മയ്ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു.
നേരത്തെ ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ഒരു പെന്‍ഷനും ലഭിച്ചിരുന്നില്ല. ഇളയ മകള്‍ തങ്കമണിയുടെ ഭര്‍ത്താവ് മരിച്ചശേഷം, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം വീര്‍പ്പുമുട്ടി. തുടര്‍ന്ന് അമ്മ അഞ്ച് വര്‍ഷം മുന്‍പ് പെന്ഷന് അപേക്ഷിച്ചു. വിരലടയാളം, വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ എന്നിവ കാരണം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും ആധാര്‍ ഓഫീസിലെ ഏജന്റുമാര്‍ക്ക് ബയോമെട്രിക് വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ വിധവാ പെന്ഷന് അപേക്ഷിച്ചിരുന്നെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: