”For to be free is not merely to carte off one’s chains, but to live in a way that respects and enhances the freedom of others” (ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതു മാത്രമല്ല സ്വാതന്ത്ര്യം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും അതു മെച്ചപ്പെടുത്തുകയും കൂടി ചെയ്യുന്ന രീതിയില്‍ ജീവിക്കുകയും വേണം). മണ്ടേലയുടെ അഭിപ്രായം തന്നെയാണ് ഒരു നൂറ്റാണ്ടു മുന്‍
പ് ശ്രീനാരായണ ഗുരുദേവന് ‘അവനവന്നാത്മസുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനായ് വരേണം” എന്നു ചുരുക്കി പറഞ്ഞത്. എല്ലാത്തരം സ്വാതന്ത്ര്യവും മറ്റുള്ളവരുടെ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുന്നതായിരിക്കണം. അല്ലാത്ത പക്ഷം അതു സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കും.
കവിയുടെ സര്‍ഗാത്മക സ്വാതന്ത്ര്യത്തിനും ചില പരിധികള്‍ നിര്ണയിക്കാതിരിക്കാന് വയ്യ. കവികള്‍ സമൂഹത്തെ നിര്‍ണയിക്കുന്നവരും മാറ്റിത്തീര്ക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ സര്‍ഗപ്രക്രിയയ്ക്ക് കൂടുതല്‍ വിപുലമായ ആകാശം സമൂഹം ഒരുക്കിക്കൊടുക്കാറുണ്ട്. അവര്‍ ഇതിഹാസങ്ങള്‍ സൃഷ്ടിക്കും പുതിയ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കും. അതൊക്കെ വലിയ ഒരളവുവരെ സമൂഹത്തിനു സ്വീകാര്യമായിരിക്കും. അധികാര സ്ഥാനങ്ങള്‍ക്കുനേരെ വിരല്‍ ചൂണ്ടിയ കവികളെ പലപ്പോഴും രാജാക്കന്മാര് ശിക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. കാളിദാസകഥയില് രാജാവിന്റെ ഭാര്യയുടെ ചിത്രം വരച്ചപ്പോള്‍ കവി നടത്തിയ അഭിപ്രായ പ്രകടനത്തെപ്പോലും രാജാവ് കുറച്ചൊക്കെ സഹിഷ്ണുതയോടെ കണ്ടത് കവികളുടെ ക്രാന്തദര്‍ശിത്വം സമൂഹത്തിനു മുതല്‍ക്കൂട്ടാണ് എന്ന് കരുതിയതിനാലാവാം.
പ്രഭാവര്‍മ്മ എന്ന കവി അദ്ദേഹത്തിന്റെ ശ്യാമമാധവത്തിലൂടെ പുതുതായി രണ്ട് കാര്യങ്ങളേ മുന്നോട്ടുവയ്ക്കുന്നുള്ളൂ. അവ താഴെപ്പറയുന്ന വരികളിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. ഒന്നാമത്തേത് ”ഉറ്റചങ്ങാതിമാരാം പഞ്ചപാണ്ഡവര്‍ ചെറ്റുമറിയാതെ പാഞ്ചാലിയോടു ഞാന്‍ ഉള്ളത്തിലെന്നോ കുറിച്ചോരു ബന്ധുര ബാന്ധവമാമതിന്നുള്ളോരു കാരണം” എന്നതാണ്. ഈ വരികളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന നിഗൂഢമായ ‘ബന്ധുര ബന്ധം’ പുരാണത്തിന്റെയോ ഇതിഹാസത്തിന്റെയോ പിന്തുണയുള്ളതല്ല. കവിയുടെ വന്യഭാവന രൂപപ്പെടുത്തിയെടുത്തതാണ്. ഇതിഹാസത്തിന്റെ ഏതെങ്കിലും ഭാഗത്ത് പാഞ്ചാലി കൃഷ്ണനെ കാമിക്കുന്നുവെന്ന സൂചനയുളളതായി അറിയില്ല. കൃഷ്ണനും കൃഷ്ണയും തമ്മിലുള്ള ബന്ധം സോദരീ സോദര ഭാവേനയോ ഭക്തയും ഈശ്വരനും തമ്മിലുള്ളതോ ആകാം. എന്നാല്‍ അതിനു കാമുകീ കാമുക ഭാവം ഉള്ളതായി ഇതിഹാസം ഒരു സൂചനയും നല്‍കുന്നില്ല. കവിക്ക് അത്രമാത്രം സ്വാതന്ത്ര്യം തന്റെ ഭാവനയ്ക്ക് നല്കാന് അവകാശമുണ്ടോ? കൃഷ്ണന് വെറും കഥാപാത്രം മാത്രമല്ല. ഈശ്വരാവതാരമായി കരുതപ്പെടുന്ന വ്യക്തിയും കൂടിയാണ്. വെറും കഥാപാത്രം മാത്രമാണെങ്കില്‍ പോലും ഇതിഹാസത്തെ തിരുത്തിയെഴുതാന്‍ കവിക്ക് അവകാശമുണ്ടോ? ഇതിഹാസത്തില്‍ ഉള്ള സൂചനകളെ വികസിപ്പിക്കുകയോ ഒരളവുവരെ വിമര്‍ശിക്കുകയോ ആകാം. എന്നാല്‍ ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് പ്രഖ്യാപിച്ച് വിമര്‍ശിക്കാന്‍ കവിക്ക് സ്വാതന്ത്ര്യമുണ്ടോ?
കവി പുതുതായി കണ്ടെത്തുന്ന അടുത്ത കാര്യം:
”യുദ്ധമൊഴിവാക്കുവാനല്ല യുദ്ധത്തിനെത്രയു
മാക്കമേറ്റീടുവാനുള്ളൊരു മാര്‍ഗ്ഗമായ്
ദൂതിനെ മാറ്റിനേന്, ആയതിന്നേതുമേ
കാണ്മീല മറ്റൊരു കാരണം”
ഈ വരികളില്‍ പ്രകടമാകുന്നത് കൃഷ്ണ ദൂത് യുദ്ധമുണ്ടാക്കുവാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമായിരുന്നു എന്നാണ്. ഈ കണ്ടെത്തലും ഇതിഹാസ സാഹചര്യങ്ങള്ക്കിണങ്ങുന്നതാണെന്നു തോന്നുന്നില്ല. അധര്‍മ്മികളെ വധിക്കാന്‍ (വിനാശായ ചദുഷ്കൃതാം) നിയോഗിക്കപ്പെട്ടവനാണ് കൃഷ്ണാവതാരം. അത് അധര്‍മ്മികളെ മാത്രമാണ്. ദുര്യോധനാദികള്‍ പൊതുവെ അധര്‍മ്മികളാണ്. എന്നാലവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കുന്നതാണ് ഭഗവദ്ദൂത്.
ദൂതില്‍ അഞ്ചു ദേശം, നഗരം, ഗ്രാമം, അഞ്ചുഭവനം, ഒടുവില്‍ ഒരു ഭവനം എന്നുവരെ കൃഷ്ണന് യാചിക്കുന്നുണ്ട്. അതിനൊന്നും വഴങ്ങാതെ ശൗരിയെ ആക്ഷേപിച്ചയയ്ക്കുകയാണ് ദുര്യോധനന് ചെയ്യുന്നത്. വിദുരരോടൊപ്പം താമസിക്കുന്ന ഗോപാലനെ
”ക്ഷത്താവുതന് വീട്ടിലത്താഴമുണ്മാന്
ചിത്തത്തിലക്കൂറകത്തുണ്ടു പണ്ടേ”
എന്നിങ്ങനെ ആക്ഷേപിച്ചയയ്ക്കുന്നു. ഇത്രയും തിന്മ പ്രകടമാക്കുന്ന ദുര്യോധനനും കൂട്ടുകാരും ക്ഷമയര്‍ഹിക്കാത്ത അധര്‍മ്മികളാണെന്നും സ്ഥാപിക്കപ്പെടുന്നു. പിന്നെ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗമില്ലല്ലോ! അധര്മികളാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന അവരെ വധിക്കുകയേ മാര്‍ഗ്ഗമുള്ളൂ എന്ന് കൃഷ്ണപരമാത്മാവിനു മാത്രമല്ല; സുയോധനന്റെ സ്വന്തം മാതാവായ ഗാന്ധാരിക്കു കൂടി അറിയാം. അതാണല്ലോ ‘വിജയീ ഭവ’ എന്ന് അനുഗ്രഹിക്കാതെ ‘യതോ ധര്‍മ്മ സ്തതോ ജയ’ എന്നു മാത്രം പറഞ്ഞ് അവര്‍ മകനെ യാത്രയാക്കുന്നത്.
ഇതാണു സ്ഥിതിയെന്നിരിക്കെ യുദ്ധാസക്തനാണ് കൃഷ്ണന് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതൊരു പാപകര്മമല്ലേ? ആ പാപകര്മമാണ് ‘ശ്യാമമാധവ’ത്തിലൂടെ കവി ചെയ്യുന്നത്. പാഞ്ചാലിയുടെ മുകളില്‍ വച്ചുകെട്ടുന്ന പരപുരുഷ പ്രണയവും ശ്രീകൃഷ്ണനു മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന യുദ്ധഭ്രാന്തും കവിയുടെ ഭാവനയുടെ വന്യസഞ്ചാരങ്ങളാണ്. ഇതു രണ്ടുമാണ് കവിയുടെ സ്വന്തം സംഭാവനകളായി കവിതയിലുള്ളത്. മറ്റുള്ളതെല്ലാം മുന്‍കാല കവികളോ നോവലിസ്റ്റുകളോ പറഞ്ഞുവച്ചവ തന്നെയാണ്. അതിന് ഈ കവിയെ പഴിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.
കവിതയുടെ പ്രാരംഭം പാപഭാരത്താല്‍ ഖിന്നനായ കൃഷ്ണന് വേടന്റെ അമ്പില്‍ പിടയുന്നതില്‍ നിന്നാണ്. കൃഷ്ണന് അസ്വസ്ഥനും ജന്മനാശം വരാന്‍ പോകുന്നുവെന്ന അറിവിനാല്‍ ഒരു പരിധിവരെ ഖിന്നനും ആയിരുന്നുവെന്ന് കവി പറയുന്നതിനെ അതിശയോക്തിയായി കാണേണ്ടതില്ല. അവതാര പുരുഷനാണെങ്കിലും മനുഷ്യസഹജമായ എല്ലാ ദുഃഖക്ലേശങ്ങളും അനുഭവിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതു മനുഷ്യാവതാരം സ്വീകരിച്ചാല്‍ ഒഴിവാക്കാന്‍ ആകാത്തതാണെന്ന് രാമാവതാരത്തില്ത്തന്നെ പറയുന്നുണ്ട്. വാത്മീകി രാമായണത്തില്‍ ‘ഞാന്‍ എന്നെ ദശരഥന്റെ മകനായ മനുഷ്യനായി കരുതുന്നു. അങ്ങനെയല്ലെങ്കില്‍ ഞാന്‍ ആരാണ് എവിടെ നിന്നു വന്നു എന്നു ദയവായി പറഞ്ഞുതരുക’ എന്ന് അന്ധാളിച്ചു നില്ക്കുന്ന, വെറും മനുഷ്യനെന്നു സ്വയം കരുതുന്ന രാമനെ വാത്മീകി അവതരിപ്പിക്കുന്നുണ്ട്. അതിനു മറുപടിയായി ബ്രഹ്മാവ് 20 ശ്ലോകങ്ങളിലൂടെ രാമന്റെ ദിവ്യത്വം രാമനെത്തന്നെ ബോധ്യപ്പെടുത്തുന്നുണ്ട് (യുദ്ധകാണ്ഡത്തിന്റെ അവസാന ഭാഗത്ത്).
മനുഷ്യസഹജമായ ദൗര്‍ബല്യങ്ങള്‍ രാമനെപ്പോലെ കൃഷ്ണനും ബാധകമാണ്. പക്ഷെ ഇതിഹാസത്തിലെ കൃഷ്ണന് പാപബോധത്താല്‍ പരവശനല്ല. കസാന്ദ്സാക്കിസിന്റെ ക്രിസ്തു അനുഭവിക്കുന്ന അന്ത്യ പ്രലോഭനത്തെ കൃഷ്ണനു മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇവിടെ കവി ചെയ്യുന്നത്. കൃഷ്ണന് പാപബോധ പരവശനായാല്‍ സനാതന ധര്‍മ്മത്തിന്റെ ധര്‍മ വ്യവസ്ഥയാകെ അപ്രസക്തമാകും. യുദ്ധവിമുഖനായ അര്‍ജുനനെ ധര്‍മോപദേശത്തില്‍ കര്മോദ്യുക്തനാക്കിയപ്പോഴാണല്ലോ പില്ക്കാല സമൂഹത്തിന് മുഴുവന്‍ വെളിച്ചമായി മാറിയ ഗീതോപദേശത്തിനു വഴിവച്ചത്. കൃഷ്ണ ജന്മത്തിന്റെ ഏറ്റവും വലിയ സംഭാവനയും ഉദ്ദേശ്യവും അതാണ്. അതിനെ പാപകര്‍മമായി കാണുന്ന കവിഭാവന അപഥസഞ്ചാരം നടത്തുന്നതാണെന്നേ പറയാനാവൂ. സ്ത്രീ പരിത്യാഗത്താല്‍ ഖിന്നനും പാപപരവശനുമായ രാമനെയാണ് രാമായണാന്ത്യത്തില്‍ നമ്മള് കാണുന്നത്. എന്നാല്‍ ഗാന്ധാരിയുടെ ശാപത്തെപ്പോലും ചിരിച്ചുകൊണ്ട് സ്വീകരിക്കുകയും തന്റെ ജന്മോദ്ദേശ്യം പൂര്‍ത്തീകരിച്ചു എന്ന് കൃതാര്‍ത്ഥനായി മരണത്തെ വരിക്കാന്‍ തയ്യാറായി നില്ക്കുന്ന കൃഷ്ണന് മനുഷ്യസഹജമായ അസ്വസ്ഥതയുണ്ടെങ്കിലും ഈശ്വരോചിതമായ നിര്മമത്വമുണ്ട്. പാപബോധത്താല്‍ പരിക്ഷീണമായ ഒരാത്മാവല്ല കൃഷ്ണന്റേത്. അവിടെ കവി പരകൃതിയുടെ പ്രേരണയില്‍ അബദ്ധയാനം നടത്തുകയാണ്. ക്രിസ്തുമാര്‍ഗ്ഗമല്ല കൃഷ്ണന്റേത്. ക്രിസ്തുസങ്കല്പത്തിന് കൃഷ്ണനുമായി പല സാദൃശ്യങ്ങളുണ്ടെങ്കിലും മനുഷ്യകുലമാകെ പാപബോധത്തില്പ്പെട്ടുഴലുന്നുവെന്ന ക്രൈസ്തവ ദര്‍ശനം പ്രസാദാത്മകമായ സനാതന ദര്‍ശനത്തിന് നേര്‍വിപരീത ദിശയിലാണ് നിലകൊള്ളുന്നത്.
കൃഷ്ണ-രാധാദ്വന്ദം ധാരളം കവികളെ ഉത്തേജിപ്പിച്ചതുപോലെ പ്രഭാവര്‍മ്മയേയും സ്വാധീനിക്കുന്നുണ്ട് ഈ കൃതിയില്‍. ‘ഗീതഗോവിന്ദം’ മുതല്‍ സുഗതകുമാരിയുടെ ‘കൃഷ്ണാ നീയെന്നെയറിയില്ല’, കടമ്മനിട്ടയുടെ ‘പരാതി’, അയ്യപ്പപ്പണിക്കരുടെ ‘ഗോപികാ ദണ്ഡകം’ തുടങ്ങിയവ വരെ എത്തി നില്ക്കുന്ന ആ സങ്കല്‍പ്പം ഇതിഹാസത്തില്‍ നിന്ന് കവികള്‍ സ്വീകരിച്ചതല്ല. മഹാഭാരതം, ഭാഗവതം എന്നിവയിലൊന്നും കൃഷ്ണന്റെ പ്രണയിനിയായ രാധയില്ല. ഗോപ സ്ത്രീകളില്‍ ഒരാളായി മാത്രമേ രാധ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. ഹരിവംശത്തിലെ കഥയെ ജയദേവന് വികസിപ്പിച്ചതാണ് ഇന്നത്തെ രാധാകൃഷ്ണ സങ്കല്‍പത്തിനടിസ്ഥാനം. ജീവാത്മാ-പരമാത്മ ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു രൂപകമാക്കി പില്ക്കാല എഴുത്തുകാര്‍ ആ സങ്കല്പത്തെ വികസിപ്പിച്ചു. അതുതന്നെ പ്രഭാവര്‍മ്മ സ്വീകരിക്കുന്നു. അതിലൊന്നും കവിയുടെതായ സംഭാവനയൊന്നുമില്ല.
ഇതിഹാസ കഥയായ രണ്ടാമൂഴത്തിലൂടെ എംടിയും ‘ഇനി ഞാനുറങ്ങട്ടെ’യിലൂടെ പി.കെ. ബാലകൃഷ്ണനും സമീപിച്ച രീതിയെ കവിതയിലൂടെ പുനരാവിഷ്കരിക്കാനാണ് ‘ശ്യാമമാധവ’ത്തിന്റെ കവിയും ശ്രമിക്കുന്നത്. രണ്ടാമൂഴത്തില്‍ യുധിഷ്ഠിരനെ വിദുരരുടെ മകനാക്കിയ, ഭീമനെ കാട്ടാളപുത്രനാക്കിയ യദുവംശ ജാതനായ കറുമ്പനായ ശ്രീകൃഷ്ണനെ വെളുപ്പിച്ച് സവര്ണനാക്കിയ (കൃഷ്ണനെണന്ന വാക്കിന്റെയര്ത്ഥംതന്നെ കറുമ്പന് എന്നാണല്ലോ) എംടിയുടെ രചനാ തന്ത്രങ്ങള്‍ തന്നെയാണ് പ്രഭാവര്‍മ്മയെയും സ്വാധീനിച്ചത്.
പ്രഭാവര്‍മ്മയെന്ന കവിയുടെ സര്‍ഗ്ഗസ്വാതന്ത്ര്യം ഒരുകൂട്ടം മനുഷ്യരെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ശ്യാമമാധവം പുറത്തിറക്കിയപ്പോള്‍ ആരും പ്രതിഷേധിക്കാനൊന്നും മുതിരുകയുണ്ടായില്ല. പക്ഷെ കൃഷ്ണഭക്തി ജീവിതവ്രതമാക്കിയ ”സാംഖ്യശാസ്ത്രങ്ങള് യോഗങ്ങള്‍ എന്നിവ സംഖ്യയില്ലതു നില്ക്കട്ടെ സര്‍വ്വവും” എന്നിങ്ങനെ എല്ലാത്തരം വിഭക്തിയെയും ഭക്തിക്കുവേണ്ടി മാറ്റിവച്ച മഹാത്മാവിന്റെ പേരില്‍ ഭക്തരുടേതെന്നു വിശ്വസിക്കപ്പെടുന്ന ദേവസ്വം ബോര്‍ഡ് കൊടുക്കുന്ന പുരസ്കാരം വിശ്വാസവിരുദ്ധമായ വിലയിരുത്തലുകളുള്ള ഒരു കൃതിക്കു നല്കുന്നതിലുള്ള അഭംഗി ചൂണ്ടിക്കാണിക്കപ്പെടേണ്ടതല്ലേ! (ദേവസ്വം ബോര്‍ഡ് ഒരുകൂട്ടം രാഷ്ട്രീയക്കാരെയല്ലാതെ ഭക്തരെ ഒരു കാലത്തും പ്രതിനിധീകരിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല.)
പാരമ്പര്യ നിഷ്ഠമായ രചനാരീതികളെ പിന്പറ്റുന്നുവെന്നത് ഈ കവിതയുടെ മെച്ചമോ ദോഷമോ എന്ന് വിലയിരുത്താന്‍ ഞാന്‍ മറ്റു കവികളോടും നിരൂപകരോടും ആവശ്യപ്പെടുന്നു. മലയാളത്തില്‍ അത് ശക്തമായ സംവാദമായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്.
ഒട്ടുമിക്ക രാജ്യങ്ങളിലും എഴുത്ത് പരമ്പരാഗത വൃത്തത്തെ തിരസ്കരിച്ചെങ്കിലും മലയാളത്തില്‍നിന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കൃതികളെല്ലാംതന്നെ; എസ്. രമേശന്‍നായര്‍, വി. മധുസൂദനന് നായര്‍, അക്കിത്തം, പ്രഭാവര്‍മ്മ എല്ലാവരും പദ്യപക്ഷതു നില്‍ക്കുന്നവരാണ്. രചനയെ സംബന്ധിച്ചിടത്തോളം ഈ പാരമ്പര്യ വഴി അപ്പടി പിന്തുടരണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ഇനിയും ചര്‍ച്ചകള്‍ ഉണ്ടാകട്ടെ.
രചനയുടെ പരമ്പരാഗത വഴിയായ വൃത്തത്തെ പിന്തുടരുന്നുെവന്നതു മാത്രമാണ് ശ്യാമമാധവത്തിന്റെ കരുത്ത് എന്നു വേണമെങ്കില്‍ പറയാം. മറ്റുള്ളതൊക്കെ പൂര്‍വ്വസൂരികള്‍ പറഞ്ഞുവച്ചതുതന്നെ. കൃഷ്ണ-രാധ സംഘര്‍ഷവും കര്‍ണന്റെ ജന്മപാ
തിത്വവുമൊക്കെ പലരും പറഞ്ഞുവച്ച കാര്യങ്ങളാണ്. കുട്ടികൃഷ്ണമാരാരും എംടിയും ഒക്കെ കര്‍ണനെ താഴ്ന്നജാതിക്കാരനാക്കി പക്ഷം പിടിച്ചവരാണ്. സൂതന്മാര് ശൂദ്രന്മാര്‍ക്കു ബ്രാഹ്മണ സ്ത്രീകളിലുണ്ടാകുന്ന മക്കളാണെന്നാണു സ്മൃതികള്‍ പറയുന്നത്. കര്‍ണന്റെ കൂട്ടാളിയായതിനാല്‍ ദുര്യോധനന്റെ തിന്മയെല്ലാം നന്മയാക്കി അവര്‍ അവതരിപ്പിച്ചു. എന്നാല്‍ ശൂദ്രനായ വിദുരര്‍ എന്നും പാണ്ഡവ പക്ഷത്തായിരുന്നുവെന്നും ധൃതരാഷ്ട്രരുടെ വൈശ്യപുത്രനായ യുയുത്സു യുദ്ധത്തില്‍ പാണ്ഡവരോടൊപ്പമായിരുന്നുവെന്നതും സൗകര്യപൂര്‍വ്വം അവര്‍ മറച്ചുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: