ബൃഹദാരണ്യകം, ഛാന്ദോഗ്യം, കഠം, കൗശീതകീ, മുണ്ഡകം, മൈത്രീ എന്നീ ഉപനിഷത്തുകളില്‍ ഹൃദയം നിരവധി നാഡികളുടെ പ്രഭവസ്ഥാനമാണ് എന്നു പറയുന്നു. ശങ്കരാചാര്യര്‍ ഹൃദയത്തില്‍നിന്നും ഹിതാ എന്നു പേരുള്ള 272000 നാഡികള്‍ പുറപ്പെടുന്നു (ബൃഹ് 2. 1. 19) എന്നു പറയുന്നു. സുഷുപ്തികാലത്ത് ജീവാത്മാവ് പുരീതത്തില്‍ (ഹൃദയാവരണം) കുടികൊള്ളുന്നു എന്ന കല്പനയും ഇവിടെ ശ്രദ്ധേയമാണ്. ബുദ്ധി ഹൃദയത്തിലിരുന്നാണത്രേ ഈ ഹിതാനാഡികള് വഴി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത്.
ആയുര്‍വേദമനുസരിച്ച് രോഗകാരണങ്ങള്‍ മൂന്നാണ്. കാലം, ബുദ്ധി, ഇന്ദ്രിയാര്ത്ഥോപഭോഗം എന്നിവയുടെ അതിയോഗം, അയോഗം, മിഥ്യായോഗം എന്നിവയാണവ(കാലബുദ്ധീന്ദ്രിയാര്‍ത്ഥാനാം ടോഗോ മിഥ്യാ ന ചാതി ച. ദ്വയാശ്രയാണാം വ്യാധീനാം ത്രിവിധോ ഹേതുസംഗ്രഹഃ ചരകസംഹിതാ 1. 1. 53). അത്യുഷ്ണം, അതിശൈത്യം തുടങ്ങിയ കാലാവസ്ഥയിലെ വലിയ മാറ്റങ്ങള്‍ രോഗകാരണമാകും.
ഇന്ദ്രിയങ്ങളുടെ ദുരുപയോഗം ആണ് മറ്റൊരു കാരണം. ഇന്ദ്രിയങ്ങള്‍ വഴിയുള്ള അര്ത്ഥോപഭോഗം കൂടിയാലും കുറഞ്ഞാലും തീരെ ഇല്ലാതായാലും രോഗം വരും. വേണ്ട സമയത്ത് വേണ്ടതു ചിന്തിച്ചു പ്രവര്‍ത്തിക്കുക എന്നതിനടിസ്ഥാനം ബുദ്ധി അഥവാ പ്രജ്ഞ ആണ്. ഈ ബുദ്ധിയുടെ തെറ്റായ ഉപയോഗമാണ് അപഥസഞ്ചാരത്തിനും അതുവഴി രോഗമുണ്ടാകാനും പ്രധാനകാരണം. തന്മൂലം പ്രജ്ഞാപരാധത്തെയാണ് രോഗത്തിന്റെ പ്രധാനഹേതുവായി ആയുര്‍വേദം കാണുന്നത്. സദാചാരപാലനം ആണ് ആരോഗ്യം നിലനിര്‍ത്താനും രോഗനിവാരണത്തിനും ഉള്ള ഏറ്റവും വലിയ രസായനൗഷധം ആയി ആയുര്‍വേദം അനുശാസിക്കുന്നു. ചരകസംഹിതയിലും മറ്റ് ആയുര്വേദസാഹിത്യങ്ങളിലും ഇതിനെ വിശദമായി ഉപദേശിക്കുന്നതു കാണാം.
ഇവിടെ ചരകാചാര്യര്‍ മുന്നോട്ടുവെക്കുന്ന തനതു കര്‍മ്മസിദ്ധാന്തം അറിയേണ്ടത് ആവശ്യമാണ്. ഇതരഹിന്ദുദര്‍ശനങ്ങളില്‍ പറയുന്ന കര്‍മ്മസിദ്ധാന്തത്തെ പൊതുവേ നാലായി തരം തിരിക്കാമെന്നു ദാസ്ഗുപ്ത പറയുന്നു. യോഗവാസിഷ്ഠം പോലുള്ള കടുത്ത ആദര്‍ശവാദം മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങള്‍ പൗരുഷവാദപരമാണ്. അതായത്് മനുഷ്യന് ഇച്ഛാശക്തിയാണ് ഏറ്റവും പ്രധാനം, മുജ്ജന്മകര്മ്മം, നിയതി, വിധി (തലേലെഴുത്ത്) എന്നിവയെ ദൃഢമായ ഇച്ഛാശക്തി കൊണ്ട് നിയന്ത്രിക്കാനോ മാറ്റാനോ കഴിയും എന്ന നിലപാടാണത്. ഇതനുസരിച്ച് ഭാവിയെ നമ്മുടെ അഷ്ചപ്രകാരം മാറ്റാന്‍ കഴിയും. രണ്ടാമത്തെ കാഴ്ച്ചപ്പാടനുസരിച്ച് ഈശ്വരനാണ് നമ്മുടെ എല്ലാ കര്‍മ്മങ്ങളുടെയും നിയന്താവ്, അദ്ദേഹത്തിനിഷ്ടപ്പെട്ടവരെ ഉദ്ധരിക്കാന്‍ അവരെ സത്കര്‍മ്മങ്ങളിലേക്കു നയിക്കുകയും അദ്ദേഹത്തിന് അനിഷ്ടമുള്ളവരെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യിച്ച് ദുഃഖദുരിതക്കയത്തിലാഴ്ത്തുകയും ചെയ്യുന്നു. മൂന്നാമത്തെ വീക്ഷമണമനുസരിച്ച് കര്‍മ്മങ്ങളുടെ എല്ലാം ഒരേ ഒരു ഉത്തരവാദി മനുഷ്യന് തന്നെയാണ്, നല്ലതു ചെയ്താല്‍ ഈശ്വരന് നല്ലതു വരുത്തും, ദുഷ്കര്‍മ്മം ചെയ്താല്‍ ദുരിതവും ഉണ്ടാക്കും. നാലാമത്തേത് പാതഞ്ജലയോഗസൂത്രത്തില്‍ വിസ്തരിക്കുന്നതാണ്. അതനുസരിച്ച് നമ്മുടെ കര്‍മ്മങ്ങള്‍ നമ്മുടെ ജന്മസാഹചര്യം, ആയുസ്സ്, സുഖദുഃഖാനുഭവങ്ങള്‍ എന്നിവയെ നിശ്ചയിക്കുന്നു. സാധാരണകാഴ്ച്ചപ്പാടനുസരിച്ച് കഴിഞ്ഞ ജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലം അതിനനുസൃതമായ അനുഭവം ഈ ജന്മത്തിലുണ്ടാകും. ഈ ജന്മത്തിലെ കര്‍മ്മഫലം വരുംജന്മത്തിലെ സുഖദുഃഖാനുഭവം, ആയുസ്സ് എന്നവയെ നിശ്ചയിക്കുന്നു. കര്‍മ്മങ്ങളുടെ ഗൗരവമനുസരിച്ച് ഈ ജന്മം തന്നെ നല്ലതോ ചീത്തയോ ആയ ചില ഫലങ്ങള്‍ ഈ ജന്മം തന്നെ അനുഭവിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: