കാലിഫോർണിയ: കൊറോണ വൈറസ് മൂലമുണ്ടായ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നതിനെതിരെ സോഷ്യല്‍ മീഡിയ സേവനദാതാക്കളായ ഇന്‍സ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും. മെഡിക്കല്‍ ഫെയ്‌സ് മാസ്‌കുകള്‍ വില്‍ക്കുന്ന പരസ്യങ്ങളും കൊമേഴ്സ് ലിസ്റ്റിംങുകളും ഞങ്ങള്‍ നിരോധിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് പ്രതിനിധി റോബ് ലീതേണ്‍ അറിയിച്ചു.
കോവിഡ്-19 ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഈ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഞങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്ഡേറ്റുകള്‍ ഉണ്ടാക്കും,’ അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയും ഈ തീരുമാനത്തെ പിന്തുണച്ചു. ഈ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്കിലെ കൊറോണവൈറസ് സംബന്ധിച്ച സെര്‍ച്ചുകളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോപ്പ് അപ്പ് സന്ദേശം കാണിക്കും. ഫെയ്‌സ്ബുക്കിനെ കൂടാതെ കൊറോണ സംബന്ധിച്ച തെറ്റിദ്ധാരണ പടര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും നടപടി സ്വീകരിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: