മെല്‍ബണ്‍: ഐസിസി ടി 20 വനിതാ ലോകകപ്പിന്റെ ഫൈനലില്‍ നാളെ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ഓസീസ് ടീം നയം വ്യക്തമാക്കിക്കഴിഞ്ഞു. ജയിക്കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. കിരീടം നേടുക തന്നെ ചെയ്യുമെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മേഗ് ലാന്നിങ് പറഞ്ഞു.
അനായാസം ജയിച്ചുകയറാമെന്ന മോഹമൊന്നുമില്ല. ശക്തമായ പോരാട്ടം തന്നെ കാഴ്ചവച്ച് കിരീടം കൈപ്പിടിയിലൊതുക്കും. ഫൈനലിലേക്കുള്ള വഴി ദുര്‍ഘടമായിരുന്നു. പക്ഷെ ഞങ്ങള്‍ മിന്നുന്ന പ്രകടനത്തിലൂടെ കലാശക്കളിയിലേക്ക് കടന്നുകയറി. ഇനി ഫൈനലിലും വിജയക്കൊടി പാറിക്കും, ലാന്നിങ് കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് എയിലെ ആവേശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നാലു റണ്‍സിന് മുക്കിയാണ് ഓസ്ട്രേലിയ സെമിയില്‍ സ്ഥാനമുറപ്പിച്ചത്. ഗ്രൂപ്പില്‍ പോയിന്റ് നിലയില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഓസീസ് സെമിയിലെത്തുകയായിരുന്നു.
മഴ തടസ്സപ്പെടുത്തിയ സെമിയില്‍ മഴനിയമപ്രകാരം ദക്ഷിണാഫ്രിക്കയെ അഞ്ചു റണ്‍സിന് കീഴടക്കിയാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. നാലു തവണ ലോക കിരീടം ചൂടിയ ഓസ്ട്രേലിയ ഇത് തുടര്‍ച്ചയായ ആറാം തവണയാണ് ഫൈനലിലെത്തുന്നത്.
ലീഗ് മത്സരത്തിലെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ഇതാദ്യമായി ഈ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്‍ മത്സരം മഴയില്‍ ഒലിച്ചുപോയതിനെ തുടര്‍ന്നാണ് ഇന്ത്യ ലീഗിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: